2004ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി സിനിമ. അക്ഷയ് കുമാറിന്‍റെ നായികയായി ശ്രീദേവി അഭിനയിച്ച ഒരേയൊരു ചിത്രം. ശ്രീദേവിയുടെ വലിയ ആരാധകനാണെന്ന് താനെന്ന് അക്ഷയ് കുമാർ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. തന്റെ കരിയറിൽ ഒരു തവണ മാത്രമേ ശ്രീദേവിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ളുവെന്നും പിന്നീടൊരിക്കലും ആ അവസരം ലഭിച്ചിട്ടില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു. പറഞ്ഞുവന്നത് 'മേരി ബീവി കാ ജവാബ് നഹിൻ' എന്ന ചിത്രത്തെക്കുറിച്ചാണ്.
പങ്കജ് പരാശറായിരുന്നു ചിത്രത്തിന്‍റെ സംവിധായകൻ. 1992ൽ പുറത്തിറങ്ങിയ 'മോണ്ടി മൊഗുഡു പെങ്കി പെല്ലം' എന്ന തെലുങ്ക് ചിത്രത്തിന്‍റെ റീമേക്കാണ് 'മേരി ബീവി കാ ജവാബ് നഹിൻ'. അനുപം ഖേർ, ഗുൽഷൻ ഗ്രോവർ, ജോണി ലിവർ, കിരൺ കുമാർ, നീന ഗുപ്ത, ജഗദീഷ് രാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. എന്നാൽ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല.
'മേരി ബീവി കാ ജവാബ് നഹിൻ' ബോക്സ് ഓഫിസിൽ പരാജയപ്പെട്ടത് രണ്ട് കാരണങ്ങൾ കൊണ്ടായിരുന്നു. ഒന്നാമത്തേത് സിനിമ പുറത്തിറങ്ങാനെടുത്ത കാലതാമസമായിരുന്നു. 1994ൽ ചിത്രീകരിച്ച ചിത്രം 10 വർഷം വൈകി 2004ലാണ് റിലീസ് ചെയ്തത്. ക്ലൈമാക്സ് ഇല്ലാതെ ചിത്രം റിലീസ് ചെയ്തു എന്നതാണ് രണ്ടാമത്തെ കാരണം.
2016ൽ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ അക്ഷയ് കുമാർ തന്നെ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. 'മേരി ബീവി കാ ജവാബ് നഹിൻ' ക്ലൈമാക്സ് ഇല്ലാതെയാണ് പുറത്തിറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. അവസാനം ഒരു പ്രതികാര രംഗമുണ്ടായിരുന്നു. പക്ഷേ അത് ചിത്രീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ചിത്രീകരണത്തിനിടെ ശ്രീദേവിക്ക് വീണ് പരിക്കേറ്റിരുന്നു. ഇത് സിനിമയുടെ ചിത്രീകരണത്തിന് കാലതാമസം വരുത്തിയെന്ന് റിപ്പോർട്ടുണ്ട്. സിനിമയിൽ അക്ഷയ് കുമാർ കോടതിയിൽ ഹാജരാകുന്ന ഒരു രംഗമുണ്ട്. ഈ രംഗത്തിന് 36 റീടേക്കുകൾ വേണ്ടിവന്നിരുന്നു. ഒരു ഘട്ടത്തിൽ വളരെ അസ്വസ്ഥനായ അദ്ദേഹം ആ രംഗം ചെയ്യാൻ വിസമ്മതിച്ചതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.