പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'സുമതി വളവി'ന്റെ ചിത്രീകരണം പൂർത്തിയായി

വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമായ 'സുമതി വളവി'ന്റെ ഷൂട്ടിം​ങ് പൂർത്തിയായി. ചിത്രം മെയ് എട്ടിന് തിയറ്ററുകളിലെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു.

മാർച്ച് ഏഴിന് രാത്രി പാലക്കാട് വെച്ചാണ് ഷൂട്ടിന് പാക്കപ്പായത്. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.

തൊണ്ണുറുദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ ചിത്രീകരണമായിരുന്നു രണ്ടു ഷെഡ്യൂളിലൂടെ നടന്നത്. സാധാരണ ലൊക്കേഷൻ പാക്കപ്പ് ആഘോഷങ്ങൾ ഒഴിവാക്കി ചിത്രത്തിന്‍റെ ഭാഗമായ എല്ലാവർക്കും വസ്ത്രവും ഒരു ദിവസത്തെ അധിക വേതനവും നൽകി തികച്ചും മാതൃകാപരമായ രീതിയിലാണ് സുമതി വളവിൻ്റെ പാക്കപ്പ് ചടങ്ങ് നടന്നത്.

നിർമാതാവ് വാട്ടർമാൻ മുരളി എന്നറിയപ്പെട്ടുന്ന മുരളി കുന്നുംപുറത്തിന്‍റെ നിർദേശപ്രകാരമാണ് പതിവു ശൈലിയെ മാറ്റിമറിച്ച് ഈ രീതിയിൽ ചടങ്ങ് ആഘോഷമാക്കിയത്.

വാട്ടർമാൻ ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രം ത്രില്ലർ ഹ്യൂമർ ജോണറിലുള്ളതാണ്.

അർജുൻ അഗോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നാൽപ്പതിൽപരം ജനപ്രിയ താരങ്ങൾ അണിനിരക്കുന്നുണ്ട്.

സൈജു കുറുപ്പ്, ബാലു വർഗീസ്, ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, മനോജ് കെ. യു, സിഥാർത്ഥ് ഭരതൻ, സാദിഖ്, ശ്രീജിത്ത് രവി, ബോബി കുര്യൻ (പണി ഫെയിം), അഭിലാഷ് പിള്ള, കോട്ടയം രമേശ്, വിജയകുമാർ, ചെമ്പിൽ അശോകൻ, സുമേഷ് ചന്ദ്രൻ, ശ്രീ പഥ്യാൻ, റാഫി, ശിവ അജയൻ, മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജാ റോസ്, ദേവനന്ദ, ജസ്നിയ ജയ ദിഷ് , സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

മാളികപ്പുറത്തിന്‍റെ വൻ വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കറും, അഭിലാഷ് പിള്ളയും വീണ്ടും ഒത്തുചേരുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്.

ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ, ദിൻനാഥ് പുത്തഞ്ചേരി, അഭിലാഷ് പിള്ള എന്നിവരുടേതാണ് ഗാനങ്ങൾ. സംഗീത സംവിധാനം രഞ്ജിൻ രാജ് നിർവഹിക്കുന്നു. ഛായാഗ്രഹണം - ശങ്കർ. പി.വി. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്. കലാസംവിധാനം - അജയൻ മങ്ങാട്. മേക്കപ്പ് - ജിത്തു പയ്യന്നൂർ. കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ബിനു.ജി. നായർ. സ്റ്റിൽസ് - രാഹുൽ തങ്കച്ചൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഷാജി കൊല്ലം. പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് കൊടുങ്ങല്ലൂർ. കൊല്ലങ്കോട്, നെന്മാറ, ചിറ്റൂർ, പൊള്ളാച്ചി ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

Tags:    
News Summary - Sumathi Valavu Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.