ഏപ്രിൽ 22- ലോക ഭൗമ ദിനം; അറിയാം ഭൗമദിനത്തിന്റെ ആവശ്യകതയെ പറ്റി...

ജനസംഖ്യയിലെ വർധനവും, കാലാവസ്ഥാ വ്യതിയാനവും, ആഗോളതാപനവും മറ്റ് പ്രകൃതിദുരന്തങ്ങളും കാരണം അപകടമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കാലാവസ്ഥ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഭൂമിയുടെ സ്വാഭാവികമായ ഘടന നിലനിർത്തേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഭാവിതലമുറയ്ക്കായി ഭൂമിയിലെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് എല്ലാ വർഷവും ഏപ്രിൽ 22-ന് ഭൗമദിനം ആചരിക്കുന്നത്. ബോധവത്കരണത്തിനൊപ്പം ഭൂമിയെ സംരക്ഷിക്കാന്‍ ഊര്‍ജ്ജം നല്‍കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 2023-ലെ ഭൗമദിനത്തിന്റെ പ്രമേയം 'നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക’ (Invest in our planet) എന്നായിരുന്നു.

'പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക്' എന്നതാണ് ഈ വര്‍ഷത്തെ ഭൗമദിന പ്രമേയം. പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും 2024 അവസാനത്തോടെ അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ചരിത്രപരമായ യു.എൻ പ്ലാസ്റ്റിക് കൺവെൻഷൻ കൂടി ലക്ഷ്യം വെച്ചാണ് ഇങ്ങനെയൊരു പ്രമേയം തിരഞ്ഞെടുത്തത്. എണ്ണച്ചോർച്ചകൾ, മലിനീകരണമുണ്ടാക്കുന്ന ഫാക്ടറികൾ, വൈദ്യുത നിലയങ്ങൾ, അസംസ്‌കൃത മലിനജലം, വിഷ മാലിന്യങ്ങൾ, കീടനാശിനികൾ, വന്യജീവികളുടെ വംശനാശം, എന്നിവക്കെതിരെ പോരാടാനും ഈ ഭൗമദിനം ആഹ്വാനം ചെയ്യുന്നു.

ഭൗമദിനം ആചരിക്കാൻ തുടങ്ങുന്നത് അമേരിക്കൻ ഐക്യനാടുകളിലാണ്. 1960-കളിൽ പ്രകൃതി വിഭവങ്ങളുടെയും പരിസ്ഥിതിയുടെയും തകർച്ചയെക്കുറിച്ച് ആഗോളതലത്തിൽ തന്നെ ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ പരിസ്ഥിതി നശീകരണത്തിനെതിരെ 20 ദശലക്ഷം ആളുകൾ തെരുവിലിറങ്ങിയ 1970-ലാണ് ആദ്യമായി 'ഭൗമദിനം' ആചരിച്ചത്. 1969-ലെ സാന്താ ബാർബറ എണ്ണ ചോർച്ച,പുകമഞ്ഞ്, മലിനമായ നദികൾ തുടങ്ങിയ പ്രശ്‌നങ്ങളും ഈ സംഭവത്തിന് കാരണമായി.

1969 ജനുവരി 28-ന് കാലിഫോർണിയയിലെ സാന്താ ബാർബറ തീരത്ത് നിന്ന് 10 കിലോ മീറ്റർ അകലെ യൂണിയൻ ഓയിൽ എന്ന കമ്പനി കുഴിച്ച എണ്ണക്കിണർ തകർന്ന് മൂന്ന് ദശലക്ഷത്തിലധികം ഗ്യാലൻ എണ്ണ ഒഴുകി പതിനായിരത്തിലധികം കടൽപ്പക്ഷികൾ, ഡോൾഫിനുകൾ, സീലുകൾ, കടൽസിംഹങ്ങൾ എന്നിവ ഇല്ലാതായിരുന്നു. ഇതേ തുടർന്ന് അക്കാലത്ത് ഉയർന്ന് വന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഉത്കണ്ഠകളും അമേരിക്കയിലെ വിസ്കോൺസിൻ സെനറ്റർ ഗെയ്‌ലോർഡ് നെൽസനെ ഇരുത്തി ചിന്തിപ്പിച്ച സാഹചര്യത്തിലാണ് ജനങ്ങളിൽ പാരിസ്ഥിതിക അവബോധം ഉയർത്തുന്നതിനുള്ള പ്രവർത്തങ്ങൾ ഊർജിതമാകുന്നത്.

ഹാർവാർഡ് യൂനിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാർഥിയായ ഡെനിസ് ഹെയ്‌സിന്റെ സഹായത്തോടെ 1970 ഏപ്രിൽ 22-നാണ് ആദ്യത്തെ ഭൗമദിനം ആചരിക്കുന്നത്. നിരവധി ആളുകൾ പങ്കെടുത്ത ഈ പരിപാടിയുടെ ഫലമായി ക്ലീൻ എയർ ആക്‌ട് (1970), വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾക്കായുള്ള നിയമം (1973) തുടങ്ങിയവയിലേക്ക് നയിച്ചു. റേച്ചൽ കാർസന്റെ 'സൈലൻറ് സ്പ്രിംഗ്'(1962), പോൾ എൽറിച്ചിന്റെ 'ദി പോപ്പുലേഷൻ ബോംബ്' (1968) എന്നീ പുസ്തകങ്ങൾ പൊതുജനാവബോധം വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ചിലതാണ്.

Tags:    
News Summary - April 22- World Earth Day; Know the importance of Earth Day...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.