20 കോടിയുടെ വിജയ് സേതുപതി ചിത്രം ബോക്സ് ഓഫിസിൽ ദുരന്തമായി, ഒ.ടി.ടിയിലെത്തിയതും ആരും അറിഞ്ഞില്ല

ചെന്നൈ: തെന്നിന്ത്യയില്‍ ഒട്ടാകെ ആരാധകരുള്ള താരമായ വിജയ് സേതുപതിയുടെ പുതിയ ചിത്രം ബോക്സ് ഓഫിസിൽ ദുരന്തമായി മാറിയതിന് പിന്നാലെ ആരോരും അറിയാതെ ഒ.ടി.ടി.യിലും എത്തി. മഹാരാജ, 96 അടക്കമുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾ വിജയ് സേതുപതിയുടെ ഹിറ്റ് ചാർട്ടിൽ ഉണ്ടെങ്കിലും മെയ് മാസം 23 ന് റിലീസായ എയ്സ് എന്ന ചിത്രം ബോക്സ് ഓഫിസിൽ തകർന്നടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോരുമറിയാതെ ചിത്രം ഒ.ടി.ടിയിലെത്തിയത്.

അറുമുഖ കുമാര്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്ന എയ്സ് റൊമാന്‍റിക് ക്രൈം കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. 'ബോൾഡ് കണ്ണൻ' എന്ന വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രവും അയാൾക്ക് ചുറ്റും സംഭവിക്കുന്ന ക്രൈമും കോമഡിയും നിറഞ്ഞ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പ്രൈം വിഡിയോസിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

തുടക്കത്തിൽ ഏകദേശം ഒരു കോടി രൂപയോളം നേടിയ സിനിമക്ക് തുടർന്നുള്ള ദിവസങ്ങളിൽ കളക്ഷൻ വർധിപ്പിക്കാനായില്ല. മോശം പ്രതികരണങ്ങളും പ്രൊമോഷന്റെ കുറവും സിനിമയുടെ പ്രകടനത്തെ സാരമായി ബാധിച്ചു.

20 കോടിക്ക് മുകളില്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം തീയറ്ററില്‍ നിന്നും 9.40 കോടി രൂപ മാത്രമാണ് നേടിയിരിക്കുന്നത്. രുക്മിണി വസന്ത് നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബു, ബി.എസ് അവിനാഷ്, ബബ്ലൂ പൃഥ്വിരാജ്, ദിവ്യ പിള്ള, രമേശ് തിലക് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Tags:    
News Summary - Vijay Sethupathi's 20 crore film was a disaster at the box office, no one even knew it was on OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.