'ചേട്ടാ സൈക്കോ ഷമ്മിയൊക്കെ ഔട്ടായി'; ഫഹദ് ഫാസിൽ പറഞ്ഞതിനെ കുറിച്ച് പ്രകാശ് വർമ

മോഹൻലാൽ നായകനായെത്തി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടി മുന്നോട്ട് നീങ്ങുന്ന ചിത്രത്തിന് പ്രേക്ഷരകരുടെ ഭാഗത്ത് നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രത്തിൽ പ്രധാനപ്പെട്ട റോളിലെത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തിനും മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ജോർജ് എന്ന പോലീസ്കാരനെയാണ് അദ്ദേഹം അവതരിപ്പിച്ചത്. മികച്ച പ്രകടനം പുറത്തെടുത്ത പ്രകാശ് വർമയെ പ്രശംസിച്ച് ഒരുപാട് പേർ രംഗത്തെത്തിയിരുന്നു. തന്നെ ഫഹദ് ഫാസിൽ അഭിനന്ദിച്ച കാര്യം പറയുകയാണ് പ്രകാശിപ്പോൾ.

നിർവാന എന്ന പരസ്യ ചിത്ര കമ്പനിയുടെ ഡയറക്ടറാണ് പ്രകാശ്. ഒരുപാട് മികച്ച പരസ്യങ്ങൾ സംവിധാനം ചെയ്ത പ്രകാശിന്‍റെ ആദ്യ സിനിമയാണ് തുടരും. ഫഹദ് വിളിച്ചപ്പോൾ സൈക്കോ ഷമ്മിയൊക്കെ ഔട്ടായെന്നും ജോർജാണ് പുതിയ താരമെന്നും പറഞ്ഞെന്ന് പ്രകാശ് പറഞ്ഞു. സിനിമയെ ജനങ്ങൾ ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ചേട്ടാ, സൈക്കോ ഷമ്മിയൊക്ക ഔട്ടായി, സി.ഐ. ജോർജാണ് പുതിയ താരം. കഴിഞ്ഞ ദിവസം സ്വകാര്യ സംഭാഷണത്തിനിടെ സുഹൃത്തും നടനുമായ ഫഹദ് പറഞ്ഞ വാക്കുകളാണിത്. അത്രമാത്രം ജനങ്ങൾ സിനിമയെ ഏറ്റെടുത്തുവെന്നതിൽ സന്തോഷം. എപ്പോഴും ഒരുപാടുപേർ ഒരുമിച്ച് ഏറെ അധ്വാനിച്ച് ഒരു കാര്യം ചെയ്യുമ്പോൾ അത് ഏറ്റവും നന്നാകണമെന്ന് ആഗ്രഹിക്കും.

തുടരും എന്ന സിനിമ ചെയ്യുന്ന സമയത്ത് അതേപോലെത്തന്നെ ഇതൊരു മികച്ച സിനിമയാകണമെന്ന ആഗ്രഹവും പ്രാർഥനയും എനിക്കും ഉണ്ടായിരുന്നു. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ രണ്ട് മികച്ച സിനിമകൾക്കുശേഷം സംവിധായകൻ തരുൺ മൂർത്തിയുടെ കരിയറിലെ ഏറ്റവും പ്രധാനമായ സിനിമയായിരുന്നു തുടരും.

അതും മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളുമായി. അത്തരമൊരു സിനിമയിൽ എന്നെപോലൊരു പുതുമുഖത്തെ ഏറെ നിർണായകമായ കഥാപാത്രം ഏൽപ്പിക്കുകയെന്നത് തരുൺ ധൈര്യപൂർവമെടുത്ത തീരുമാനമാണ്. പ്രതീക്ഷിച്ചതിനെക്കാൾ എത്രയോ ഇരട്ടിയായി ഈ സിനിമയെ ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്‌ചയാണ് ഇപ്പോൾ എല്ലായിടത്തും കാണുന്നത്. എന്റെ ഫോൺ വിശ്രമമില്ലാതെ പ്രേക്ഷകരുടെ സ്നേഹാശംസകൾ കൊണ്ട് നിറയുകയാണ്. അത്തരമൊരു സന്ദർഭത്തിൽ ജോർജ് എന്ന കഥാപാത്രം എന്നെ ഏൽപ്പിച്ച തരുണിന് അതിൻ്റെ എല്ലാ സന്തോഷവും അറിയിക്കുന്നു.' പ്രകാശ് വർമ പറഞ്ഞു.

Tags:    
News Summary - Prakash varma about what fahad fazil told about thudarum george sir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.