പ്രതീകാത്മക ചിത്രം

2027 മാർച്ച് വരെ ശക്തമായ എൽ നിനോ; 1950ന് ശേഷമുള്ള ഏറ്റവും തീവ്രമായ പ്രതിഭാസമാകുമെന്ന് എൻ‌.ഒ‌.എ‌.എ

ന്യൂഡൽഹി: ലോകത്തെ ആശങ്കയിലാഴ്ത്തി എൽ നിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നു. 2027 മാർച്ച് വരെ ശക്തമായതോ അതിശക്തമായതോ ആയ നിലയിൽ എൽ നിനോ തുടരുമെന്ന് അമേരിക്കൻ ദേശീയ സമുദ്ര-അന്തരീക്ഷ ഭരണകൂടമായ (എൻ‌.ഒ‌.എ‌.എ) മുന്നറിയിപ്പ് നൽകി. 1950ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസമായി ഇത് മാറിയേക്കുമെന്നും സംഘടന വ്യക്തമാക്കി.

ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനിലയിൽ അസാധാരണമായ വർധനയാണ് നിലവിൽ രേഖപ്പെടുത്തുന്നത്. മുൻകാലങ്ങളിലെ എല്ലാ റെക്കോഡുകളും മറികടക്കുന്ന തരത്തിൽ എൽ നിനോ ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തൽ. 2026 ഒക്ടോബർ-ഡിസംബർ, നവംബർ-2027 ജനുവരി കാലയളവുകളിൽ ചരിത്രത്തിലെ ഏറ്റവും ശക്തമായ എൽ നിനോ രൂപപ്പെടാനുള്ള സാധ്യത 60 ശതമാനമാണെന്നും എൻ‌.ഒ‌.എ‌.എ അറിയിച്ചു.

ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ജലത്തിന് അസാധാരണമായ ചൂട് അനുഭവപ്പെടുന്ന സ്വാഭാവിക കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. ആഗോളതലത്തിൽ മഴയുടെ വിതരണക്രമത്തിൽ മാറ്റമുണ്ടാക്കാനും അന്തരീക്ഷ താപനില ഉയർത്താനും ഇതിന് കഴിയും. വിവിധ പ്രദേശങ്ങളിൽ വരൾച്ച, വെള്ളപ്പൊക്കം, കാട്ടുതീ തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ സാഹചര്യങ്ങൾക്കും എൽ നിനോ കാരണമാകാറുണ്ട്.

എൽ നിനോ-സതേൺ ഓസിലേഷൻ (എൻസോ) എന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ മൂന്ന് ഘട്ടങ്ങളിൽ ഒന്നാണ് എൽ നിനോ. എൻസോ ന്യൂട്രൽ, ലാ നിന (തണുത്ത ഘട്ടം) എന്നിവയാണ് മറ്റ് രണ്ട് ഘട്ടങ്ങൾ. റീജിയണൽ ഓഷ്യൻ നിനോ ഇൻഡക്സ് (ആർ.ഒ.എൻ.ഐ) അടിസ്ഥാനമാക്കിയാണ് എൻസോയുടെ ഘട്ടം നിർണയിക്കുന്നത്. നിനോ 3.4 മേഖലയിൽ രേഖപ്പെടുത്തുന്ന സമുദ്രോപരിതല താപനിലയാണ് ഇതിനായി പരിഗണിക്കുന്നത്. മൂന്ന് മാസത്തെ ശരാശരി താപനില സാധാരണയേക്കാൾ 0.5 ഡിഗ്രി സെൽഷ്യസിൽ കൂടുതലായാൽ എൽ നിനോ പ്രതിഭാസമായി കണക്കാക്കും.

സമുദ്രോപരിതല താപനില സാധാരണയേക്കാൾ 2.5 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ഉയരുന്ന സാഹചര്യമുണ്ടാകുമെന്നാണ് എൻ‌.ഒ‌.എ‌.എയുടെ വിലയിരുത്തൽ. ഒക്ടോബർ മുതൽ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ സമുദ്രോപരിതല താപനില സാധാരണയേക്കാൾ നാല് ഡിഗ്രി സെൽഷ്യസിലധികം ഉയർന്നിട്ടുണ്ട്. 1950കളിൽ വിവരശേഖരണം ആരംഭിച്ചതിനുശേഷം ഇത്തരമൊരു താപനില വർധന ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.

ഈ വർഷം ഒക്ടോബറിൽ തന്നെ അസാധാരണമായ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ) മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ പുറത്തുവന്ന കണക്കുകൾ ഈ മുന്നറിയിപ്പ് ശരിവെക്കുന്നതാണ്. എൽ നിനോയുടെ തീവ്രത വർധിക്കുന്നത് വരും മാസങ്ങളിൽ ആഗോള കാലാവസ്ഥയിലും താപനിലയിലും വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Strong El Nino until March 2027; NOAA projects it to be the most intense phenomenon since 1950

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.