ചലച്ചിത്ര മേഖലക്കും വേണം കരുതലുള്ള കരങ്ങള്‍ -പി.ആർ.സുമേരൻ

കേരളാ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, കലാ സാസ്ക്കാരിക ക്ഷേമനിധി ബോര്‍ഡ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളിലും അനുബന്ധ ചലച്ചിത്ര സാംസ്ക്കാരിക ഏജന്‍സികളുടെ തലപ്പത്തും കാര്യക്ഷമതയും കഴിവും അനുഭവവുമുള്ള പ്രതിഭാധനരായ കലാകാരന്മാരെ നിയമിക്കാന്‍ പുതിയ സര്‍ക്കാര്‍ തയാറാവണമെന്ന് ആവശ്യപ്പെടുന്നു. മുന്‍കാലങ്ങളില്‍ കഴിവില്ലാത്തവരെ നിയമിച്ചിരുന്നു എന്നല്ല അവരൊക്കെ തന്നെ മികച്ച സേവനങ്ങള്‍ അനുഷ്ഠിച്ചവരാണ് പക്ഷേ കഴിഞ്ഞ പത്ത് വര്‍ഷത്തെ ചലച്ചിത്ര അക്കാദമി അടക്കമുള്ള സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ പരാതികള്‍ക്കും വിവാദങ്ങള്‍ക്കും ഇടയൊരുക്കിയിരുന്നു.

സ്വതന്ത്ര ചിന്താഗതിയും നിലപാടുമുള്ള ചില വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും സര്‍ക്കാര്‍ തള്ളിപ്പറയാറുണ്ട്. ഭരണാധികാരികളുടെ ചട്ടുകങ്ങള്‍ക്കാണ് പലപ്പോഴും അവസരങ്ങള്‍ കൊടുക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം പോരായ്മകളും വീഴ്ചകളും സംഭവിക്കാറുമുണ്ട്. നടനും എഴുത്തുകാരനുമായിരുന്ന പ്രേംകുമാര്‍ അക്കാദമിയുടെ ചെയര്‍മാന്‍ പദിവിയിലിരുന്ന ഘട്ടത്തില്‍ പല തരത്തിലുള്ള അസ്വാരസ്യങ്ങളും പൊട്ടിത്തെറികളും ഉണ്ടായിട്ടുണ്ട്. പക്ഷേ അദ്ദേഹം മികച്ച രീതിയില്‍ തന്നെ തന്‍റെ സേവനം അനുഷ്ഠിച്ചതായി ചലച്ചിത്രലോകവും പൊതുസമൂഹവും വിലയിരുത്തിയിട്ടുണ്ട്.

ചെയര്‍മാന്‍ പദവികളിലേക്കും മറ്റും ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടും അതിനായുള്ള മണിയടിയും വഴിപാടും നടത്തി ഇനി പലരും രംഗത്തിറങ്ങുന്നത് സമീപകാലത്ത് നമുക്ക് കാണാന്‍ കഴിയും. ശുപാര്‍ശകളും ബന്ധങ്ങളും ഉപയോഗിച്ച് ചെയര്‍മാന്‍ പദവികളിലും മറ്റും കഴിവില്ലാത്തവര്‍ കയറിക്കൂടിയാല്‍ അത് ചലച്ചിത്ര മേഖലക്ക് ഭൂഷണമാകില്ല. പുതിയ കാലത്ത് സിനിമ വലിയ മാറ്റത്തിന്‍റെ വഴിയിലാണ്. സാങ്കേതികമായും മറ്റ് ഇതര രംഗങ്ങളിലും സിനിമ മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കഴിവും പ്രാപ്തിയും ഇച്ഛാശക്തിയുമുള്ള ചലച്ചിത്ര അതികായകന്മാര്‍ ചലച്ചിത്ര അക്കാദമി അടക്കമുള്ള മേഖലകളില്‍ വരണമെന്നാണ് താല്പര്യപ്പെടുന്നത്.

ചലച്ചിത്ര സംഘടനകളുടെയും മറ്റും ചെയര്‍മാന്‍ പദവികള്‍ വഹിക്കുകയും തിരക്കുകളുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ പദവികളിലേക്ക് നിയോഗിക്കാതിരിക്കുന്നതാണ് നല്ലത്. സിനിമയുടെ തിരക്കുകള്‍ ഇല്ലാത്ത എന്നാല്‍ സിനിമാ മേഖലയെക്കുറിച്ച് അഗാധമായ അറിവും അനുഭവസമ്പത്തുമുള്ള ഒട്ടേറെപ്പേര്‍ സിനിമാ മേഖലയില്‍ ഉണ്ട്. പുതിയ കാലത്തിനനുസരിച്ച് ചലച്ചിത്ര രംഗത്തിന്‍റെ വളര്‍ച്ചക്ക് അനുസൃതമായ ആശയങ്ങള്‍ ആവിഷ്ക്കരിക്കാനും വിഭാവനം ചെയ്യാനും കഴിവുള്ളവരും സിനിമയെ സ്നേഹിക്കുകയും സിനിമാ പ്രവര്‍ത്തകരോട് സഹാനുഭൂതിയും സാഹോദര്യമാനോഭാവം പുലര്‍ത്തുന്നവരെയും പരിഗണിക്കാന്‍ സര്‍ക്കാരും സാംസ്ക്കാരിക വകുപ്പും തയാറാകണമെന്നും ആവശ്യപ്പെടുന്നു.

Tags:    
News Summary - The film industry also needs caring hands - P.R. Sumeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.