2018 ൽ തിയറ്ററുകളിൽ എത്തിയ റൊമാന്റിക് ചിത്രമാണ് 96. റിലീസ് ചെയ്ത് ഏകദേശം ഏഴ് വർഷങ്ങൾ കഴിഞ്ഞിട്ടും, വിജയ് സേതുപതിയും തൃഷയും തമ്മിലുള്ള സ്‌ക്രീനിലെ കെമിസ്ട്രിക്ക് ഇപ്പോഴും ആരാധകരുണ്ട്. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് സംവിധായകൻ പ്രേംകുമാർ സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന്, ചിത്രത്തിൽ വിജയ് സേതുപതിക്ക് പ്രദീപ് രംഗനാഥൻ പകരക്കാരനാകുമെന്ന് അഭ്യൂഹങ്ങൾ പരന്നു. ഇപ്പോൾ സംവിധായകൻ തന്നെ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.
പ്രചരിക്കുന്ന വാർത്ത പൂർണമായും തെറ്റാണെന്ന് സംവിധായകൻ പ്രേംകുമാർ വ്യക്തമാക്കി. ആദ്യ ചിത്രത്തിലെ അഭിനേതാക്കളെ വെച്ച് മാത്രമേ രണ്ടാം ഭാഗം നിർമിക്കാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. നടൻ പ്രദീപ് രംഗനാഥനെ താൻ സമീപിച്ചിരുന്നുവെന്നും എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു പ്രോജക്റ്റിനായിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇതും പതിവുപോലെ ഒരു വ്യാജ വാർത്തയാണ്. 96 എന്ന സിനിമയിലെ അഭിനേതാക്കളെ വെച്ച് മാത്രമേ രണ്ടാം ഭാഗം നിർമിക്കാൻ കഴിയൂ. നടൻ ശ്രീ പ്രദീപ് രംഗനാഥനെ സമീപിച്ചത് വ്യത്യസ്തമായ ഒരു കഥക്കാണെന്ന് വ്യക്തമാക്കുന്നു. 96-2 മായി ഇതിന് ബന്ധമില്ല. ഇത്തരം വ്യാജ വാർത്തകൾ കൈകാര്യം ചെയ്യുന്നത് ദിവസം തോറും കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്' അദ്ദേഹം എഴുതി.
ഒരു അവാർഡ് ദാന ചടങ്ങിൽ, 96 ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്ന് സംവിധായകൻ പ്രേംകുമാർ സ്ഥിരീകരിച്ചിരുന്നു. കഥ എഴുതിയിട്ടുണ്ടെന്നും. ആദ്യ ഭാഗത്തിൽ പ്രത്യക്ഷപ്പെട്ട അഭിനേതാക്കൾ വീണ്ടും അവരുടെ വേഷങ്ങൾ അവതരിപ്പിക്കും. അതിൽ ഒരു മാറ്റവുമില്ല എന്നും അദ്ദേഹം പറഞ്ഞു. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഇപ്പോഴും നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.