ജെയിംസ് ബോണ്ടോ ഷെർലക് ഹോംസോ കേമൻ?
ലോകത്തെ ഏറ്റവും പ്രശസ്തരായ രണ്ട് കുറ്റാന്വേഷണ കഥാപാത്രങ്ങൾ. ഒരാൾ ശത്രുക്കളെ നേരിടുന്നത് തോക്കും അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച്. മറ്റൊരാൾക്ക് ഒരു കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാൻ ചെറിയൊരു കാൽപ്പാടോ വസ്ത്രത്തിലെ ഒരു അടയാളമോ മാത്രം മതി. ഒരാൾ അപകടങ്ങൾക്കിടയിലൂടെ ലോകത്തെ രക്ഷിക്കാൻ ഇറങ്ങുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ. മറ്റൊരാൾ മറ്റാർക്കും കണ്ടെത്താനാകാത്ത രഹസ്യങ്ങൾ തെളിയിക്കുന്ന കുറ്റാന്വേഷകൻ. ഇവരാണ് ജെയിംസ് ബോണ്ടും ഷെർലക് ഹോംസും. ഇരുവരും ബ്രിട്ടീഷ് സാഹിത്യലോകത്തിന്റെ സൃഷ്ടികളാണെങ്കിലും അവരുടെ ലോകവും പ്രവർത്തനരീതിയും തികച്ചും വ്യത്യസ്തമാണ്. കുറ്റാന്വേഷണ-ചാര സിനിമകളുടെ ചരിത്രത്തിൽ വൻ തരംഗം തീർത്ത കഥാപാത്രമാണ് ജെയിംസ് ബോണ്ട്. ആക്ഷൻ, സാങ്കേതികവിദ്യ, ഗാഡ്ജറ്റുകൾ, കാറുകൾ, സാഹസിക ദൗത്യങ്ങൾ എന്നിവയെല്ലാം കൂട്ടിച്ചേർത്ത് സ്പൈ ത്രില്ലറുകൾക്ക് പുതിയൊരു ജനപ്രിയ ശൈലി സമ്മാനിക്കാൻ ബോണ്ട് സിനിമകൾക്ക് കഴിഞ്ഞു. എന്നാൽ കുറ്റാന്വേഷണ കഥകളുടെ അടിത്തറയിൽ ഷെർലക് ഹോംസിനുള്ള സ്ഥാനം മറ്റൊന്നാണ്. ഒരാൾ ആക്ഷനിലൂടെ പ്രേക്ഷകരെ കീഴടക്കിയപ്പോൾ മറ്റൊരാൾ ബുദ്ധിയും നിരീക്ഷണശേഷിയും കൊണ്ട് വായനക്കാരെയും സിനിമാപ്രേക്ഷകരെയും വിസ്മയിപ്പിച്ചു. അതുകൊണ്ട് സിനിമാ സ്വാധീനത്തിൽ ബോണ്ട് മുന്നിലാണെന്ന് പറയാമെങ്കിലും കുറ്റാന്വേഷണ സാഹിത്യത്തിന്റെയും ദൃശ്യാവിഷ്കാരത്തിന്റെയും ചരിത്രത്തിൽ ഹോംസിനെ മറികടക്കുക എളുപ്പമല്ല.
രണ്ട് കഥാപാത്രങ്ങൾ, രണ്ട് കാലഘട്ടങ്ങൾ
ഷെർലക് ഹോംസിനെ സൃഷ്ടിച്ചത് സ്കോട്ടിഷ് എഴുത്തുകാരനായ ആർതർ കോനൻ ഡോയലാണ്. 1887ൽ പുറത്തിറങ്ങിയ 'എ സ്റ്റഡി ഇൻ സ്കാർലറ്റ്' എന്ന നോവലിലൂടെയാണ് ഹോംസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. .ജെയിംസ് ബോണ്ടിന്റെ സ്രഷ്ടാവ് ബ്രിട്ടീഷ് എഴുത്തുകാരനായ ഇയാൻ ഫ്ലെമിങ്ങാണ്. 1953ൽ പുറത്തിറങ്ങിയ 'കാസിനോ റോയൽ' എന്ന നോവലിലൂടെയാണ് 007 ലോകത്തിന് മുന്നിലെത്തിയത്. രഹസ്യാന്വേഷണം, അന്താരാഷ്ട്ര ഗൂഢാലോചനകൾ, അപകടകരമായ ദൗത്യങ്ങൾ എന്നിവയായിരുന്നു ബോണ്ടിന്റെ ലോകം.രസകരമായ കാര്യം, രണ്ട് കഥാപാത്രങ്ങൾക്കും ഇടയിൽ 66 വർഷത്തെ പ്രായവ്യത്യാസമുണ്ട്. എങ്കിലും ഇന്നും ഇരുവരും ലോകമെമ്പാടുമുള്ള ആരാധകരുടെ ഇഷ്ടതാരങ്ങളാണ്.
