യു.എസിൽ ചരിത്രമെഴുതി സീതാരാമം; 13 ദിവസംകൊണ്ട് ബോക്സ് ഓഫീസിൽ നിന്ന് വാരിയത് കോടികൾ

ദുൽഖർ സൽമാൻ നായകനായ 'സീതാരാമം' ഓഗസ്റ്റ് അഞ്ചിനാണ് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മനോഹരമായ ഒരു കവിത പോലെ പ്രേക്ഷകന്റെ മനസ്സിൽ ഇടം നേടിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. അതിനിടയിൽ യു.എസിൽ ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുന്നതായാണ് വിവരം. റിലീസായി 13 ദിവസംകൊണ്ട് സീതാരാമം 1.11 മില്യൺ ഡോളറാണ് അമേരിക്കയിൽനിന്നുമാത്രം നേടിയത്.

നേരത്തേ അമേരിക്കയിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള താരം എന്ന റെക്കോർഡ് സീതാ രാമത്തിലൂടെ ദുൽഖറിന് ലഭിച്ചിരുന്നു. യു.എസ്. പ്രീമിയറുകളിൽ നിന്നടക്കം 21,00,82 ഡോളർ (1.67 കോടിയിലേറെ) ആണ് ആദ്യദിനം സീതാരാമം കരസ്ഥമാക്കിയത്. അമേരിക്കയിൽ ഒരു മില്യൺ ഡോളറിലേറെ നേടുന്ന ദുൽഖർ നായകനായ മൂന്നാമത്തെ ചിത്രമാണ് സീതാ രാമം. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 50 കോടി രൂപ എന്ന നാഴികക്കല്ല് നേരത്തേ മറികടന്നിരുന്നു.

ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറിൽ ഹനു രാഘവപുടി സംവിധാനം ചെയ്ത സീതാ രാമം തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സല്യൂട്ട്, ഹേ സിനാമിക, കുറുപ്പ് എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ മറ്റ് ദുൽഖർ ചിത്രങ്ങൾ.

ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ എത്തുന്ന ചിത്രം കാശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Tags:    
News Summary - Sita Ramam breaks Box Office Collection records in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.