ഇന്ത്യൻ സിനിമ ലോകത്ത് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ഷാറൂഖ് ഖാന്റെ ജവാൻ. സെപ്റ്റംബർ 7 ന് തിയറ്റററുകളിൽ എത്തിയ ചിത്രം 18 ദിവസം കൊണ്ട് 1000 കോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ്. സിനിമയുടെ നിർമാതാക്കളായ റെഡ് ചില്ലീസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.1004.92 കോടി രൂപയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള വേൾഡ് വൈഡ് കളക്ഷൻ. ഈ വർഷം 1000 കോടി ക്ലബിൽ ഇടംപിടിക്കുന്ന കിങ് ഖാന്റെ രണ്ടാമത്തെ ചിത്രമാണ് ജവാൻ.
ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക്, ഭാഷകളിൽ റിലീസ് ചെയ്ത ജവാന്റെ ഇന്ത്യയിലെ കളക്ഷൻ 560 കോടിയാണ്. തമിഴിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യദിനം 129 കോടിയാണ് ജവാൻ നേടിയത്. ഈ വർഷം ഒരു ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിങ്ങാണിത്. കൂടാതെ ആദ്യ ആഴ്ചയിൽ തന്നെ 500 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിക്കുകയും ചെയ്തു.
ജവാനെ കൂടാതെ ആമിർ ഖാന്റെ ദംഗൽ, ആർആർആർ, പത്താൻ എന്നിവയാണ് 1000 കോടി ക്ലബിൽ ഇടംപിടിച്ച ഇന്ത്യൻ സിനിമകൾ.
തമിഴ് സൂപ്പർ ഹിറ്റ് സംവിധായകൻ അറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണ് ജവാൻ. നയൻതാര നായികയായ ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ദീപിക പദുകോണും ഒരു നിർണായക വേഷത്തിൽ എത്തിയിരുന്നു. പ്രിയ മണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റു താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.