മലയാള സിനിമയുടെ നഷ്ടക്കണക്കുകൾ പുറത്തുവിട്ട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സിനിമകൾ ഹിറ്റാണെന്നും സൂപ്പർ ഹിറ്റാണെന്നും അണിയറക്കാർ അവകാശപ്പെടുന്നത് വ്യാജമാണെന്നും യഥാർഥത്തിൽ നിർമാതാവിന് നഷ്ടമാണെന്നുമുള്ള തങ്ങളുടെ വാദത്തിന് ബലം നൽകുന്നതിനായാണ് കണക്കുകൾ പുറത്തുവിട്ടത്. ഫെബ്രുവരിയിൽ റിലീസായ സിനിമകളുടെ നിർമാണത്തിനായി 75.23 കോടി ചെലവിട്ടെങ്കിലും 23.55 കോടി മാത്രമാണ് തിരിച്ചുകിട്ടിയതെന്നും, ഒരു സിനിമയ്ക്കു പോലും ചെലവഴിച്ച തുക തിരിച്ചു കിട്ടിയില്ലെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു. തിയറ്ററിൽ നിന്നുള്ള വരുമാനം മാത്രമാണ് പുറത്തുവിട്ടത്.
സിനിമകളുടെ ലാഭനഷ്ടക്കണക്കുകൾ ഇനി എല്ലാ മാസവും പുറത്തുവിടുമെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. 17 മലയാളം ചിത്രങ്ങളാണ് ഫെബ്രുവരിയിൽ റിലീസ് ചെയ്തിട്ടുള്ളത്. ഇതിൽ 13 കോടി മുടക്കിയ 'ഓഫിസർ ഓൺ ഡ്യൂട്ടി' നേടിയത് 11 കോടി രൂപയാണ്. ഈ ചിത്രം ഇപ്പോഴും തിയറ്ററുകളിലുണ്ട്. 10 കോടി മുടക്കിയ 'ഗെറ്റ് സെറ്റ് ബേബി' ഒന്നര കോടി രൂപയും, എട്ട് കോടി മുടക്കിയ 'ബ്രൊമാൻസ്' നാല് കോടി രൂപയുമാണ് നേടിയത്.
1.6 കോടി ചെലവിട്ട് നിർമിച്ച 'ലവ് ഡേൽ' എന്ന സിനിമ നേടിയത് വെറും പതിനായിരം രൂപ മാത്രമാണെന്ന് നിർമാതാക്കൾ പുറത്തുവിട്ട കണക്ക് പറയുന്നു. 5.48 കോടി ചെലവായ 'നാരായണീന്‍റെ മൂന്നാണ്മക്കൾ' തിയറ്ററിൽ നേടിയത് 33.58 ലക്ഷം മാത്രമാണ്. പെപ്പെയുടെ 'ദാവീദി'ന് ഒമ്പത് കോടി ചെലവായപ്പോൾ കിട്ടിയത് മൂന്നരക്കോടി മാത്രമാണ്. 5.12 കോടി ചെലവായ 'മച്ചാന്‍റെ മാലാഖ'ക്ക് കിട്ടിയത് 40 ലക്ഷം മാത്രമാണ്. 5.74 കോടി ചെലവായ 'ഇടി, മഴ, കാറ്റി'ന് കിട്ടിയത് വെറും 2.1 ലക്ഷം മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.