ബുദ്ധിയോ ആയുധമോ? കഴിവുകളുടെ കാര്യത്തിൽ ആര് മുന്നിൽ?
ഷെർലക് ഹോംസിനെ വായിച്ചുവളർന്ന കാലത്ത് അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരിക്കൽ വീട്ടിലെ അടുക്കളയിലെ പാത്രത്തിൽ സൂക്ഷിച്ചിരുന്ന ചോക്ലേറ്റ് എടുത്തുകഴിച്ചത് ആരാണെന്ന് കണ്ടെത്താൻ ഹോംസിന്റെ നിരീക്ഷണരീതി പരീക്ഷിച്ചുനോക്കിയ കുട്ടിക്കാല ഓർമ അതീവ രസകരമായിരുന്നു. അവശേഷിച്ച പാടുകളും പൊട്ടിച്ച കവർ കിടന്ന സ്ഥലവും പൊട്ടിച്ച രീതിയിലെ വ്യത്യാസവും പരിസരത്തെ ചെറിയ സൂചനകളുമെല്ലാം പരിശോധിച്ച് ആളെ കണ്ടെത്താനുള്ള ആ ശ്രമം, അന്ന് അതൊരു കളിയായിരുന്നെങ്കിലും, ചെറിയ കാര്യങ്ങളിൽനിന്ന് വലിയ നിഗമനങ്ങളിലെത്തുന്ന ഹോംസിന്റെ കഴിവ് എത്രത്തോളം മനസ്സിൽ പതിഞ്ഞിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുന്നു.
ഷെർലക് ഹോംസിന്റെ ഏറ്റവും വലിയ ആയുധം അദ്ദേഹത്തിന്റെ തലച്ചോറാണ്. മറ്റുള്ളവർ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ കാര്യങ്ങൾ പോലും ഹോംസ് കൃത്യമായി നിരീക്ഷിക്കും. ഒരാളുടെ ചെരിപ്പിലെ ചെളി, വസ്ത്രത്തിലെ അടയാളങ്ങൾ, സംസാരരീതി, പെരുമാറ്റം എന്നിവയിൽ നിന്ന് അയാളുടെ പശ്ചാത്തലം വരെ കണ്ടെത്താൻ അദ്ദേഹത്തിന് കഴിയും. യുക്തിചിന്തയും ശാസ്ത്രീയ തെളിവുകളും ഉപയോഗിച്ചാണ് ഹോംസ് കേസുകൾ തെളിയിക്കുന്നത്. പലപ്പോഴും കുറ്റവാളി ആരാണെന്ന് പൊലീസിന് പോലും മനസ്സിലാകുന്നതിന് മുമ്പ് ഹോംസ് കണ്ടെത്തിയിരിക്കും.ഈ നിരീക്ഷണശേഷിക്ക് യഥാർഥ ജീവിതത്തിലും ഒരു മാതൃകയുണ്ടായിരുന്നു. ഷെർലക് ഹോംസ് കഥാപാത്രത്തിന്റെ സൃഷ്ടിക്ക് പ്രചോദനമായ ഡോ. ജോസഫ് ബെൽ രോഗികളെ നിരീക്ഷിച്ച് അവരുടെ വസ്ത്രധാരണം, പെരുമാറ്റം, ശരീരത്തിലെ അടയാളങ്ങൾ തുടങ്ങിയ ചെറിയ സൂചനകളിൽനിന്ന് അവരുടെ തൊഴിലും പശ്ചാത്തലവും കണ്ടെത്താറുണ്ടായിരുന്നു. എഴുത്തുകാരനായ ആർതർ കോനൻ ഡോയൽ മെഡിക്കൽ പഠനകാലത്ത് ബെല്ലിന്റെ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണരീതികൾ ഹോംസിന്റെ കഥാപാത്രസൃഷ്ടിയെ സ്വാധീനിച്ചിട്ടുണ്ട്. ജെയിംസ് ബോണ്ടിന്റെ കഴിവുകൾ മറ്റൊരു തലത്തിലാണ്. ആയുധങ്ങൾ ഉപയോഗിക്കാനുള്ള മികവ്, കൈയാങ്കളി, വേഷം മാറാനുള്ള കഴിവ്, രഹസ്യദൗത്യങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിചയം എന്നിവയാണ് അദ്ദേഹത്തിന്റെ കരുത്ത്. അപകടകരമായ സാഹചര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കാനും ശത്രുക്കളെ നേരിടാനും ബോണ്ടിന് കഴിയും. അതായത് കുറ്റകൃത്യത്തിന്റെ ചുരുളഴിക്കുന്നതിൽ ഹോംസിന് മുൻതൂക്കമുണ്ടെങ്കിൽ അപകടകരമായ സാഹചര്യങ്ങളെ നേരിടുന്നതിൽ ബോണ്ടാണ് മുന്നിൽ.
