ബോസ്നിയയെ സമനിലയിൽ തളച്ചു; കാനഡക്ക് ചരിത്രത്തിലെ ആദ്യ ലോകകപ്പ് പോയൻറ്

ടൊറന്റോ: ‘ചരിത്രം പിറക്കാൻ പോവുകയാണ്...’ കിക്ക് ഓഫിന് തൊട്ടുമുമ്പ് ഗാലറിയിലെ അനൗൺസറുടെ ആവേശം വാനോളമുയർന്ന വാക്കുകൾ വെറുതെയായില്ല. ഖത്തർ ലോകകപ്പിലെ എല്ലാ മത്സരങ്ങളും തോറ്റ് നിരാശപ്പെടുത്തിയ കാനഡക്ക്, സ്വന്തം മണ്ണിലെ ആദ്യ ലോകകപ്പ് പോരാട്ടത്തിൽ ചരിത്രത്തിലെ ആദ്യ പോയിൻറ്. ബോസ്നിയ ആൻഡ് ഹെർസഗോവിനക്കെതിരെ ഒന്നിനെതിരെ ഒരു ഗോളിനാണ് കാനഡ സമനില പിടിച്ചത്.

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു കാനഡയുടെ ഉജ്ജ്വല തിരിച്ചുവരവ്. 76-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങി, വെറും 121 സെക്കന്റുകൾക്കുള്ളിൽ കാനഡയുടെ സമനില ഗോൾ നേടിയ സെയിൽ ലാറിൻ ആണ് കനേഡിയൻ പടയുടെ രക്ഷകനായത്. പ്രീമിയർ ലീഗ് യോഗ്യത നേടാനാകാതെ പോയ സൗത്താംപ്ടൺ ക്ലബ്ബിലെ നിരാശയും, ഫസ്റ്റ് ഇലവനിൽ സ്ഥാനം ലഭിക്കാത്തതിന്റെ കലിപ്പും തീർക്കുന്നതായിരുന്നു ലാറിന്റെ വലങ്കാലൻ വോളി.

ആദ്യ പകുതിയിൽ ബോസ്നിയയാണ് കളിയിൽ മുന്നിലെത്തിയത്. 17ാം മിനിറ്റിൽ കാനഡയുടെ സൂപ്പർ താരം ജോനാഥൻ ഡേവിഡ് അവിശ്വസനീയമായ വിധം ഒരു സുവർണാവസരം നഷ്ടപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ബോസ്നിയയുടെ ഗോൾ. ഇവാൻ ബാസിച്ചിന്റെ കോർണർ കിക്ക് സെയാദ് കൊലാസിനാക് ഫ്ലിക്ക് ചെയ്തപ്പോൾ ഹെഡറിലൂടെ ജോവോ ലൂക്കിച്ച് പന്ത് വലയിലാക്കി. ലുക്കിച്ചിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ഇതോടെ കാനഡ പരിശീലകൻ ജെസ്സി മാർഷ് ടച്ച് ലൈനിൽ തലയിൽ കൈവെച്ചുപോയി.

രണ്ടാം പകുതിയിലും കാനഡ ആക്രമണം അഴിച്ചുവിട്ടു. കാനഡ താരം റിച്ചി ലാര്യെയുടെ ഗോൾ എന്നുറപ്പിച്ച ഷോട്ട് ബോസ്നിയൻ പ്രതിരോധ താരം കൊലസിനാക് അതിസാഹസികമായി തട്ടിയകറ്റിയത് ക്രോസ് ബാറിലിടിച്ചാണ് തെറിച്ചുപോയത്. എന്നാൽ പകരക്കാരനായെത്തിയ ലാറിൻ ഗോൾ മടക്കിയതോടെ കാനഡ സമനില പിടിച്ചുവാങ്ങുകയായിരുന്നു.

മത്സരത്തിന് മുന്നോടിയായി കാനഡയുടെ വ്യോമസേനയായ ‘സ്നോബേർഡ്സി​ന്റെ’ ഫ്ലൈപാസ്റ്റും പ്രശസ്ത ഗായകൻ മൈക്കൽ ബൂബ്ലെയുടെയും അലനിസ് മോറിസെറ്റിന്റെയും സംഗീത വിരുന്നും ഗാലറിയെ ഇളക്കിമറിച്ചു.

ഗാലറിയിൽ കാനഡയുടെ ചുവപ്പ് ജേഴ്‌സി അണിഞ്ഞ ആരാധകരുടെ വൻ കടൽ തന്നെയായിരുന്നു. പ്രശസ്ത ഹോളിവുഡ് താരം റയാൻ റെയ്നോൾഡ്സ്, പ്രശസ്ത ഐസ് ഹോക്കി താരം കോണർ മക്ഡേവിഡ് എന്നിവരും കളി കാണാനെത്തിയിരുന്നു.

Tags:    
News Summary - Canada Secures First Ever World Cup Point with 1-1 Draw Against Bosnia, Larin Hero

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.