ഷാരൂഖ് ഖാനും കജോളും ഒന്നിച്ച ജനപ്രിയ ചിത്രമായ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (ഡി.ഡി.എൽ.ജെ) പുറത്തിറങ്ങി 30 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ആരാധകരും അണിയറ പ്രവർത്തകരും അതിന്‍റെ ആഘോഷത്തിലാണ്. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ച് ചിത്രത്തിന്‍റെ ഓർമ പുതുക്കുന്ന ഒരു വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തതിന്‍റെ വാർത്തകളും ചിത്രങ്ങളും വൈറലാണ്. പ്രതിമ ഇന്ത്യയിൽ അല്ല എന്നതാണ് പ്രത്യേകത. ലണ്ടനിലെ ലെസ്റ്റർ സ്ക്വയറിലാണ് ഡി.ഡി.എൽ.ജെക്കായി പ്രതിമ ഒരുങ്ങിയത്.
1995ൽ പുറത്തിറങ്ങിയ ചിത്രത്തിലെ സിഗ്നേച്ചർ പോസിൽ അഭിനേതാക്കളെ ചിത്രീകരിക്കുന്ന പ്രതിമയാണ് ലെസ്റ്റർ സ്ക്വയറിൽ സ്ഥാപിച്ചത്. പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം സന്തോഷം പങ്കുവെച്ചുകൊണ്ട് ഷാരൂഖ് സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 'ബഡേ ബഡേ ദേശോം മേം, ഐസി ഛോട്ടി ഛോട്ടി ബാതേം ഹോതി രഹ്തി ഹേ, സെനോറിറ്റ!” എന്ന ഐക്കണിക് ഡയലോഗോടെയാണ് കുറിപ്പിന് തുടക്കം.
'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയുടെ 30 വർഷങ്ങൾ ആഘോഷിക്കുന്ന സമയത്ത് ലണ്ടനിലെ ലെസ്റ്റർ സ്ക്വയറിൽ രാജിന്‍റെയും സിമ്രാന്റെയും വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സീൻസ് ഇൻ ദ സ്‌ക്വയർ ട്രെയിലിൽ ഒരു പ്രതിമ സ്ഥാപിച്ച് ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് ഡി.ഡി.എൽ.ജെ എന്നതിൽ അവിശ്വസനീയമാംവിധം സന്തോഷമുണ്ട്.. ഇത് സാധ്യമാക്കിയതിന് യു.കെയിലെ എല്ലാവർക്കും ഒരു വലിയ നന്ദി. നിങ്ങൾ ലണ്ടനിലാണെങ്കിൽ രാജിനെയും സിമ്രാനെയും കാണാൻ വരൂ... ഡി.ഡി.എൽ.ജെയുമായി നിങ്ങൾ കൂടുതൽ ഓർമകൾ സൃഷ്ടിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു' -ഷാരൂഖ് കുറിച്ചു.
ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ ഹിന്ദി സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ചിത്രമാണ്. ഡി.ഡി.എൽ.ജെ മറ്റ് പ്രണയചിത്രത്തിന് മാതൃകയാകുകയും ദേശീയ അവാർഡ് ഉൾപ്പെടെ മറ്റ് നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തിയറ്ററിൽ പ്രദർശിപ്പിച്ച ചിത്രം കൂടിയാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. 1995 ഒക്ടോബർ 20നാണ് ചിത്രം പുറത്തിറങ്ങിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.