അഖിൽ സത്യൻ സംവിധാനം ചെയ്ത നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ സർവ്വം മായ മികച്ച കലക്ഷനുമായി മുന്നേറുകയാണ്. ആദ്യ രണ്ട് ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് ചിത്രം 19 കോടി നേടിയതായി ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ആദ്യ മൂന്ന് ദിവസങ്ങളിൽ ഇന്ത്യയിലെ തിയറ്ററുകളിൽ നിന്ന് 12 കോടി രൂപയുടെ മൊത്തം കലക്ഷൻ സർവ്വം മായ നേടിയതായും റിപ്പോർട്ടുണ്ട്.
കേരള ബോക്സ് ഓഫിസിൽ ആദ്യ ദിവസം തന്നെ ചിത്രം ഏകദേശം 3.50 കോടി രൂപ നേടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച സോളോ തുടക്കമാണ്. നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ ആരാധകർ വലിയ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ കാത്തുസൂക്ഷിക്കാൻ സിനിമക്ക് കഴിഞ്ഞു എന്നാണ് കലക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം, ക്രിസ്മസ് റിലീസായി എത്തിയ മോഹൻലാലിന്‍റെ പാൻ-ഇന്ത്യൻ ഫാന്‍റസി ആക്ഷൻ ചിത്രമായ വൃഷഭ ആദ്യ ദിനം ആഭ്യന്തരമായി വെറും 60 ലക്ഷം രൂപയാണ് ചിത്രം നേടിയത്. സാക്‌നിൽക് റിപ്പോർട്ട് അനുസരിച്ച് വൃഷഭ രണ്ടാം ദിവസം 22 ലക്ഷവും മൂന്നാം ദിവസം വെറും 24 ലക്ഷവുമാണ് നേടിയത്.
ഫാന്‍റസി ഹൊറർ കോമഡി ഴോണറിൽ സർവ്വം മായ ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനമായ ഡിസംബർ 25നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’ക്കുണ്ട്. ഈ കോമ്പോയിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷക സ്വീകാര്യത നേടിയിട്ടുള്ളതാണ്.
നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം ജനാർദനൻ, രഘുനാഥ് പാലേരി, മധുവാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം, ശരൺ വേലായുധന്റെ കാമറ, അഖിൽ സത്യൻ എഡിറ്റിങ് വിഭാഗം എന്നിവ കൈകാര്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.