ബാദുഷയും ശ്രീലാലും

കാറിൽ നിന്ന്​ ശ്രീലാൽ ഇറങ്ങി, കൈ കുത്തി നടന്നുവന്നു; മലയാള സിനിമയിലേക്ക്​

ശ്രീലാലിനെ പരിചയപ്പെടാം. 80 ശതമാനത്തോളം ഭിന്നശേഷിക്കാരനായ, മനോധൈര്യം ​െകാണ്ടുമാത്രം മലയാള സിനിമയിലേക്ക്​ കടന്നുവന്ന ശ്രീലാൽ നാരായണന്‍റെ ജീവിതം ഏറെ പേർക്ക്​ പ്രചോദനമേകുന്നതാണ്​. പ്രോജക്​ട്​ ഡിസൈനറും നിർമ്മാതാവുമായ എൻ.എം. ബാദുഷ നേതൃത്വം നൽകുന്ന ബാദുഷ പ്രൊഡക്ഷൻസ്​ നിർമ്മിക്കുന്ന 'സ്​പ്രിങ്' എന്ന സിനിമയുടെ രചയിതാവും സംവിധായകനുമാണ്​ ശ്രീലാൽ.

ഏഴെട്ട്​ വർഷമായി ​പരസ്യ ചിത്രങ്ങളൊക്കെ സംവിധാനം ചെയ്​ത്​ ഫീൽഡിലുള്ള ശ്രീലാൽ തന്നെ വന്നു കണ്ടതും കഥ പറഞ്ഞതും ഇപ്പോൾ സിനിമ എന്ന സ്വപ്​നത്തിലേക്ക്​ നടന്നടുത്തതുമൊക്കെ ഫേസ്​ബുക്ക്​ പോസ്റ്റിലൂടെയാണ്​ ബാദുഷ സിനിമാപ്രേമികളുമായി പങ്കുവെച്ചു. തന്നെ കാണാനെത്തിയപ്പോൾ കാറിൽ നിന്നിറങ്ങി കൈ കുത്തി ശ്രീലാൽ നടന്നുവന്നതും 10 മിനിറ്റ്​ കൊണ്ട്​ കഥ പറഞ്ഞതും അത്​ സിനിമിയിലേക്ക്​ എത്തിക്കാനുണ്ടായ പരിശ്രമങ്ങളും ബാദുഷ വിശദീകരിക്കുന്നു.

കുറെ യുവതാരങ്ങളുടെ അടുത്ത് ശ്രീലാലിനെ വിട്ട് കഥ പറയിപ്പിച്ചുവെങ്കിലും പലരും ആ സബ്ജക്ടിലോ, അതോ സബ്ജക്ട് പറയാനെത്തിയ ആളിലോ ആകൃഷ്​ടരായില്ല. ഇതോടെ ശ്രീലാൽ സബ്​ജക്​ടിൽ തനിക്ക്​ വിശ്വാസമുണ്ടെന്നും പുതുമുഖങ്ങളെ വെച്ച്​ ചെയ്യാമെന്നും പറയുകയായിരുന്നു. ആദിലും ആരാധ്യയുമാണ്​ സിനിമയിൽ നായകനും നായികയുമായെത്തുന്നത്​. ബാദുഷ പ്രൊഡക്ഷൻസിന്‍റെ രണ്ടാമത്തെ ചിത്രമായ 'സ്​പ്രിങി'ന്‍റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.

ബാദുഷയുടെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം-

ഇത് ശ്രീലാൽ. ബാദുഷ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നമ്മൾ ഇന്നലെ അനൗൺസ് ചെയ്ത രണ്ടാമത്തെ ചിത്രമായ 'സ്പ്രിങ്' എന്ന സിനിമയുടെ സംവിധായകനും രചയിതാവുമാണ്. ശ്രീലാലിനെ എനിക്ക് മുൻപരിചയമൊന്നുമില്ല. ഇടയ്ക്ക് എവിടെയൊക്കെയോ വച്ച് കണ്ടിട്ടുണ്ട് എന്നു മാത്രം. 80 ശതമാനത്തോളം ശാരീരിക വൈകല്യം ബാധിച്ചയാളാണ് ശ്രീലാൽ. ഒരു ദിവസം ശ്രീലാലിന്‍റെ ഒരു കോൾ. എന്നെ ഒന്നു കാണണം, ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞു. ഞാൻ വരാൻ പറഞ്ഞു. കുറച്ചു നേരം കഴിഞ്ഞ് എന്‍റെ വീട്ടുമുറ്റത്ത് ഒരു കാർ വന്നു നിർത്തി. അതിൽ നിന്ന് ശ്രീലാൽ ഇറങ്ങി, അദ്ദേഹം കൈ കുത്തി നടന്നു വരുന്നു. ഞാൻ ശ്രീലാലിന്‍റെ അരികിലെത്തി. കൈയിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ വേണ്ട എന്നായിരുന്നു മറുപടി. കൈ കുത്തി ശ്രീലാൽ വീട്ടിലേക്ക് കടന്നു വന്നു, സോഫയിലിരുന്നു.

