കൊച്ചി: രാജി വെച്ച അമ്മ അംഗങ്ങളെ സംഘടനയിൽ തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്ന് അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ. അമ്മയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ട്. എല്ലാവരേയും ഒന്നിച്ചുകൊണ്ടുപോകാൻ ശ്രമിക്കുമെന്നും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം മാധ്യമ പ്രവർത്തകരോട് ശ്വേത മേനോൻ പറഞ്ഞു.
'അമ്മ' ഒരു സ്ത്രീയാകണമെന്ന് നിങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ ഒരു സ്ത്രീയായി. എല്ലാവരുടെയും പിന്തുണ വേണം. സിനിമയില്‍ സ്ത്രീ എന്നോ പുരുഷനെന്നോ ഇല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാവരും കഥാപാത്രങ്ങളാണ്. ആക്ഷന്റെയും കട്ടിന്റെയും ഇടയിലെ ജീവിതമാണ് നമ്മള്‍ നയിക്കുന്നത്. അംഗങ്ങളായ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകും,' ശ്വേത മേനോന്‍ പറഞ്ഞു.
മലയാള സിനിമാതാരങ്ങളുടെ സംഘടനയുടെ ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ശ്വേത മേനോൻ അമ്മ പ്രസിഡന്റായും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാലാണ് ട്രഷറർ. ജയൻ ചേർത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ എതിരില്ലാതെ നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മോഹൻലാൽ ഒഴിവായതോടെ പ്രസിഡൻറ് സ്ഥാനത്തേക്ക് ശ്വേത മേനോനെതിരെ ദേവനാണ് മത്സരിച്ചത്. ജനറൽ സെക്രട്ടറിയാകാൻ കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നു. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലിനെതിരെ അനൂപ് ചന്ദ്രനാണ് മത്സരിച്ചത്. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ രാവിലെ 9.30നാണ് അമ്മ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങിയത്. ഉച്ചക്ക് ഒരു മണിയോടെ വോട്ടെടുപ്പ് പൂർത്തിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.