ചരിത്രത്തിലെ ഏറ്റവും വലിയ കാർബൺ കയറ്റുമതിക്കാരായി റഷ്യയും സൗദിയും ഓസ്ട്രേലിയയും
ലോകത്ത് ഫോസിൽ ഇന്ധന കയറ്റുമതിയിലൂടെ ഏറ്റവും കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളലിന് കാരണമായ രാജ്യങ്ങളുടെ പട്ടികയിൽ റഷ്യ ഒന്നാമത്. സൗദി അറേബ്യ രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതും. 1850 മുതലുള്ള ഫോസിൽ ഇന്ധന കയറ്റുമതിയുടെ ചരിത്രം വിശകലനം ചെയ്ത പഠനത്തിലാണ് കണ്ടെത്തൽ.
കയറ്റുമതി ചെയ്യുന്ന കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവ കത്തിക്കുമ്പോഴുണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കണക്കിലെടുത്താണ് രാജ്യങ്ങളുടെ ഉത്തരവാദിത്തം വിലയിരുത്തിയത്. 2025 അവസാനം വരെയുള്ള കണക്കനുസരിച്ച് റഷ്യയുടെ ഫോസിൽ ഇന്ധന കയറ്റുമതി 70 ഗിഗാടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളലിന് കാരണമായിട്ടുണ്ട്.
ഏകദേശം 60 ഗിഗാടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളലുമായി സൗദി അറേബ്യയാണ് രണ്ടാമത്. 25 ഗിഗാടണ്ണിലധികം പുറന്തള്ളലിന് കാരണമായ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്താണ്. വെനസ്വേലയേക്കാൾ നേരിയ വ്യത്യാസം മാത്രമാണ് ഓസ്ട്രേലിയക്കുളളത്.
ഈ കണ്ടെത്തൽ പുറത്തുവരുന്നത് തുർക്കിയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 31-ന്റെ അധ്യക്ഷസ്ഥാനത്ത് ഓസ്ട്രേലിയ തുടരുന്നതിനിടെയാണ്. രാജ്യത്തിന്റെ കയറ്റുമതി സമ്പദ്വ്യവസ്ഥയുടെ ഏകദേശം 40 ശതമാനവും ഫോസിൽ ഇന്ധനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇവയുടെ ഉപയോഗത്തിനും കയറ്റുമതിക്കും അവസാന തീയതി നിശ്ചയിക്കാൻ ഓസ്ട്രേലിയ ഇതുവരെ തയ്യാറായിട്ടില്ല.
ഫോസിൽ ഇന്ധനങ്ങളിൽനിന്ന് വൻ സമ്പത്ത് നേടിയ രാജ്യങ്ങൾ കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മേക് പൊല്യൂട്ടേഴ്സ് പേ ഇന്റർനാഷനൽ കോയലിഷൻ കൺവീനർ ലൂയിസ് ഹച്ചിൻസ് ആവശ്യപ്പെട്ടു. കാലാവസ്ഥാ പ്രതിസന്ധി നേരിടാൻ പണമില്ലെന്ന് രാജ്യങ്ങൾ വാദിക്കുമ്പോഴും ഫോസിൽ ഇന്ധന കയറ്റുമതിയിലൂടെ സമ്പന്നരായ രാജ്യങ്ങൾ ചർച്ചകളിൽ നിർണായക സ്വാധീനം ചെലുത്തുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
കാർബൺ ബ്രീഫ് നടത്തിയ പഠനത്തിലാണ് ചരിത്രപരമായ ഫോസിൽ ഇന്ധന കയറ്റുമതിയുടെ കണക്കുകൾ വിശകലനം ചെയ്തത്. സാധാരണയായി ഇന്ധനം കത്തിക്കുന്ന രാജ്യത്തിന്റെ അടിസ്ഥാനത്തിലാണ് കാർബൺ പുറന്തള്ളലിന്റെ ഉത്തരവാദിത്തം കണക്കാക്കുന്നത്. എന്നാൽ പുതിയ പഠനം ഫോസിൽ ഇന്ധനം ഖനനം ചെയ്ത് ഉൽപ്പാദിപ്പിച്ച രാജ്യത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ തയ്യാറാക്കിയത്.
