കാർത്തിയുടെ 'വാ വാത്തിയാർ' നിയമക്കുരുക്കിൽ; റിലീസ് വൈകിയേക്കും

കാർത്തി നായകനാകുന്ന വാ വാത്തിയാറിന്റെ റിലീസിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നളൻ കുമാരസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി ഷെട്ടി നായികയായി അഭിനയിക്കുന്നു, സത്യരാജ്, ആനന്ദ് രാജ്, രാജ്കിരൺ, കരുണാകരൻ, ജി.എം. സുന്ദർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സൂര്യയുടെ 'കങ്കുവ' എന്ന ചിത്രം നിർമിച്ച പ്രൊഡക്ഷൻ ഹൗസാണ് ഈ ചിത്രവും നിർമിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ചിത്രം നിയമപരമായ തർക്കത്തിൽ അകപ്പെട്ടിരിക്കുകയാണ്.

മദ്രാസ് ഹൈകോടതിയിൽ ചിത്രത്തിന് എതിരായി ഹരജി വന്നതോടെ ചിത്രത്തിന് ഇടക്കാല സ്റ്റേ ഏർപ്പെടുത്തി. ന്യൂസ് 18 റിപ്പോർട്ട് പ്രകാരം അർജുൻലാൽ സുന്ദർദാസ് എന്ന വ്യക്തിയാണ് ഹരജിക്കാരൻ. 'വാ വാത്തിയാർ' പ്രൊഡക്ഷൻ കമ്പനി തന്നിൽ നിന്ന് 10 കോടി 35 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെന്നും തുക അടക്കുന്നതുവരെ ചിത്രം റിലീസ് ചെയ്യരുതെന്ന് കോടതിയോട് അഭ്യർത്ഥിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഹരജി സ്വീകരിച്ച ജഡ്ജി ചിത്രത്തിന്റെ റിലീസ് താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു. ഡിസംബർ 12ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് തീയതിയിൽ ഇത് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഉത്തരവ് പിൻവലിച്ചതിനുശേഷം മാത്രമേ ചിത്രം റിലീസ് ചെയ്യാൻ കഴിയൂ.

കാതലും കടന്തു പോവും എന്ന ചിത്രം കഴിഞ്ഞ് എട്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് നളൻ കുമാരസാമി സിനിമയിലേക്ക് തിരികെ എത്തുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ഇതിനോടകം ആമസോൺ പ്രൈം സ്വന്തമാക്കി. ചിത്രത്തിൽ കടുത്ത എം.ജി.ആർ ആരാധകനായിട്ടാണ് കാർത്തി എത്തുന്നത്. എം.ജി.ആറിനെ തമിഴ്‌നാട്ടിൽ ആരാധനയോടെ വിളിക്കുന്ന പേരുകളിൽ ഒന്നാണ് 'വാത്തിയാർ'.

എം.ജി.ആർ അഭിനയിച്ച നമ്മ നാട് എന്ന ചിത്രത്തിലെ 'വാംഗയ്യ വാത്തിയാർ അയ്യ' എന്ന ഗാനം ഹിറ്റായതോടെയാണ് എം.ജി.ആറിനെ വാത്തിയാർ എന്ന് വിളിച്ചു തുടങ്ങിയത്. അതേസമയം തൊണ്ണൂറുകളിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങൾക്കും ഉള്ള ആദരവാണ് തന്റെ ചിത്രമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ. ഇ. ജ്ഞാനവേൽ രാജയാണ് ചിത്രം നിർമിച്ചത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവിട്ടിരുന്നു.

അതേസമയം, മെയ്യഴകൻ ആണ് അവസാനമായി തിയറ്ററിൽ എത്തിയ കാർത്തി ചിത്രം. കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ഫീൽ ഗുഡ് ഡ്രാമയായിരുന്നു മെയ്യഴകൻ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമക്ക് എന്നാൽ തിയറ്ററിൽ അർഹിച്ച വിജയം നേടാനായില്ല. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  

Tags:    
News Summary - Vaa Vaathiyaar: Karthis film faces interim stay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.