കാറുകളും ഗാഡ്ജറ്റുകളും: ബോണ്ടിന്റെ സ്വന്തം ലോകം
ജെയിംസ് ബോണ്ടിനെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ കാറുകളെയും അത്യാധുനിക ഉപകരണങ്ങളെയും ഒഴിവാക്കാനാകില്ല. ആസ്റ്റൺ മാർട്ടിൻ ഡി.ബി5 മുതൽ ബി.എം.ഡബ്ല്യു ഇസഡ്8 വരെ നിരവധി കാറുകൾ ബോണ്ട് സിനിമകളിലൂടെ പ്രശസ്തമായി.വെടിയുണ്ടകളെ പ്രതിരോധിക്കുന്ന വാഹനങ്ങൾ, രഹസ്യ ആയുധങ്ങൾ, ട്രാക്കിങ് സംവിധാനങ്ങൾ തുടങ്ങി ഓരോ കാലഘട്ടത്തിനും അനുയോജ്യമായ സാങ്കേതികവിദ്യകൾ ബോണ്ടിന്റെ ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട്. സിനിമകളിൽ ക്യൂ എന്ന കഥാപാത്രമാണ് ഇത്തരം ഉപകരണങ്ങൾ ബോണ്ടിന് ഒരുക്കുന്നത്.ഹോംസിന്റെ കാലത്ത് ഇത്തരം സാങ്കേതിക സൗകര്യങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഒരു മാഗ്നിഫൈയിങ് ഗ്ലാസും നോട്ട്ബുക്കും നിരീക്ഷണശേഷിയും യുക്തിയും മതിയായിരുന്നു പല സങ്കീർണ കേസുകളും തെളിയിക്കാൻ!.
വിശ്വസ്തരായ കൂട്ടാളികൾ: വാട്സണും എം.ഐ6ഉം
ഷെർലക് ഹോംസിന്റെ ഏറ്റവും അടുത്ത കൂട്ടാളിയാണ് ഡോ. ജോൺ വാട്സൺ. ഹോംസിന്റെ അന്വേഷണങ്ങളിൽ പങ്കുചേരുന്നതിന് പുറമെ അദ്ദേഹത്തിന്റെ കഥകൾ വായനക്കാരിലേക്ക് എത്തിക്കുന്നതും വാട്സണാണ്.ബോണ്ടിന്റെ കാര്യത്തിൽ എം.ഐ6 ഏജൻസിയും അതിലെ സഹപ്രവർത്തകരുമാണ് പ്രധാന പിന്തുണ. എം എന്ന മേലധികാരിയും ക്യൂ ഒരുക്കുന്ന സാങ്കേതിക സഹായങ്ങളും ബോണ്ടിന്റെ ദൗത്യങ്ങളിൽ നിർണായകമാണ്.ഷെർലക് ഹോംസിന്റെ ഏറ്റവും പ്രശസ്തനായ എതിരാളിയാണ് പ്രഫസർ ജെയിംസ് മോർയാർട്ടി. ഹോംസിനെപ്പോലെ തന്നെ അതിസമർഥനായ ബുദ്ധിജീവിയായാണ് മോർയാർട്ടി അവതരിപ്പിക്കപ്പെടുന്നത്.ജെയിംസ് ബോണ്ടിന്റെ ലോകത്തും ശക്തരായ ശത്രുക്കൾക്ക് കുറവില്ല. ഏണസ്റ്റ് സ്റ്റാവ്രോ ബ്ലോഫെൽഡ്, സ്പെക്ടർ പോലുള്ള സംഘടനകളും അവയുടെ തലവന്മാരുമാണ് ബോണ്ടിന്റെ പ്രധാന എതിരാളികൾ. ലോകസുരക്ഷയെ തന്നെ ബാധിക്കുന്ന ഗൂഢാലോചനകളാണ് പലപ്പോഴും ഇവരുടെ ലക്ഷ്യം
ആരാണ് കൂടുതൽ സ്വാധീനം ചെലുത്തിയത്?
