ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ നസ്ലെനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2024ൽ പുറത്തിറങ്ങിയ പ്രേമലു വൻ വിജയമായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിനായി ആരാധകർ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിന്റെ സഹനിർമാതാവും നടനും സംവിധായകനുമായ ദിലീഷ് പോത്തൻ ചിത്രത്തിന്‍റെ രണ്ടാം ഭാഗം വൈകിയേക്കുമെന്ന് 'ദി ക്യൂ'വിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഭാവന സ്റ്റുഡിയോസിന്‍റെ അടുത്ത ചിത്രം പ്രേമലു 2 ആല്ലെന്നും അത് ഗിരീഷ് എ.ഡിയുടെ തന്നെ മറ്റൊരു ചിത്രമായിരിക്കാമെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പറഞ്ഞു.
ദിലീഷ് പോത്തന്‍റെ വാക്കുകൾ പ്രേമലു 2 വൈകിയേക്കുമെന്ന ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ ഷൂട്ടിങ് ജൂൺ പകുതിയോടെ ആരംഭിക്കുമെന്ന് ദിലീഷ് പോത്തൻ നേരത്തെ പറഞ്ഞിരുന്നു. 2025 അവസാനത്തേക്ക് റിലീസ് ചെയ്യാനാണ് പ്ലാനിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫെബ്രുവരി ഒമ്പതിന് ആണ് പ്രേമലു തിയറ്ററുകളിൽ എത്തിയത്. നസ്ലെൻ, മമിത എന്നിവർക്കൊപ്പം ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിർമാണം. ഏകദേശം 135.9 കോടി രൂപയാണ് പ്രേമലു ബോക്സോഫിസിൽ നിന്ന് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.