ഗ്രീൻലൻഡിൽ മഞ്ഞുപാളികൾക്കടിയിൽ മറഞ്ഞ സൈനിക താവളം; 4.16 ലക്ഷം വർഷം മുമ്പ് ഇവിടെ മഞ്ഞ് ഉണ്ടായിരുന്നില്ല!
ഗ്രീൻലൻഡ്: ശീതയുദ്ധകാലത്ത് അമേരിക്കൻ സൈന്യം നിർമിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത സൈനിക താവളം ഗ്രീൻലൻഡിന്റെ പുരാതന കാലാവസ്ഥയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നു. മഞ്ഞുപാളികൾക്കടിയിൽ മറഞ്ഞുകിടക്കുന്ന ക്യാമ്പ് സെഞ്ച്വറിയിൽനിന്ന് ശേഖരിച്ച മണ്ണിന്റെ സാമ്പിളുകൾ പരിശോധിച്ച ഗവേഷകർക്ക് 4.16 ലക്ഷം വർഷം മുമ്പ് ഈ പ്രദേശം മഞ്ഞുമുക്തമായിരുന്നുവെന്നതിന്റെ തെളിവുകൾ ലഭിച്ചു. അന്ന് വേനൽക്കാലത്തെ താപനില ഇന്നത്തേതിനേക്കാൾ ശരാശരി 4.7 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
1959ൽ അമേരിക്കൻ ആർമി കോർപ്സ് ഓഫ് എൻജിനീയേഴ്സാണ് ഗ്രീൻലൻഡിലെ മഞ്ഞുപാളികൾക്കടിയിൽ ക്യാമ്പ് സെഞ്ച്വറി നിർമിച്ചത്. സൈനിക പരീക്ഷണകേന്ദ്രമായും ഗവേഷണകേന്ദ്രമായും പ്രവർത്തിച്ചിരുന്ന ഇവിടെ മഞ്ഞിനടിയിൽ സൈനിക സംവിധാനങ്ങളും ബാലിസ്റ്റിക് മിസൈലുകളും പ്രവർത്തിപ്പിക്കാനുള്ള സാധ്യതയാണ് പരിശോധിച്ചത്. പോർട്ടബിൾ ആണവ ജനറേറ്ററിന്റെ സഹായത്തോടെയായിരുന്നു താവളത്തിന്റെ പ്രവർത്തനം. 85 മുതൽ 200 വരെ സൈനികർക്ക് താമസിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടായിരുന്നു.
അമേരിക്കയുടെ 'പ്രോജക്ട് ഐസ്വോം' എന്ന വലിയ പദ്ധതിയുടെ ഭാഗമായിരുന്നു ക്യാമ്പ് സെഞ്ച്വറി. എന്നാൽ പദ്ധതി പിന്നീട് ഉപേക്ഷിക്കപ്പെട്ടു. 1964ൽ മുഴുവൻ പ്രവർത്തനങ്ങളും അവസാനിപ്പിച്ചു. 1967ൽ താവളം പൂർണമായും ഉപേക്ഷിച്ചു. കാലക്രമേണ മഞ്ഞും മഞ്ഞുവീഴ്ചയും വർധിച്ചതോടെ സൈനികകേന്ദ്രം മഞ്ഞുപാളികൾക്കടിയിൽ മറയുകയായിരുന്നു.
ക്യാമ്പ് സെഞ്ച്വറിയിൽനിന്ന് ശേഖരിച്ച 3.44 മീറ്റർ നീളമുള്ള മണ്ണിന്റെ സാമ്പിളുകളാണ് പുതിയ പഠനത്തിന് ആധാരം. ഏകദേശം 4.16 ലക്ഷം വർഷം പഴക്കമുള്ള അവശിഷ്ടങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. 'മറൈൻ ഐസോടോപ്പ് സ്റ്റേജ് 11' എന്നറിയപ്പെടുന്ന കാലഘട്ടവുമായി ബന്ധപ്പെട്ടതാണ് ഈ സാമ്പിളുകൾ. ആഗോളതലത്തിൽ താരതമ്യേന ചൂടേറിയ കാലാവസ്ഥ നിലനിന്നിരുന്ന ഈ കാലഘട്ടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.
