അക്വാൻ' ചുഴലിക്കാറ്റ് കരുത്താർജിക്കുന്നു; 20ന് ആന്ധ്രാതീരം തൊടും: തെലങ്കാനയിലും ഒഡീഷയിലും ജാഗ്രത
വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'അക്വാൻ' ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. തെക്ക്-മധ്യ ബംഗാൾ ഉൾക്കടലിലും പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിലും ബുധനാഴ്ച രാവിലെ 'അക്വാൻ' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 20 ഉച്ചയോടെ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയിലുള്ള വടക്കൻ ആന്ധ്രാപ്രദേശ്-യാനം, തെക്കൻ ഒഡീഷ തീരങ്ങളിൽ ഈ അതിതീവ്ര ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയുണ്ടെന്നും ഐ.എം.ഡി കൂട്ടിച്ചേർത്തു. മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗതയിലും, ചില അവസരങ്ങളിൽ 120 കിലോമീറ്റർ വരെ വേഗതയിലും വീശിയടിക്കുന്ന കാറ്റോടെയായിരിക്കും അതിതീവ്ര ചുഴലിക്കാറ്റ് കരതൊടാൻ സാധ്യത. നവംബർ 20 വെള്ളിയാഴ്ച ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രയ്ക്ക് പുറമെ തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്.
ചുഴലിക്കാറ്റിന്റെ മുൻകരുതൽ നടപടികളുടെ ഭാഗമായി ഒഴിപ്പിക്കലിനും തയ്യാറെടുപ്പുകൾ ശക്തമാക്കുന്നതിനുമായി ഒഡീഷയിലെ രായഗഡ ജില്ലാ ഭരണകൂടം മണ്ണിടിച്ചിൽ സാധ്യതയുള്ള 55-ഓളം ഗ്രാമങ്ങൾ കണ്ടെത്തിയതായി ജില്ലാ കളക്ടർ അശുതോഷ് കുൽക്കർണി അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി നവംബർ 19, 20 തീയതികളിൽ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും അങ്കണവാടി കേന്ദ്രങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി മൽക്കാൻഗിരി ജില്ലാ ഭരണകൂടം അറിയിച്ചു.
തെക്കുകിഴക്കൻ അറബിക്കടലിലും സമീപ തെക്കൻ ലക്ഷദ്വീപ് മേഖലയിലുമായി അന്തരീക്ഷ ചക്രവാതച്ചുഴി തുടരുന്നുണ്ട്. നവംബർ 18 - 22 വരെയുള്ള തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ അക്വാൻ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ 21-ാം തീയതി വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.