'ഞങ്ങളേക്കാൾ മുൻപ്, ഒരുപാട് കാലമായി ഈ സിനിമ സ്വപ്‌നം കണ്ടത് ഇവർ'; 'തുടരും' നാളെ തിയറ്ററുകളിൽ

മോഹൻലാലിനെയും ശോഭനയോയും പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'തുടരും' നാളെ തിയറ്ററുകളിൽ എത്തുകയാണ്. റിലീസിന് മുമ്പ് സിനിമയെക്കുറിച്ച് ചില കാര്യങ്ങൾ കൂടി പങ്കുവെച്ചിരിക്കുകയാണ് തരുൺ മൂർത്തി. ഈ അവസരത്തിൽ പേരെടുത്ത് പറയണ്ട ഒരുപാട് വ്യക്തികൾ ഉണ്ടെന്നും എന്നാൽ മൂന്നു പേരുകൾ പറയാതെ കുറിപ്പ് അവസാനിപ്പിക്കാൻ പറ്റില്ലെന്നും തരുൺ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

'ഈ മൂന്നാമൂഴത്തിൽ എന്‍റെ സിനിമ യാത്രക്ക് കൂട്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളായ മോഹൻലാൽ സാറും, ശോഭന മാമും കൂടെയുണ്ട് എന്നതാണ് ഏറ്റവും സന്തോഷം നല്കുന്ന കാര്യം... മലയാളികൾ കണ്ടു വളർന്ന ആ ജനപ്രിയ കൂട്ടുകെട്ടിനെ വീണ്ടും തിരശ്ശീലയിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്' -തരുൺ കുറിച്ചു.

തരുൺ മൂർത്തിയുടെ കുറിപ്പ്

പ്രിയപെട്ടവരെ....

തുടരും എന്ന നമ്മുടെ ചിത്രം നാളെ മുതൽ നിങ്ങളുടെ അടുത്തുള്ള പ്രദർശന ശാലകളിലേക്ക് എത്തുകയാണ്... ഈ മൂന്നാമൂഴത്തിൽ എന്‍റെ സിനിമാ യാത്രക്ക് കൂട്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളായ മോഹൻലാൽ സാറും, ശോഭന മാമും കൂടെയുണ്ട് എന്നതാണ് ഏറ്റവും സന്തോഷം നല്കുന്ന കാര്യം...

മലയാളികൾ കണ്ടു വളർന്ന ആ ജനപ്രിയ കൂട്ടുകെട്ടിനെ വീണ്ടും തിരശ്ശീലയിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്, നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിലേക്ക് ഈ സിനിമ കാണാൻ എല്ലാവരും എത്തും എന്ന പ്രതീക്ഷയിൽ, അതിലുപരി സിനിമ ഇഷ്ടമായാൽ നിങ്ങൾ മറ്റുള്ളവരോട് ഈ സിനിമ കാണാൻ പറയും എന്ന വിശ്വാസത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഞങ്ങൾ ഒരുമിച്ചു കണ്ട, മെനെഞ്ഞെടുത്ത ഞങ്ങളുടെ സ്വപ്നം നിങ്ങളെ ഏല്പിക്കുകയാണ്...

പേരെടുത്ത പറയണ്ട ഒരുപാട് പേരുകൾ ഉണ്ട് എനിക്ക് ഒപ്പം ഈ സിനിമയ്ക്ക് വേണ്ടി രാപ്പകൽ മനസ് കൊണ്ടും ശരീരം കൊണ്ടും പണി എടുത്തവർ, സ്നേഹിച്ചവർ, കരുതലായി നിന്നവർ.

പക്ഷേ മൂന്നു പേരുകൾ പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാൻ പറ്റില്ല.

സുനിലേട്ടാ, രഞ്ജിത്തേട്ടാ, ലാലേട്ടാ ഒരു പക്ഷേ എന്നേക്കാളും/ഞങ്ങളെക്കാളും മുൻപ് ഒരുപാട് കാലമായി ഈ സിനിമ സ്വപ്നം കണ്ടത് നിങ്ങളാണ്..

ഇത്ര കാലം നിങ്ങൾ ഈ സിനിമയോട് നല്കിയ സ്നേഹത്തിന് പ്രതിഫലമായി സിനിമ നിങ്ങളെ, നമ്മളെ സ്നേഹിക്കുന്ന ദിനങ്ങൾക്കായി സ്നേഹത്തോടെ നമുക്ക് തുടരാം...അല്ല തുടരണം.

എന്ന് സ്വന്തം

തരുൺ മൂർത്തി

Tags:    
News Summary - thudarum in theaters tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.