സൽമാൻ ഖാൻ

ബലൂചിസ്താൻ പരാമർശത്തിൽ സൽമാൻ ഖാനെ ഭീകരവാദിയായി പ്രഖ്യാപിച്ചോ? വ്യക്തത വരുത്തി പാകിസ്താൻ

ഇസ്ലാമാബാദ്: ബലൂചിസ്താൻ പരാമർശത്തിൽ ബോളിവുഡ് നടൻ സൽമാൻ ഖാനെ പാകിസ്താൻ ഭീകരവാദിയായി പ്രഖ്യാപിച്ചെന്ന വാർത്തകൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. റിയാദിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ ബലൂചിസ്താനെയും പാകിസ്താനെയും വ്യത്യസ്ത രാജ്യങ്ങളായി പരാമർശിച്ചത് പാക് സർക്കാറിനെ ചൊടിപ്പിച്ചെന്നും നടനെ 1997ലെ പാകിസ്താൻ തീവ്രവാദ വിരുദ്ധ നിയമത്തിലെ നാലാം പട്ടികയിൽ ഉൾപ്പെടുത്തിയെന്നുമായിരുന്നു മാധ്യമ വാർത്തകൾ.

എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് പാകിസ്താൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം. സൽമാൻ ഖാനെ നാലാം പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള യാതൊരു പ്രഖ്യാപനവും പാക് സർക്കാറോ, ബന്ധപ്പെട്ട മന്ത്രാലയങ്ങളോ നടത്തിയിട്ടില്ലെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ഫാക്ട് ചെക്കിങ് ടീം എക്സിൽ പോസ്റ്റ് ചെയ്തു. ഇതോടൊപ്പം ഇന്‍ഡ്യ ടുഡേ ഉൾപ്പെടെയുള്ള മാധ്യമ വാർത്തകളുടെ തലക്കെട്ടുകളും ചേർത്തിട്ടുണ്ട്.

‘പാകിസ്താന്റെ നാഷനല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റി (നാക്ട) യുടെ വിലക്കേര്‍പ്പെടുത്തിയ വ്യക്തികളുടെ പട്ടികയില്‍ സല്‍മാന്‍ ഖാന്‍റെ പേരില്ല. നാലാം ഷെഡ്യൂളില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതായി അറിയിച്ചുള്ള ആഭ്യന്തര മന്ത്രാലയത്തിന്റേയോ പ്രവിശ്യാ ഭരണകൂടത്തിന്റേയോ അറിയിപ്പുകളൊന്നുമില്ല. നിലവിലുള്ള എല്ലാ വാര്‍ത്തകളും ഇന്ത്യന്‍ മാധ്യമങ്ങൾ നൽകിയ തെറ്റായ വാർത്തകൾ അടിസ്ഥാനമാക്കി മാത്രമുള്ളതാണ്. പാകിസ്താനിൽ ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളേയോ, ഔദ്യോഗിക പബ്ലിക്കേഷനുകളേയോ ആരും ബന്ധപ്പെട്ടിട്ടില്ല’ -പോസ്റ്റിൽ പറയുന്നു.

റിയാദിൽ കഴിഞ്ഞയാഴ്ച നടന്ന ‘ജോയ് ഫോറം 2025’ പരിപാടിയിൽ ‘മധ്യപൂർവദേശത്ത് ഇന്ത്യൻ സിനിമയുടെ സ്വാധീനം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സൽമാൻ പാകിസ്താനെയും രാജ്യത്തെ ഒരു പ്രവിശ്യയായ ബലൂചിസ്താനെയും പ്രത്യേകം പരാമർശിച്ചത്. ഷാറൂഖ് ഖാൻ, അമീർ ഖാൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

‘ഒരു ഹിന്ദി സിനിമ നിർമിക്കുകയും സൗദി അറേബ്യയിൽ റിലീസ് ചെയ്യുകയും ചെയ്താൽ ഇപ്പോൾ സൂപ്പർ ഹിറ്റാകും. അതുപേലെ തമിഴ്, തെലുങ്ക്, മലയാളം സിനിമ റിലീസ് ചെയ്താലും നൂറു കോടി ലഭിക്കും. കാരണം മറ്റു രാജ്യങ്ങളിൽനിന്ന് നിരവധി പേരാണ് സൗദിയിലേക്ക് വരുന്നത്. ഇവിടെ ബലൂചിസ്താനിൽനിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാകിസ്താനിൽ നിന്നുള്ളവരുണ്ട്...എല്ലാ രാജ്യക്കാരും ഇവിടെ ജോലിയെടുക്കുന്നുണ്ട്’ -സൽമാൻ പറഞ്ഞു. നടന്‍റെ ഈ വാക്കുകൾ പാകിസ്താൻ സർക്കാറിനെ ചൊടിപ്പിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ.

ബലൂചിസ്താന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുന്ന സംഘടനകൾ സൽമാന്‍റെ വാക്കുകളെ സ്വാഗതം ചെയ്ത് രംഗത്തുവന്നു. സൽമാന്‍റെ പരാമർശം ആറു കോടി ബാലൂചികളെ സന്തോഷിപ്പിച്ചെന്നും പല രാജ്യങ്ങളും പറയാൻ മടിക്കുന്ന കാര്യമാണ് നടൻ ചെയ്തതെന്നും ബലൂച് പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന മിർ യാർ ബലൂച് പ്രതികരിച്ചു. ബലൂചികൾ പാർക്കുന്ന പാകിസ്താൻ പ്രവിശ്യയാണ് ബലൂചിസ്താൻ. വിസ്തൃതിയിൽ പാകിസ്താനിലെ ഏറ്റവുംവലിയ പ്രവിശ്യയാണിത്. സ്വതന്ത്ര ബലൂചിസ്താനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ബലൂച് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Salman Khan declared terrorist in Pakistan for Balochistan comment? Pak govt issues clarification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.