മോഹൻലാൽ-ശോഭന കൂട്ടുക്കെട്ടിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ശോഭന ജോഡികളായെത്തുന്ന ചിത്രമായതിനാൽ തന്നെ ആരാധകരിൽ ഒരുപാട് പ്രതീക്ഷയാണ് തുടരുമിലുള്ളത്. തുടരുമിന് ആദ്യം വിന്‍റേജ് എന്ന് പേരിടാനായിരുന്നു ഉദ്ദേശിച്ചതെന്നും എന്നാൽ വെറുതെ അങ്ങനെ അനാവശ്യമായി ഒരു വിന്റേജ് റഫറൻസിന്റെ ആവശ്യമുണ്ടോ എന്ന ചിന്ത മൂലമാണ് ആ പേര് ഉപേക്ഷിച്ചത് എന്ന് തരുൺ പറഞ്ഞു.
'സിനിമയുടെ പേരിന് ഒരു യൂനീക്നസ് വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പേരാണ് പ്രേക്ഷകരുടെ ഉള്ളിൽ ആദ്യം പതിയേണ്ടത്. പേരില്ലാതെയാണ് ഞാൻ ഷൂട്ട് ആദ്യം തുടങ്ങിയത്. ഷൂട്ടിങ്ങിനിടയിലാണ് തുടരും എന്ന പേര് കിട്ടുന്നത്. ഈ സമയം സിനിമയുടെ ടൈറ്റിൽ അനൗൺസ് ചെയ്യണം എന്ന് പറഞ്ഞുകൊണ്ട് ഒരു ക്യാംപെയ്ൻ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. അപ്പോഴാണ് മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ട് ഹേമ കമ്മിറ്റി ഉൾപ്പടെയുള്ള സംഭവങ്ങളുണ്ടാകുന്നത്. അപ്പോഴും സിനിമയുടെ ടൈറ്റിൽ പുറത്തുവിടാൻ ആരാധാകർ പറയുന്നുണ്ട്. എന്റെ മനസ്സിലാണെങ്കിൽ തുടരും എന്ന ടൈറ്റിലാണ് ഉള്ളത്. എങ്ങനെ ഞാൻ ആ ടൈറ്റിൽ പുറത്തുവിടും. അങ്ങനെ ആ പ്രശ്നങ്ങൾ അവസാനിക്കും വരെ കാത്തിരുന്നു,' എന്ന് തരുൺ മൂർത്തി പറഞ്ഞു.
'തുടരും എന്ന പേര് സിനിമയുമായി ചേർന്ന് നിൽക്കുന്നതാണ്. എന്ത് പ്രശ്നങ്ങൾ സംഭവിച്ചാലും ഒരാളുടെ ലൈഫ് തുടരും എന്ന് പറയുന്ന ഫോർമാറ്റിലാണ് തുടരും എന്ന ടൈറ്റിൽ നൽകിയത്. ലാസ്റ്റ് ഷെഡ്യൂൾ ആയപ്പോൾ ഈ പേര് വേണോ എന്ന സംശയത്തിലായി. അതുപോലെ ഈ സിനിമയ്ക്ക് വിന്റേജ് എന്നൊരു സജഷൻ വന്നിരുന്നു. അനാവശ്യമായി ഒരു വിന്റേജ് റഫറൻസിന്റെ ആവശ്യമുണ്ടോ, മോഹൻലാൽ വിന്റേജിലേക്ക് തിരിച്ചുവരുന്നു എന്ന് നമ്മൾ പറയുന്നത് പോലെയാകും. വിന്റേജ് മോഹൻലാലിനെ തിരിച്ചുകൊണ്ടുവരാനല്ല ഈ സിനിമ ചെയ്തിരിക്കുന്നത്. വിന്റേജ് എന്ന പേരിൽ ഉറപ്പിച്ചാലോ എന്ന് ഞാൻ ആലോചിച്ചിരുന്നു. വിന്റേജ് എന്ന പേര് ലാലേട്ടനോട് പറഞ്ഞപ്പോൾ എന്തിനാ മോനെ തുടരും എന്ന ഇത്രയും മനോഹരമായ വാക്ക് ഉള്ളപ്പോൾ മറ്റൊരു പേര്. എന്തുകൊണ്ടാണ് ആ പേരിൽ ഇതുവരെ ഒരു സിനിമ വന്നിട്ടില്ലാത്തത് എന്നാണ് ഞാൻ ആലോചിക്കുന്നത് എന്നാണ് ലാലേട്ടൻ പറഞ്ഞത്. തുടരും നല്ല പേരാണ് അതിൽ മുന്നോട്ടു പോകൂ എന്ന് പറഞ്ഞപ്പോൾ ആ പേര് ഉറപ്പിക്കുകയായിരുന്നു,' തരുൺ മൂർത്തി കൂട്ടിച്ചേർത്തു.
ഏപ്രിൽ 25നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. മോഹൻലാലിന്റെ്റെ കരിയറിലെ 360-മത്തെ സിനിമയാണിത്. 21 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും വീണ്ടും ജോഡിയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. തരുൺ മൂർത്തിയും കെ. ആർ സുനിലും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ബിനു പപ്പു,മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ഇർഷാദ് അലി, കൃഷ്‌ണ പ്രഭ, തോമസ് മാത്യു, അമൃത വർഷിണി, അബിൻ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.