അതേസമയം, ലോകത്ത് നിലവിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന അമേരിക്കയും ചൈനയും ചരിത്രപരമായ ആകെ പുറന്തള്ളലിന്റെ കാര്യത്തിൽ റഷ്യ, സൗദി അറേബ്യ, ഓസ്ട്രേലിയ എന്നിവയെക്കാൾ മുന്നിലാണ്. വൻതോതിൽ ഫോസിൽ ഇന്ധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനൊപ്പം സ്വന്തം വിഭവങ്ങളും ഈ രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.
2023-ൽ ദുബായിൽ നടന്ന കോപ് 28 ഉച്ചകോടിയിൽ ഫോസിൽ ഇന്ധനങ്ങളിൽനിന്ന് മാറാനുള്ള ആഗോള പരിവർത്തനത്തിന് എല്ലാ രാജ്യങ്ങളും സംഭാവന നൽകണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനായി സമയപരിധിയോ കൃത്യമായ പ്രവർത്തനപദ്ധതിയോ നിശ്ചയിച്ചിരുന്നില്ല. കോപ് 31-ൽ ഓസ്ട്രേലിയ പുറത്തിറക്കിയ ആദ്യ കരടിൽ ഊർജമേഖലയിൽ ഫോസിൽ ഇന്ധനങ്ങളിൽനിന്ന് ഉടനടി മാറണമെന്ന നിർദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ ചർച്ചാ നിലപാടുകൾ കടുപ്പിച്ചതോടെ നിർദേശം അന്തിമ തീരുമാനത്തിൽ ഉൾപ്പെടുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. ഉച്ചകോടിയുടെ പൊതുവായ അന്തിമ രേഖ തയ്യാറാക്കുന്നതിനെപ്പോലും സൗദി അറേബ്യയും റഷ്യയും ചില അറബ് രാജ്യങ്ങളും എതിർക്കുന്നുണ്ട്.
ഓസ്ട്രേലിയയുടെ കാലാവസ്ഥാ നയത്തിലെ വൈരുധ്യങ്ങളും പഠനം ചൂണ്ടിക്കാട്ടുന്നു. കോപ് 31-ന്റെ അധ്യക്ഷസ്ഥാനത്തിരിക്കുമ്പോഴും രാജ്യത്ത് ഫോസിൽ ഇന്ധന ഉൽപ്പാദനം കുറക്കാനുളള പദ്ധതികളില്ലെന്നാണ് ക്ലൈമറ്റ് അനലിറ്റിക്സിന്റെ മറ്റൊരു പഠനത്തിലെ കണ്ടെത്തൽ. 2088 വരെ പ്രവർത്തിക്കാൻ കഴിയുന്ന കൽക്കരി ഖനികൾക്ക് ഓസ്ട്രേലിയ അനുമതി നൽകുന്നുണ്ട്.
ഫോസിൽ ഇന്ധന കയറ്റുമതി തുടരുന്നതിനൊപ്പം അന്താരാഷ്ട്ര വേദികളിൽ കാലാവസ്ഥാ സംരക്ഷണത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത് വൈരുധ്യമാണെന്ന് ക്ലൈമറ്റ് അനലിറ്റിക്സ് സിഇഒ ബിൽ ഹെയർ പറഞ്ഞു. അതേസമയം, ഫോസിൽ ഇന്ധന ഉൽപ്പാദകരും എണ്ണ, പ്രകൃതിവാതകത്തെ ആശ്രയിക്കുന്ന രാജ്യങ്ങളും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് ദ എർത്ത് ചീഫ് എക്സിക്യൂട്ടീവ് അസദ് റഹ്മാൻ ആവശ്യപ്പെട്ടു.
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കാൻ സമ്പന്ന രാജ്യങ്ങൾ വേഗത്തിലുള്ളതും നീതിയുക്തവുമായ പദ്ധതികൾക്ക് സാമ്പത്തിക പിന്തുണ നൽകണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ നേരിടുന്ന രാജ്യങ്ങൾക്ക് ആവശ്യമായ സാങ്കേതികവിദ്യയും ധനസഹായവും ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.