‘ജയ് ഗണേഷ്’ എന്ന പേര് നേരത്തെ തീരുമാനിച്ചത്, മിത്ത് വിവാദവുമായി കൂട്ടിക്കുഴക്കേണ്ടതില്ല -സംവിധായകൻ രഞ്ജിത്ത് ശങ്കർ

ഉണ്ണി മുകുന്ദൻ നായകനായി പ്രഖ്യാപിച്ച ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ മിത്ത് വിവാദങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്തതെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ. ‘മിത്താണോ? ഭാവനയോ? സാങ്കൽപ്പിക കഥാപാത്രമോ? അതോ യാഥാർഥ്യമോ?' എന്ന ടാഗ്‌ലൈനോടെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചിത്രത്തിന്റെ പേര് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

സ്പീക്കർ എ.എൻ. ഷംസീറിന്റെ മിത്ത് പരാമർശം ചർച്ചയായതോടെയാണ് ഇത്തരമൊരു ചിത്രവുമായി ഉണ്ണി മുകുന്ദൻ എത്തുന്നതെന്നും വിവാദങ്ങൾക്കിടെ തട്ടിക്കൂട്ടിയ സിനിമയാണെന്നും ഇതിൽ രാഷ്ട്രീയമുണ്ടെന്നുമൊക്കെയായിരുന്നു വിമർശനങ്ങൾ.

എന്നാൽ, സിനിമക്ക് ഏറ്റവും അനുയോജ്യമായതിനാലാണ് ‘ജയ് ഗണേഷ്’ എന്ന പേര് നൽകിയതെന്നും സിനിമ കാണുമ്പോൾ അത് മനസ്സിലാകുമെന്നും സംവിധായകൻ രഞ്ജിത് ശങ്കർ വിശദീകരിച്ചു. തന്റെ സിനിമകൾ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടു മാസം മുമ്പ് തന്നെ പേര് പ്രഖ്യാപിക്കാറുണ്ട്. ടൈറ്റിൽ രജിസ്ട്രേഷൻ ഒരുപാട് സമയമെടുക്കുന്നതാണ്. അത് കഴിഞ്ഞ ജൂണിൽ പൂർത്തിയായതുമാണ്. ഇപ്പോഴത്തെ വിവാദവുമായി സിനിമയുടെ പേര് കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

‘ജയ് ഗണേഷ് എന്ന സിനിമയുടെ പേര് 2023 ജൂൺ 19ന് രഞ്ജിത്ത് ശങ്കർ രജിസ്റ്റർ ചെയ്തതാണ്. 2023 ജൂലൈ 21ന് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്. രഞ്ജിത് ശങ്കർ ഇതുവരെ ചെയ്തതിൽനിന്ന് വ്യത്യസ്തമായ ഒരു കോമഡി ത്രില്ലർ എന്റർടെയ്‌നറായിരിക്കും ജയ് ഗണേഷ്. സിനിമയുടെ ചിത്രീകരണം നവംബർ ഒന്നിന് ആരംഭിക്കും’, അണിയറപ്രവർത്തകർ പറഞ്ഞു.   

സ്പീക്കർ ഷംസീറിന്റെ ഗണപതിയുമായി ബന്ധപ്പെട്ട മിത്ത് പരാമർശത്തിനെതിരെ നിരവധി ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നിരുന്നു. നടൻ ഉണ്ണി മുകുന്ദന് പുറമെ സുരേഷ് ഗോപി, ജയസൂര്യ, നടി അനുശ്രീ എന്നിവരും വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ‘‘ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ. ഇതെല്ലാം കഴിഞ്ഞ് നിങ്ങളും മിത്താണെന്നു പറയും’’ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകൾ. ഉണ്ണി മുകുന്ദന്റെ നിർമാണ കമ്പനിയും ഡ്രീംസ് ആൻഡ് ബിയോണ്ടും ചേർന്നാണ് ജയ് ഗണേഷ് നിർമിക്കുന്നത്.

Tags:    
News Summary - The name 'Jai Ganesh' was decided earlier, not to be confused with myth controversy -Director Ranjith Shankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.