നാഗപട്ടണം: സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാൻ മരിച്ച സംഭവത്തിൽ സംവിധായകൻ പാ. രഞ്ജിത്തിനും മറ്റു മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. തമിഴ് സിനിമയിലെ പ്രശ്തനായ സ്റ്റണ്ട് ആർട്ടിസ്റ്റ് എസ്.എം. രാജുവാണ് സിനിമാ ചിത്രീകരണത്തിനിടെ കാർ അപകടത്തിൽ മരിച്ചത്. സംഭവസമയത്ത് രാജുവിന് തലക്കുള്ളിൽ രക്തസ്രാവം ഉൾപ്പെടെ ഗുരുതരമായ ആന്തരിക പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ ബാഹ്യ മുറിവുകളൊന്നും കാണാനായില്ല.
സംവിധായകൻ പാ. രഞ്ജിത്ത്, സ്റ്റണ്ട് കൊറിയോഗ്രഫർ വിനോദ്, നിർമാതാക്കളായ നീലം പ്രൊഡക്ഷൻസിന്റെ ചുമതലയുള്ള രാജ്കമൽ, പ്രഭാകരൻ എന്നിവർക്കെതിരെയാണ് കേസ്. മെഡിക്കൽ സംഘത്തിന്റെ കണ്ടെത്തലുകളുടെയും ഷൂട്ടിങ് ലൊക്കേഷനിലെ ദൃക്‌സാക്ഷികളിൽ നിന്നുള്ള മൊഴികളുടെയും അടിസ്ഥാനത്തിൽ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
പാ രഞ്ജിത്തും നടൻ ആര്യയും ഒന്നിക്കുന്ന പുതിയ സിനിമയുടെ സെറ്റില്‍ കാർ സ്റ്റണ്ട് നടത്തുന്നതിനിടെയാണ് അപകടം. ഒരു രംഗത്തിനായി രാജു ഒരു എസ്.യു.വി ഓടിക്കുകയായിരുന്നു. റാമ്പിൽ കയറി ബാലൻസ് നഷ്ടപ്പെട്ട് മറിയുകയും മുൻവശത്ത് ശക്തമായി ഇടിച്ചിറങ്ങിയാണ് അപകടം സംഭവിച്ചത്. സാരമായി തകർന്ന കാറിൽ നിന്ന് രാജുവിനെ പുറത്തെടുത്ത് ആംബുലൻസിലേക്ക് കൊണ്ടുപോകുന്ന വിഡിയോകൾ പ്രചരിക്കുന്നുണ്ട്.
തമിഴ് നടൻ വിശാൽ ആണ് രാജുവിന്റെ മരണം അറിയിച്ചത്. 'ഇത് എനിക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല. രാജുവിനെ എനിക്ക് വർഷങ്ങളായി അറിയാം. എന്റെ സിനിമകളിൽ അദ്ദേഹം നിരവധി അപകടകരമായ സ്റ്റണ്ടുകൾ ചെയ്തിട്ടുണ്ട്. അദ്ദേഹം വളരെ ധീരനായ വ്യക്തിയാണ്' എന്നാണ് വിശാൽ എക്സിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.