'ഗബ്ബറിന്റെ താവളം' ഇവിടെയുണ്ട്! 'ഷോലെ'യുടെ പേരിൽ അറിയപ്പെടുന്ന കർണാടകയിലെ സ്ഥലം ഇതാണ്...

'ഷോലെ' സിനിമയുടെ പേരിൽ അറിയപ്പെടുന്ന കർണാടകയിലെ സ്ഥലമുണ്ട്, ‘രാമനഗര’. സിനിമയിലെ സാങ്കൽപ്പിക ഗ്രാമമായ രാംഗഢ് ആയാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഷോലെയിലെ കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും പോലെ തന്നെ ഈ ലൊക്കേഷനും ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ പ്രധാന സ്ഥാനം നേടിയിട്ടുണ്ട്. ടിപ്പു സുൽത്താന്റെ ഭരണകാലത്ത് ശംഷേരാബാദ് എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. രാമനഗര ചരിത്രത്തിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് പട്ടുനൂൽ ഉൽപാദനത്തിലൂടെയാണ്. ഇതിനെ ‘ഇന്ത്യയുടെ സിൽക്ക് നഗരം’ എന്ന് വിശേഷിപ്പിക്കാറുണ്ട്.

ബംഗളൂരുവിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന രാമനഗരയിലെ പാറക്കെട്ടുകളും കുന്നുകളും നിറഞ്ഞ ഭൂപ്രകൃതിയാണ് ഷോലെയുടെ പ്രധാന ലൊക്കേഷനായി തിരഞ്ഞെടുത്തത്. ഇവിടെയുള്ള രാമദേവര ബെട്ട എന്ന കുന്നാണ് സിനിമയിൽ ഗബ്ബറിന്റെ ഒളിത്താവളമായി കാണിച്ചത്. ഇന്നും ഈ പ്രദേശം 'ഷോലെ കുന്നുകൾ' എന്നും 'ഗബ്ബറിന്റെ താവളം' എന്നും അറിയപ്പെടുന്നു. സിനിമ ഇറങ്ങിയതിന് ശേഷം രാമനഗര ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി മാറി. സിനിമാപ്രേമികൾക്ക് പുറമെ ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്കും പക്ഷിനിരീക്ഷകർക്കും ഏറെ പ്രിയപ്പെട്ട സ്ഥലമാണിത്. കാരണം ഇവിടെ ഒരു കഴുകൻ സംരക്ഷണ കേന്ദ്രവും സ്ഥിതിചെയ്യുന്നുണ്ട്.

'ഷോലെ' കൂടാതെ, ഡേവിഡ് ലീനിന്റെ പ്രശസ്തമായ സിനിമയായ ‘എ പാസേജ് ടു ഇന്ത്യ’യുടെയും റിച്ചാർഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ എന്ന സിനിമയുടെയും ചില ഭാഗങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 1975 ആഗസ്റ്റ് 15നാണ് ഷോലെ ഇറങ്ങിയത്. ഈ വർഷം ആഗസ്റ്റ് 15ന് 50 വർഷം തികയുകയാണ്. ബോളിവുഡ് ചരിത്രത്തിൽ പ്രദർശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച ചിത്രമാണ് ഷോലെ. 1975 ൽ പുറത്തിറങ്ങിയ രമേശ് സിപ്പി സംവിധാനം ചെയ്ത ഷോലെ, ഏറ്റവും ജനപ്രിയമായ ഇന്ത്യൻ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഷോലെയാണ് തിയറ്ററുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമ.

റിലീസ് ചെയ്തപ്പോള്‍ തന്നെ ചിത്രം നിരവധി ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ ചിത്രം തകര്‍ത്തിരുന്നു. ബോക്‌സ് ഓഫീസില്‍ നിന്ന് 15 കോടിയിലധികമാണ് ഷോലെ നേടിയത്. ആഗോളതലത്തിലും ചിത്രം ഹിറ്റായിരുന്നു. പ്രത്യേകിച്ച് സോവിയറ്റ് യൂണിയനില്‍ ആറ് കോടി ടിക്കറ്റുകളാണ് വിറ്റുപോയത്. യൂറോപ്പ്, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി ഷോലെ ഒരു കോടിയിലധികം ടിക്കറ്റുകള്‍ വിറ്റഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags:    
News Summary - The place in Karnataka famous for the movie 'Sholay'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.