ജാർഖണ്ഡിൽ കൽക്കരി ഖനനത്തിന് അനുമതി; നശിക്കുക ആറ് ലക്ഷത്തോളം മരങ്ങൾ, ആനകളുടെ ആവാസവ്യവസ്ഥയും ഭീഷണിയിൽ

ന്യൂഡൽഹി: ജാർഖണ്ഡിൽ കൽക്കരി ഖനനം വിപുലീകരിക്കുന്നതിനായി 928 ഹെക്ടറിലധികം വനഭൂമി വിട്ടുനൽകാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ഫോറസ്റ്റ് അഡ്വൈസറി കമ്മിറ്റി (എഫ്എസി)യുടെ തത്വത്തിലുള്ള അനുമതി. പദ്ധതി നടപ്പാക്കുന്നതോടെ 5.67 ലക്ഷം മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരും. ഇതിൽ 2.43 ലക്ഷം സാൽ മരങ്ങളും ഉൾപ്പെടുന്നു. വനനശീകരണം പ്രദേശത്തെ മനുഷ്യ-ആന സംഘർഷം വർധിപ്പിക്കുമെന്ന ആശങ്കയും ശക്തമാണ്.

ജാർഖണ്ഡിലെ ഛത്ര ജില്ലയിലുള്ള അശോക് എക്സ്പാൻഷൻ ഓപ്പൺകാസ്റ്റ് കോൾ മൈനിങ് പദ്ധതിയുടെ ഭാഗമായാണ് വനഭൂമി ഖനനത്തിനായി വിട്ടുനൽകുന്നത്. നോർത്ത് കരൺപുര കൽക്കരിപ്പാടത്ത് നിലവിലുള്ള ഖനിയുടെ പടിഞ്ഞാറൻ ഭാഗത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. പ്രതിവർഷം രണ്ട് കോടി ടൺ കൽക്കരി ഉൽപ്പാദിപ്പിക്കാനാണ് പദ്ധതി.

ഖനനത്തിനായി മാറ്റുന്ന വനമേഖല സംരക്ഷിത വന്യജീവി മേഖലക്ക് പുറത്താണെങ്കിലും ആനകൾ, കഴുതപ്പുലികൾ, കുറുനരികൾ, ബംഗാൾ കുറുക്കന്മാർ, പാറപ്പെരുമ്പാമ്പുകൾ തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണ്. വനഭൂമി നഷ്ടപ്പെടുന്നത് ആനകളുടെ സ്വാഭാവിക സഞ്ചാരപാതകളെയും ആവാസവ്യവസ്ഥയെയും ബാധിക്കുമെന്നാണ് ആശങ്ക.

ജാർഖണ്ഡിൽ മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷം നേരത്തേ തന്നെ വലിയ പ്രശ്നമാണ്. 2000 മുതൽ 2023 വരെ സംസ്ഥാനത്തെ 22 വനമേഖലകളിലായി 1,740 മനുഷ്യ-ആന സംഘർഷ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പഠനം വ്യക്തമാക്കുന്നു. ഇതിൽ 1,340 പേർ കൊല്ലപ്പെടുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2026ന്റെ ആദ്യ മാസങ്ങളിൽ മാത്രം ഇത്തരം സംഘർഷങ്ങളിൽ 20 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഖനനം ആരംഭിക്കുന്നതിന് മുമ്പ് മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറക്കുന്നതിനായി പ്രത്യേക വന്യജീവി പരിപാലന പദ്ധതി തയ്യാറാക്കണമെന്ന് എഫ്.എ.സി നിർദേശിച്ചിട്ടുണ്ട്. ജാർഖണ്ഡ് ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ അംഗീകാരത്തോടെ വേണം പദ്ധതി നടപ്പാക്കാൻ. ഗ്രാമതലത്തിലുള്ള നിർദേശങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തണം.

ഖനനം വന്യജീവികളിൽ ചെലുത്തുന്ന ആഘാതവും പരിപാലന പദ്ധതിയുടെ ഫലപ്രാപ്തിയും വിലയിരുത്തുന്നതിനായി ദീർഘകാല ഗവേഷണത്തിനും നിരീക്ഷണത്തിനും സൗകര്യമൊരുക്കണം. ഇതിനുള്ള ചുമതല വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്കായിരിക്കും. പദ്ധതി തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള മുഴുവൻ ചെലവും ഖനന പദ്ധതി അധികൃതർ വഹിക്കണം.

അതേസമയം, മധ്യപ്രദേശിലെ നർസിംഗ്പുരിൽ മച്ച്രേവ ജലസേചന പദ്ധതിക്കായി 492.579 ഹെക്ടർ വനഭൂമി വിട്ടുനൽകുന്നതിനും എഫ്എസി സ്റ്റേജ്-1 അനുമതി ശുപാർശ ചെയ്തു. കടുവകൾ, പുള്ളിപ്പുലികൾ, കരടികൾ, കുറുനരികൾ എന്നിവയുടെ സാന്നിധ്യമുള്ള വനമേഖലയാണിത്. ഒക്ടോബർ 23ന് ചേർന്ന സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്.

Tags:    
News Summary - Approval granted for coal mining in Jharkhand; nearly 600,000 trees to be destroyed, elephant habitat also under threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.