സാമ്പിളുകളിൽനിന്ന് സസ്യങ്ങളിൽനിന്നുള്ള മെഴുകുപദാർഥങ്ങളും ബാക്ടീരിയകളിൽ കാണപ്പെടുന്ന ബ്രാഞ്ച്ഡ് ജിഡിജിടി എന്ന ജൈവസംയുക്തങ്ങളും കണ്ടെത്തി. ഇത്തരം ജൈവസൂചകങ്ങൾ അവ രൂപപ്പെട്ട കാലത്തെ താപനിലയെയും ജലസ്രോതസ്സുകളെയും കുറിച്ചുള്ള വിവരങ്ങൾ സംരക്ഷിച്ചുവെക്കാറുണ്ട്. ഇവയുടെ ശാസ്ത്രീയ വിശകലനത്തിലൂടെയാണ് പുരാതന കാലാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ഗവേഷകർ പുനർനിർമിച്ചത്. 'ഹോളോസീൻ കാലഘട്ടത്തിന് സമാനമായ വേനൽക്കാല കാലാവസ്ഥ മറൈൻ ഐസോടോപ്പ് സ്റ്റേജ് 11ൽ വടക്കുപടിഞ്ഞാറൻ ഗ്രീൻലൻഡിൽ' എന്ന പഠനം 'ക്ലൈമറ്റ് ഓഫ് ദ പാസ്റ്റ്' ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
വടക്കുപടിഞ്ഞാറൻ ഗ്രീൻലൻഡിൽ പൂജ്യം ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില നിലനിന്നിരുന്ന മാസങ്ങളിലെ ശരാശരി ചൂട് ഇന്നത്തെ സാഹചര്യത്തേക്കാൾ 4.7 ± 3.2 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഗ്രീൻലൻഡിലെ ഹോളോസീൻ കാലഘട്ടത്തിലെ ഏറ്റവും ഉയർന്ന ചൂടിന് സമാനമോ അതിനേക്കാൾ അൽപം കൂടുതലോ ആയിരുന്നു അന്നത്തെ താപനില. എന്നാൽ ഇന്ന് ഈ പ്രദേശം ഏകദേശം 1,387 മീറ്റർ കനമുള്ള മഞ്ഞുപാളികൾക്കടിയിലാണ്. മണ്ണിന്റെ സാമ്പിളുകളിൽ സസ്യങ്ങളുടെയും ജലജീവികളുടെയും സാന്നിധ്യം കണ്ടെത്തിയത് അന്ന് ഇവിടെ മഞ്ഞുപാളികളില്ലായിരുന്നുവെന്നതിന്റെ തെളിവാണ്.
അന്നത്തെ അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ ഘടനയിലും വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ആധുനിക സാഹചര്യങ്ങളെ അപേക്ഷിച്ച് ജലബാഷ്പത്തിൽ ഡ്യൂട്ടീരിയത്തിന്റെ അളവ് കൂടുതലായിരുന്നു. സമീപപ്രദേശങ്ങളിൽനിന്നുള്ള ഈർപ്പത്തിന്റെ സംഭാവന അന്ന് വർധിച്ചിരുന്നുവെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
മഞ്ഞുമുക്തമായ ഭൂമിയും സസ്യജാലങ്ങളും വർധിച്ചതോടെ ബാഷ്പീകരണത്തിലൂടെ കൂടുതൽ ഈർപ്പം അന്തരീക്ഷത്തിലെത്തിയിരിക്കാം. സാമ്പിളുകളിൽ ജലസസ്യങ്ങളുടെയും കരയിലെ സസ്യങ്ങളുടെയും സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. തടാകങ്ങളും അരുവികളും സസ്യജാലങ്ങളുമുള്ള ഭൂപ്രകൃതിയായിരുന്നു അന്നിവിടെയുണ്ടായിരുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു.
മറൈൻ ഐസോടോപ്പ് സ്റ്റേജ് 11 കാലഘട്ടത്തിലെ താപനില ഹോളോസീൻ കാലഘട്ടത്തിന് ഏകദേശം സമാനമായിരുന്നെങ്കിലും ചൂട് വളരെക്കാലം തുടർന്നുവെന്നതാണ് പ്രത്യേകത. സമാനമായ താപനിലയുണ്ടായിരുന്നിട്ടും അന്ന് ഗ്രീൻലൻഡിലെ മഞ്ഞുപാളികൾ ഹോളോസീൻ കാലഘട്ടത്തേക്കാൾ കൂടുതൽ ചുരുങ്ങിയിരുന്നുവെന്നാണ് ഈ പഠനവും മറ്റ് കാലാവസ്ഥാ രേഖകളും സൂചിപ്പിക്കുന്നത്. അതായത്, താപനില എത്രത്തോളം ഉയരുന്നു എന്നതിനൊപ്പം ഉയർന്ന താപനില എത്രകാലം നിലനിൽക്കുന്നു എന്നതും മഞ്ഞുപാളികളുടെ നിലനിൽപ്പിൽ നിർണായകമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഗ്രീൻലൻഡിലെ മഞ്ഞുപാളികളിൽ അടങ്ങിയിരിക്കുന്ന ജലം പൂർണമായി സമുദ്രത്തിലെത്തിയാൽ ആഗോള സമുദ്രനിരപ്പ് ഏകദേശം 7.4 മീറ്റർ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ ദീർഘകാലം ചൂട് നിലനിൽക്കുന്നത് ഭാവിയിൽ മഞ്ഞുപാളികളുടെ വലിയ തോതിലുള്ള നഷ്ടത്തിന് കാരണമായേക്കാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.
വരും നൂറ്റാണ്ടുകളിൽ വേനൽക്കാല താപനിലയിലെ വർധനയും ചൂട് നീണ്ടുനിൽക്കുന്ന കാലയളവും നിയന്ത്രിക്കുന്നത് മഞ്ഞുപാളികളുടെ ഉരുകൽ കുറക്കാൻ നിർണായകമാണ്. ശീതയുദ്ധകാലത്ത് സൈനിക പരീക്ഷണത്തിനായി നിർമിച്ച ക്യാമ്പ് സെഞ്ച്വറി ഇന്ന് ആഗോള കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനത്തിലെ വിലപ്പെട്ട ശാസ്ത്രീയ രേഖയായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.