കമൽഹാസനും ചിമ്പുവും പ്രധാന വേഷങ്ങളിൽ അഭിനയിച്ച തഗ് ലൈഫ് ജൂൺ അഞ്ചിനാണ് തിയറ്ററിൽ എത്തിയത്. വലിയ ഇടവേളക്ക് ശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ വലിയ പ്രതിക്ഷയിലായിരുന്നു ആരാധകർ. എന്നാൽ തിയറ്ററിൽ ചിത്രത്തിന് മികച്ച അഭിപ്രായം നേടാനായില്ല. ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയിൽ എത്തുന്നതായാണ് പുതിയ റിപ്പോർട്ട്.
തുടക്കത്തിൽ റിലീസിന് എട്ട് ആഴ്ചക്ക് ശേഷം ഒ.ടി.ടിയിൽ എന്ന കരാർ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ചിത്രം ബോക്സ് ഓഫിസിൽ പരാജയപ്പെട്ടതിനാൽ വീണ്ടും ചർച്ച നടത്തി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, തഗ് ലൈഫ് ഒരു മാസത്തിനുള്ളിൽ ഒ.ടി.ടിയിൽ എത്തും. അതിനാൽ, 2025 ജൂലൈ നാലിന് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, എന്നാൽ നാല് ആഴ്ചക്കുള്ളിൽ സ്ട്രീമിങ്ങിന് ഒരുങ്ങുന്നതിനാൽ മൾട്ടിപ്ലെക്സുകളുമായി ഒപ്പുവച്ച ധാരണ ലംഘിക്കപ്പെട്ടതിനെ തുടർന്ന് 25 ലക്ഷം രൂപ പിഴയൊടുക്കണമെന്നാണ് അണിയറപ്രവർത്തകർക്ക് നിർദേശം ലഭിച്ചിരുന്നു. 130 കോടിക്കാണ് ചിത്രത്തിന്‍റെ റൈറ്റ്സ് നെറ്റ്ഫ്ലിക്സിന് വിറ്റത്. നേരത്തെ പ്രദർശനത്തിന് എത്തുന്നതിനാൽ ഈ തുക നെറ്റ്ഫ്ലിക്സ് വെട്ടിക്കുറച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. 200 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രമാണിത്.
രാജ് കമൽ ഫിലിംസ് ഇന്‍റർനാഷനൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്‍റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, ആർ. മഹേന്ദ്രൻ, മണിരത്‌നം, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും എ. ശ്രീകർ പ്രസാദ് എഡിറ്റിങും നിർവഹിക്കുന്ന ചിത്രത്തിന് എ. ആർ. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. കമൽഹാസന്‍റെ സഹകരണത്തോടെ മണിരത്‌നമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അഭിരാമി, ജോജു ജോർജ്, നാസർ, തൃഷ, മഹേഷ് മഞ്ജരേക്കർ, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടിക്കിടെ കമൽ ഹാസൻ നടത്തിയ പരാമർശം കർണാടകയിൽ സിനിമ നിരോധിക്കുന്നതിന് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.