കോവിഡ്​ പോരാളികൾക്ക്​ ഭക്ഷണമെത്തിക്കാൻ സൽമാൻ ഖാനുമുണ്ട്​, ഭക്ഷണം പാക്ക്​ ചെയ്യാൻ സഹായിച്ചും രുചിച്ചുനോക്കിയും താരം സജീവം

മുംബൈ: കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷണം ലഭിക്കാതെ വലയുന്ന കോവിഡ്​ മുൻനിര പോരാളികൾക്ക്​​ ഭക്ഷണമെത്തിച്ച്​ നൽകുന്നതിന്‍റെ മുൻനിരയിലുണ്ട്​ ബോളിവുഡ്​ സൂപ്പർസ്റ്റാർ സൽമാൻ ഖാൻ. ശിവസേനയുടെ യുവജനവിഭാഗത്തോടൊപ്പം ചേർന്നാണ്​ സല്‍മാന്‍ 5000ത്തോളം ഭക്ഷണപൊതികൾ വിവിധയിടങ്ങളിലേക്ക്​ എത്തിക്കുന്നത്.

സൽമാൻ ഭക്ഷണം പാക്ക് ചെയ്യാന്‍ നേതൃത്വം നല്‍കുകയും ഇടയ്ക്ക് ഭക്ഷണം രുചിച്ചുനോക്കുകയും ചെയ്യുന്നതിന്‍റെ വിഡിയോ വൈറലാണിപ്പോൾ. യുവജനവിഭാഗത്തിലെ അംഗമായ രാഹുല്‍ എന്‍. കണാല്‍ ആണ് സൽമാൻ ഭക്ഷണം രുചിച്ചുനോക്കുന്നതിന്‍റെയും ഭക്ഷണപ്പൊതി ഒരുക്കുന്നതിന്‍റെയും വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. തങ്ങളുടെ സംഘടനക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള നന്ദിയും രാഹുല്‍ സൽമാനെ അറിയിക്കുന്നുണ്ട്​. തങ്ങള്‍ ബാന്ദ്ര, വര്‍ളി, ജുഹു തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഭക്ഷണമെത്തിക്കുന്നതെന്നും രാഹുൽ പറയുന്നു.

കടകളും ഗ്രോസറി ഷോപ്പുകളും നാല്​ മണിക്കൂർ മാത്രമേ പ്രവർത്തിക്കുന്നുള്ളൂയെന്നതിനാൽ കോവിഡ്​ പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസുകാരും ആരോഗ്യ പ്രവർത്തകരും ബി.എം.സി പ്രവർത്തകരും വിഷമം അനുഭവിക്കുന്ന കാര്യം രാഹുൽ സൽമാനെ അറിയിച്ചിരുന്നു. ഇവരുടെ പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടി 24 മണിക്കൂറിനകം ഭക്ഷണ സാമഗ്രികൾ നിറഞ്ഞ ട്രക്ക്​ സൽമാൻ തങ്ങളുടെ ആസ്​ഥാനത്ത്​ എത്തിച്ചതായി രാഹുൽ പറയുന്നു. മിനറൽ വാട്ടർ, ബിസ്​കറ്റ്​, ചെറുകടികൾ, ഉപ്പുമാവ്​, വഡാ പാവ്​ എന്നിവയടങ്ങിയ പാക്കറ്റാണ്​ നൽകുന്നത്​. മൂന്നാഴ്​ച ഈ ഭക്ഷണ പൊതികൾ വിതരണം ചെയ്യുമെന്നും രാഹുൽ പറഞ്ഞു.

കഴിഞ്ഞ വർഷം ലോക്​ഡൗൺ കാലത്ത്​ തന്‍റെ പൻവേൽ ഫാംഹൗസിനടുത്ത്​ വെച്ച്​ മഹാരാഷ്​ട്രയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായി സൽമാന്‍റെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ കാളവണ്ടികളിലും ട്രാക്​ടറുകളിലും കയറ്റുന്നതിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു. 

Tags:    
News Summary - Salman Khan distributing 5000 food packets to Covid-19 frontline workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.