ന്യൂജെഴ്‌സി: ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിന് അവസാന വിസിൽ മുഴങ്ങിയതിന് തൊട്ടുപിന്നാലെ ഗ്രൗണ്ടിൽ കയ്യാങ്കളിയും കൂട്ടയടിയും. ലോകചാമ്പ്യന്മാരായ അർജന്റീനയെ 1-0 ന് വീഴ്ത്തി സ്പെയിൻ കിരീടമുയർത്തിയതിന് പിന്നാലെയാണ് കളിക്കളത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അർജന്റീനയുടെ ലിയാൻഡ്രോ പരേഡസും സ്പാനിഷ് താരം എറിക് ഗാർസ്യയും തമ്മിലാണ് ആദ്യം അടിപിടിയുണ്ടായത്.
ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ പ്രകോപിതനായ പരേഡസ്, ഗാർസ്യയുടെ അടുത്തേക്ക് ഓടിയെത്തി കഴുത്തിൽ കുത്തിപ്പിടിക്കുകയായിരുന്നു. സംഘർഷം ആരംഭിച്ചതോടെ ബെഞ്ചിലുണ്ടായിരുന്ന സ്പാനിഷ് യുവതാരം ഗാവിയും എത്തി. എന്നാൽ ഗാവിയെ അർജന്റീന താരങ്ങൾ വലിച്ചിടുകയായിരുന്നു. കൂടുതൽ താരങ്ങൾ എത്തി സംഘർഷം വഷളായതോടെ അർജന്റീന പരിശീലകൻ ലയണൽ സ്കലോനിയും മറ്റുള്ളവരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ലിസാൻഡ്രോ മാർട്ടിനെസ് അടക്കമുള്ള താരങ്ങളും സ്പാനിഷ് താരങ്ങളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതിന് പിന്നാലെ റഫറി പരേഡസിന് റെഡ് കാർഡ് നൽകുകയും ചെയ്തു.
പരേഡസും ഗാർസ്യയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പുറമെ, അർജന്റീന താരം നിക്കോളാസ് ഒറ്റമെൻഡിയും സ്പെയിൻ ക്യാപ്റ്റൻ റോഡ്രിയും തമ്മിലും രൂക്ഷമായ തർക്കമുണ്ടായി. അർജന്റീനയ്ക്ക് ഫിഫയുടെയും റഫറിമാരുടെയും സഹായം ലഭിക്കുന്നുണ്ട് എന്ന് സ്പെയിൻ ഡിഫൻഡർ അയ്‌മെറിക് ലപോർട്ടെ ഫൈനലിന് മുൻപ് മാധ്യമങ്ങളോട് പറഞ്ഞതിനെച്ചൊല്ലിയായിരുന്നു ഒറ്റമെൻഡിയുടെ പ്രകോപനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘ഈ ആഴ്ച മുഴുവൻ നീ കരയുകയായിരുന്നില്ലേ, വിഡ്ഢീ. നീയും ലപോർട്ടും റഫറിമാരുടെ പേരും പറഞ്ഞ് കരയുകയായിരുന്നില്ലേ. അത് ശരിയല്ല കൂട്ടുകാരാ’ എന്ന് ഒറ്റമെൻഡി റോഡ്രിയോട് കയർക്കുന്നതിന്റെ ദൃശ്യങ്ങൾ അർജന്റീനിയൻ ടിവി ബ്രോഡ്‌കാസ്റ്റർമാർ പുറത്തുവിട്ടു. സ്പാനിഷ് സ്ട്രൈക്കർ മൈക്കൽ ഒയാർസബാൽ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.
മത്സരത്തിനിടയിലും അർജന്റീന താരങ്ങൾ നിരന്തരം സ്പെയിൻ താരങ്ങളെ പിടിച്ചുതള്ളുകയും ഫൗൾ ചെയ്യുകയും ചെയ്തിരുന്നു. 90-ാം മിനിറ്റിൽ സ്പാനിഷ് യുവതാരം പൗ ക്യൂബാർസിയെ അനാവശ്യമായി ഫൗൾ ചെയ്തതിന് എൻസോ ഫെർണാണ്ടസിനെ റഫറി സ്ലാവ്കോ വിൻചീച്ച് രണ്ടാമത്തെ മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകി പുറത്താക്കിയിരുന്നു. ഫൈനലിന് മുൻപ് സ്പാനിഷ് പത്രമായ 'മാർക്ക'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അർജന്റീന റഫറിമാരുടെ ആനുകൂല്യം പറ്റുന്നുണ്ടെന്നും, ഫൗളുകൾ ചെയ്യാൻ മടിക്കാത്ത ടീമാണെന്നും ലപോർട്ടെ വിമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.