തോൽക്കാതെ ഈജിപ്ത്; തോൽപ്പിക്കാൻ സോക്കറൂസ്

ഡാളസ്: ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു നോക്കൗട്ട് മത്സരം വിജയിച്ച് പുതിയ ചരിത്രം കുറിക്കാനൊരുങ്ങി ആസ്ട്രേലിയ. ഡാളസ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടക്കുന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ കരുത്തരായ ഈജിപ്താണ് ഓസ്ട്രേലിയയുടെ എതിരാളികൾ. ഇതിനുമുമ്പ് രണ്ട് തവണ ഗ്രൂപ്പ് ഘട്ടം കടന്നിട്ടുണ്ടെങ്കിലും നോക്കൗട്ടിൽ വിജയിക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടില്ല. 2006-ൽ ഇറ്റലിയോടും 2022-ൽ അർജന്റീനയോടും പൊരുതിയാണ് സോക്കറൂസ് കീഴടങ്ങിയത്.

മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ചരിത്രം തിരുത്താൻ ടീമിന് സാധിക്കുമെന്ന് ഓസ്ട്രേലിയൻ കോച്ച് ടോണി പോപോവിച്ച് പ്രത്യാശ പ്രകടിപ്പിച്ചു. കളിക്കാർ മാനസികമായി മികച്ച നിലയിലാണെന്നും മുൻകാല ചരിത്രത്തെക്കുറിച്ച് ആലോചിച്ച് സമ്മർദ്ദത്തിലാകാതെ നിലവിലെ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടീം ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രെസ് കോൺഫറൻസിൽ വ്യക്തമാക്കി. പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്ത മാറ്റ് ലെക്കിയും ജേക്കബ് ഇറ്റാലിയാനോയും ഒഴികെ ടീമിലെ മറ്റെല്ലാ കളിക്കാരും പൂർണ്ണ ഫിറ്റാണെന്നും കോച്ച് കൂട്ടിച്ചേർത്തു.

അതേസമയം, ഈജിപ്ത് നിരയിൽ സൂപ്പർ താരം മുഹമ്മദ് സലാഹ് ആദ്യ ഇലവനിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇറാഹനെതിരായ മത്സരത്തിനിടെ ഹാംസ്ട്രിങ് പരിക്കേറ്റ 34-കാരനായ സലാ ബുധനാഴ്ച പരിശീലനത്തിൽ പങ്കെടുത്തുവെങ്കിലും പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. സലാ നൂറ് ശതമാനം ഫിറ്റാണെന്ന് ഉറപ്പാക്കാതെ അദ്ദേഹത്തെ ആദ്യ ഇലവനിൽ ഇറക്കി റിസ്ക് എടുക്കാൻ തയ്യാറല്ലെന്ന് ഈജിപ്ത് കോച്ച് ഹൊസാം ഹസ്സൻ വ്യക്തമാക്കി.

ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലാൻഡിനെ തോൽപ്പിക്കുകയും ബെൽജിയം, ഇറാൻ എന്നിവരുമായി സമനില വഴങ്ങുകയും ചെയ്ത ഈജിപ്ത് ഇതുവരെ ടൂർണമെന്റിൽ പരാജയം അറിഞ്ഞിട്ടില്ല. രണ്ട് ടീമുകളും തങ്ങളുടെ ചരിത്രത്തിലെ ആദ്യ നോക്കൗട്ട് വിജയത്തിനായി പോരാടുമ്പോൾ ഡാളസിൽ കടുത്ത പോരാട്ടമാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Australia and Egypt Clash in Dallas, Both Eyeing a Historic World Cup Knockout Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.