എന്നിട്ട് എന്നോട്​ സംസാരിച്ചു. 'ഞാൻ ഏഴെട്ടു വർഷമായി ഈ ഫീൽഡിലുണ്ട്. അത്യാവശ്യം ആഡ് ഫിലിംസ് ഒക്കെ ചെയ്തിട്ടുണ്ട്. ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. എന്‍റെ കൈയിൽ ഒരു സബ്ജക്ട് ഉണ്ട്. അത് ഇക്കയോടൊന്നു പറയാനാണ് ഞാൻ വന്നത്'. 10 മിനിറ്റ് കൊണ്ട് ശ്രീലാൽ ഒരു കഥ പറഞ്ഞു. കഥ കേട്ട് ഞാൻ ശ്രീലാലിനോട് പറഞ്ഞു. കഥ വളരെ നന്നായിട്ടുണ്ട്. എന്നാൽ വലിയ താരങ്ങളിലേക്ക് പോകേണ്ട ഒരു പടമല്ല ഇത്. ഒരു കൊച്ചു പടം. അതുപോലെ തന്നെയാണ് ശ്രീലാൽ കഥയെഴുതിയിരിക്കുന്നതും. വലിയ സാമ്പത്തിക ചെലവില്ലാതെ തീർക്കാവുന്ന ഒരു കൊച്ചു പടമായി ചെയ്യാമെന്ന് തീരുമാനിച്ചു. പിന്നീട് സിനിമയെക്കുറിച്ചുള്ള ചർച്ചകൾ നീണ്ടു. 'സ്റ്റാർ' എന്ന സിനിമ ചോറ്റാനിക്കരയിൽ നടക്കുമ്പോൾ ശ്രീലാൽ അവിടെയെത്തി.

കാസ്റ്റിങ് കാര്യങ്ങളൊക്കെ സംസാരിച്ചു. കുറെ യുവതാരങ്ങളുടെ അടുത്ത് ശ്രീലാലിനെ വിട്ട് കഥ പറയിപ്പിച്ചുവെങ്കിലും പലരും ആ സബ്​ജക്​ടിലോ, അതോ സബ്​ജക്​ട്​ പറയാനെത്തിയ ആളിലോ ആകൃഷ്​ടരായില്ല. ഇതോടെ ശ്രീലാൽ തന്നെ പറഞ്ഞു, ഇക്ക നമുക്ക് പുതിയയാൾക്കാരെ വച്ച് ചെയ്യിക്കാം എന്ന്. എനിക്ക് ഈ സബ്​ജക്​ടിൽ വലിയ വിശ്വാസമുണ്ടെന്ന് പറഞ്ഞു. എന്നാൽ അതും ഉദ്ദേശിച്ച പോലെ ശരിയായില്ല. അങ്ങനെയാണ് ഇപ്പോഴത്തെ കാസ്റ്റിങ്ങായ ആദിലും ആരാധ്യയും എത്തുന്നത്. അങ്ങനെ ആ സിനിമ യാഥാർഥ്യമാവുകയാണ്. അടുത്ത മാസം 'സ്പ്രിങ്' എന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്.

എന്നെ എപ്പോഴും അദ്ഭുതപ്പെടുത്തുന്നത് ശ്രീലാലിന്‍റെ മനോധൈര്യമാണ്. തന്‍റെ എല്ലാ വൈകല്യങ്ങളും മറന്ന് ശ്രീലാൽ തന്‍റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അടുക്കുകയാണ്. എത്ര ഊർജസ്വലനായാണ് അദ്ദേഹം ഓടി നടക്കുന്നത്. ഇന്നും എന്നെ വന്നു കണ്ടു. അപ്പോൾ ഞാൻ പറഞ്ഞു, നമുക്കൊരു ഫോട്ടോയെടുക്കാമെന്ന്. ആ ചിത്രമാണിത്. ശ്രീലാലിന്‍റെ സ്വപ്ന സാക്ഷാത്കാരത്തിനു നിമിത്തമാകാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷവും ചാരിതാർഥ്യവുമുണ്ട്. സിനിമ വലിയൊരു വിജയമാകാൻ പ്രാർഥിക്കുന്നു. കൂടെയുണ്ടാവണം.

Tags:    
News Summary - Success story of movie director Sreelal Narayanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.