സിനിമയിലും ടെലിവിഷനിലും ഇരുവരും വലിയ വിജയങ്ങളാണ് നേടിയത്. 1962ൽ സീൻ കോണറി നായകനായ 'ഡോ. നോ'യിലൂടെയാണ് ജെയിംസ് ബോണ്ട് സിനിമാ പരമ്പരയ്ക്ക് തുടക്കമായത്. പിന്നീട് നിരവധി താരങ്ങൾ 007 ആയി എത്തി. ആക്ഷൻ രംഗങ്ങളും കാറുകളും സംഗീതവും സാങ്കേതികവിദ്യയും ബോണ്ട് സിനിമകളുടെ പ്രത്യേകതകളായി മാറി.ഷെർലക് ഹോംസിനും നിരവധി സിനിമകളും ടെലിവിഷൻ പരമ്പരകളും ഉണ്ടായിട്ടുണ്ട്. റോബർട്ട് ഡൗണി ജൂനിയർ അവതരിപ്പിച്ച ഹോംസും ബെനഡിക്ട് കംബർബാച്ചിന്റെ ആധുനിക ഷെർലക് അവതരണവും വലിയ ജനപ്രീതി നേടി. എങ്കിലും സിനിമാ ലോകത്തെ ആഗോള സ്വാധീനം, ദീർഘകാല ജനപ്രീതി, ബോക്സ് ഓഫീസ് വിജയം, ആക്ഷൻ സിനിമകളിലെ സ്വാധീനം എന്നിവ കണക്കിലെടുത്താൽ ജെയിംസ് ബോണ്ടിനാണ് കൂടുതൽ സ്വാധീനമെന്ന് പറയാം.ഷെർലക് ഹോംസ് കുറ്റാന്വേഷണ ബുക്കുകളിലും മിസ്റ്ററി വിഭാഗത്തിലും വലിയ സ്വാധീനം ചെലുത്തിയ കഥാപാത്രമാണ്. എന്നാൽ ആറു പതിറ്റാണ്ടിലേറെയായി സിനിമകളിലൂടെ തുടർച്ചയായി പ്രേക്ഷകരെ ആകർഷിക്കുകയും ആഗോളതലത്തിൽ ഒരു വലിയ ഫ്രാഞ്ചൈസിയായി വളരുകയും ചെയ്ത ജെയിംസ് ബോണ്ടിന്റെ സ്വാധീനം കൂടുതൽ വിപുലമാണ്. പഴയ തലമുറയിലെ പലർക്കും ഷെർലക് ഹോംസ് എന്ന പേര് ആദ്യം പരിചിതമായത് സിനിമയിലൂടെയല്ല, പുസ്തകങ്ങളിലൂടെയായിരിക്കും. സ്കൂൾ കാലത്ത് ലൈബ്രറികളിൽനിന്ന് ഹോംസ് കഥകൾ തിരഞ്ഞെടുത്ത് വായിച്ചതും, ഓരോ കേസിന്റെയും രഹസ്യം സ്വയം കണ്ടെത്താൻ ശ്രമിച്ചതും പലരുടെയും ഗൃഹാതുര ഓർമകളാണ്. അതുകൊണ്ടുതന്നെ ഷെർലക് ഹോംസ് ഒരു കുറ്റാന്വേഷണ കഥാപാത്രം മാത്രമല്ല, തലമുറകളുടെ വായനാ അനുഭവത്തിന്റെ ഭാഗം കൂടിയാണ്. അതിനാൽ ആരാണ് കേമൻ എന്നത് അവരവരുടെ കണക്കെടുപ്പിന് വിടുകയാണ് യുക്തി.
ഒരു സങ്കൽപ്പ മത്സരം നടന്നാൽ ആര് ജയിക്കും?
