peddi 

ബോക്സ് ഓഫീസ് കീഴടക്കി 'പെദ്ധി'; രാം ചരണിന്റെ കരിയറിലെ ഏറ്റവും ഉയർന്ന സോളോ ഓപ്പണിംഗ് കളക്ഷൻ പുറത്തുവിട്ട് നിർമ്മാതാക്കൾ

ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായ പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി'ക്ക് ആഗോളതലത്തിൽ മെഗാ ബ്ലോക്ക്ബസ്റ്റർ ഓപ്പണിംഗ്. ഇന്നലെ തിയേറ്ററുകളിൽ എത്തിയ ചിത്രം ആദ്യദിനം തന്നെ വൻ കുതിപ്പാണ് ബോക്സ് ഓഫീസിൽ നടത്തിയിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം മാത്രം ചിത്രം 135 കോടി 36 ലക്ഷം രൂപ ആഗോള ഗ്രോസ് കളക്ഷൻ നേടിയതായി നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്തുവിട്ടു. രാം ചരണിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ്ങുകളിൽ ഒന്നാണിത്. സോളോ നായകനായി അദ്ദേഹം ബോക്സ് ഓഫീസിൽ നേടുന്ന ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ കൂടിയാണിത്.

ദേശീയ അവാർഡ് ജേതാവായ ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവർ ചേർന്നാണ് ബിഗ് ബഡ്ജറ്റ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത്. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിന് എത്തിച്ചിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്.

റിലീസ് ചെയ്തത് മുതൽ മികച്ച പ്രേക്ഷക-നിരൂപക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ 'പെദ്ധി'യായി എത്തിയ രാം ചരണിന്റെ ഗംഭീര പ്രകടനമാണ് സിനിമയുടെ പ്രധാന ആകർഷണം. ചിത്രത്തിനായി താരം നടത്തിയ വമ്പൻ ശാരീരിക മാറ്റങ്ങളും ആക്ഷൻ രംഗങ്ങളും തിയേറ്ററുകളിൽ വലിയ കൈയടിയാണ് നേടുന്നത്.

ബോളിവുഡ് നടി ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. രാം ചരൺ - ശിവരാജ് കുമാർ കോമ്പോ ആദ്യമായാണ് ഒരുമിക്കുന്നത്. ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് മറ്റ് താരങ്ങൾ.ഓസ്കാർ ജേതാവ് എ ആർ റഹ്മാൻ ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും സിനിമയുടെ ആവേശം ഇരട്ടിയാക്കുന്നു.സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവ കഥാഗതിയിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. ആക്ഷനും മാസിനുമൊപ്പം പ്രേക്ഷകരുടെ മനസ്സ് തൊടുന്ന വൈകാരിക നിമിഷങ്ങളും ചിത്രത്തിലുണ്ട്.

രത്നവേലുവിന്റെ ഛായാഗ്രഹണവും നവീൻ നൂലിയുടെ എഡിറ്റിംഗും ചിത്രത്തിന് കരുത്തുപകരുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം വരും ദിവസങ്ങളിലും ബോക്സ് ഓഫീസിൽ വലിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തലുകൾ.

Tags:    
News Summary - ‘Peddhi’ Conquers Box Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.