മഴയുടെ വരവറിയിച്ച് കൊമ്പൻ കുയിലെത്തി

തൃക്കരിപ്പൂർ: മഴയുടെ വരവറിയിച്ചുകൊണ്ട്‌ കൊമ്പൻ കുയിലുകൾ (പൈഡ് ക്രെസ്റ്റഡ് കുക്കൂ) വിരുന്നെത്തി. കഴിഞ്ഞദിവസം പിലിക്കോട് പാടിക്കീലിൽ ആണ് ഇവ കണ്ടെത്തിയത്. ശിരസ്സിൽ ഉയർന്നുനിൽക്കുന്ന തൂവലുകളിൽ നിന്നാണ് ഇവക്ക് 'കൊമ്പൻ' എന്ന പേരുവന്നത്. ആഫ്രിക്കയിലും ഏഷ്യയിലും കണ്ടുവരുന്ന ഈ പക്ഷികൾ ദേശാടകരാണ്. ഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പിലും ശ്രീലങ്കയിലും കണ്ടുവരുന്നവക്ക് ചിറകിന് വലുപ്പം കുറവാണ്. കറുപ്പും വെളുപ്പുമാണ് നിറം. കഴുത്തിലെയും ചിറകിലെയും വെള്ളനിറം കൊണ്ട് തിരിച്ചറിയാം. വേനലിൽ പ്രജനനത്തിനായി ഉത്തരേന്ത്യയിൽ എത്തുന്ന ഇവ പിന്നീട് വടക്കേ ആഫ്രിക്കയിലേക്ക് സഞ്ചരിക്കും.

പ്രജനനവേളയിൽ വൃക്ഷങ്ങളുടെ ഉച്ചിയിൽ ഇരുന്ന് ഇണയെ വിളിക്കും. ബഹളം ഉണ്ടാക്കുന്നതിനാൽ 'ക്ലമേറ്റർ' എന്നും വിളിപ്പേരുണ്ട്. കുയിലുകളെപോലെ മറ്റു പക്ഷികളുടെ കൂടുകളിലാണ് മുട്ടയിടുക. പെണ്ണ് മുട്ടയിടുമ്പോൾ ആൺപക്ഷി 'ആതിഥേയരുടെ' ശ്രദ്ധതിരിക്കും. കൂട്ടിൽ നേരത്തെ ഉള്ള മുട്ടകൾ നശിപ്പിക്കുകയും ചെയ്യും. കൂടിന്റെ അൽപം മുകളിൽ ഇരുന്ന് ഉയരെനിന്ന് മുട്ടയിട്ടാണ് ഇത് സാധിക്കുന്നത്. പൂത്താങ്കിരി, കരിയിലക്കിളി തുടങ്ങിയ പക്ഷികളുടെ കൂട്ടിലാണ് മുട്ടയിടുന്നത്. കാളിദാസന്റെ മേഘദൂതിൽ 'ചതകൻ' എന്ന് സൂചിപ്പിക്കുന്നത് കൊമ്പൻ കുയിലിനെയാണ്. ഈ പക്ഷിയെ മഴയുടെ സൂചകമായും ചിലയിടങ്ങളിൽ കർഷകർ വിശ്വസിക്കുന്നു. 'ക്ലമേറ്റർ ജേക്കോബിനസ്' എന്നാണ് ശാസ്ത്രീയ നാമം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.