ഇരുവരെയും ഒരേ ദൗത്യത്തിന് നിയോഗിച്ചാൽ എന്തായിരിക്കും സംഭവിക്കുക? ഒരു അന്താരാഷ്ട്ര കുറ്റവാളിയെ കണ്ടെത്തുകയാണ് ലക്ഷ്യമെങ്കിൽ ഹോംസ് അയാളുടെ ചെറിയൊരു അടയാളത്തിൽ നിന്ന് അന്വേഷണം ആരംഭിച്ചേക്കും. അതേസമയം ബോണ്ട് ആ കുറ്റവാളിയുടെ ശൃംഖല തകർക്കാനും ഒളിത്താവളം കണ്ടെത്താനും നേരിട്ടുള്ള ദൗത്യവുമായി ഇറങ്ങും.ഹോംസ് തെളിവുകൾ ഉപയോഗിച്ച് ശത്രുവിനെ കണ്ടെത്തും. ബോണ്ട് ശത്രുവിനെ നേരിട്ട് കീഴടക്കാൻ ശ്രമിക്കും. ഒരാൾക്ക് മറ്റൊരാളുടെ കഴിവുകൾ കൂടി ലഭിച്ചാൽ ആ ദൗത്യം എത്രത്തോളം എളുപ്പമാകുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.ഷെർലക് ഹോംസ് ബുദ്ധിയുടെയും യുക്തിയുടെയും പ്രതീകമാണെങ്കിൽ ജെയിംസ് ബോണ്ട് ധൈര്യത്തിന്റെയും സാഹസികതയുടെയും പ്രതീകമാണ്. ജെയിംസ് ബോണ്ടിന്റെ ഏറ്റവും വലിയ കരുത്ത് ശാരീരികക്ഷമത, ധൈര്യം, ആയുധപ്രയോഗത്തിലെ മികവ്, വേഷം മാറാനുള്ള കഴിവ്, പ്രതിസന്ധികളിൽ പെട്ടെന്ന് തീരുമാനമെടുക്കാനുള്ള ശേഷി എന്നിവയാണ്. എന്നാൽ അമിതമായ ആത്മവിശ്വാസം, അപകടകരമായ ജീവിതശൈലി, വികാരപരമായ അടുപ്പങ്ങൾ എന്നിവ ചിലപ്പോൾ അദ്ദേഹത്തിന് വെല്ലുവിളിയാകാറുണ്ട്. മറുവശത്ത്, ഷെർലക് ഹോംസിന്റെ കരുത്ത് അസാധാരണമായ നിരീക്ഷണശേഷി, ഓർമശക്തി, യുക്തിചിന്ത, തെളിവുകൾ വിശകലനം ചെയ്യാനുള്ള കഴിവ്, സങ്കീർണമായ രഹസ്യങ്ങൾ കണ്ടെത്താനുള്ള മികവ് എന്നിവയാണ്. എന്നാൽ സാമൂഹിക ഇടപെടലുകളിലെ പരിമിതി, അന്വേഷണങ്ങളോടുള്ള അമിതമായ താൽപര്യം, വിരസതയോടുള്ള അസഹിഷ്ണുത, ശാരീരിക ഏറ്റുമുട്ടലുകളിലെ പരിമിതികൾ എന്നിവ അദ്ദേഹത്തിന്റെ ദൗർബല്യങ്ങളാണ്.
ജെയിംസ് ബോണ്ടായി സീൻ കോണറി, ജോർജ് ലേസൻബി, റോജർ മൂർ, ടിമോത്തി ഡാൾട്ടൺ, പിയേഴ്സ് ബ്രോസ്നൻ, ഡാനിയൽ ക്രെയ്ഗ് തുടങ്ങി ആറുപേർ വെള്ളിത്തിരയിലെത്തിയപ്പോൾ ഷെർലക് ഹോംസായി ബേസിൽ റാത്ബോൺ, പീറ്റർ കുഷിങ്, ജെറമി ബ്രെറ്റ്, റോബർട്ട് ഡൗണി ജൂനിയർ, ബെനഡിക്ട് കംബർബാച്ച്, ഹെൻറി കാവിൽ തുടങ്ങിയ നിരവധി അഭിനേതാക്കളും ശ്രദ്ധേയ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിൽ പിറന്ന ഈ രണ്ട് കഥാപാത്രങ്ങളും ഒരേ സിനിമയിൽ ഔദ്യോഗികമായി ഒന്നിച്ചെത്തിയിട്ടില്ല. എന്നാൽ അത്തരമൊരു പരീക്ഷണം സിനിമാലോകത്ത് വലിയ കൗതുകമുണ്ടാക്കുമെന്നതിൽ സംശയമില്ല. ബോണ്ടിന്റെ സാഹസികതയും ഹോംസിന്റെ അസാധാരണ ബുദ്ധിയും ഒരുമിച്ചാൽ അത് പ്രേക്ഷകർക്ക് മറക്കാനാകാത്തൊരു ത്രില്ലർ അനുഭവമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.