ശിവകാർത്തികേയൻ, രവി മോഹൻ, ശ്രീലീല, അഥർവ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച 'പരാശക്തി'ക്ക് സെൻസർഷിപ്പ് ക്ലിയറൻസ് വൈകിയത് സിനിമാലോകത്ത് ചർച്ചയായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചിത്രത്തിന്‍റെ സംവിധായിക സുധ കൊങ്കരയുടെ പരാമർശത്തിന് വിമർശനം നേരിടേണ്ടി വന്നിരുന്നു. സെൻസർ ബോർഡ് അവരുടെ ജോലി ചെയ്യുകയാണ് എന്നാണ് സുധ കൊങ്കര പ്രതികരിച്ചത്. ഇതോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും അനുകൂലിക്കുന്ന തരത്തിൽ പരാശക്തി ടീം പ്രവർത്തിക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ ആരോപണം ഉയർന്നു.
ഇപ്പോഴിതാ, കേന്ദ്രമന്ത്രി എൽ. മുരുകന്റെ വസതിയിൽ മോദി വിശിഷ്ടാതിഥിയായി പങ്കെടുത്ത പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത ചിത്രത്തിന്റെ അഭിനേതാക്കളായ രവി മോഹൻ, ശിവകാർത്തികേയൻ, സംഗീതസംവിധായകൻ ജിവി പ്രകാശ് എന്നിവരുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുകയാണ്. ഹിന്ദി അടിച്ചേൽപ്പിക്കലിനെ എതിർക്കുന്ന സിനിമയുടെ കാതലായ ഘടകത്തിന് വിരുദ്ധമാണ് മന്ത്രിയുടെ വസതിയിൽ പൊങ്കൽ ആഘോഷങ്ങളിൽ അവർ പങ്കെടുത്തത് എന്ന് നെറ്റിസൺസ് പറയുന്നു. മോദി തന്റെ പ്രസംഗത്തിൽ പൊങ്കൽ പരാമർശിക്കാത്തതും വിമർശനത്തിന് കാരണമായി.
ആദ്യമായിട്ടാണ് പൊങ്കൽ ഡഹിയിൽ ആഘോഷിക്കുന്നത് എന്ന് പരിപാടിക്കിടെ ശിവകാർത്തികേയൻ മാധ്യമങ്ങളോട് പറഞ്ഞു. ഇവിടെ എല്ലാവരും പൊങ്കൽ എങ്ങനെയാണ് ആഘോഷിക്കുന്നത് എന്ന് നിങ്ങൾ വന്ന് കാണൂ എന്ന് പറഞ്ഞ് കേന്ദ്രമന്ത്രി ക്ഷണിച്ചിട്ടാണ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ സംസ്കാരത്തെ ഇത്രയും നന്നായി ആഘോഷിക്കുന്നത് കണ്ടതിൽ സന്തോഷമുണ്ടെന്ന് നടൻ പറഞ്ഞു. നരേന്ദ്ര മോദിയെ ആദ്യമായാണ് നേരിട്ട് കാണുന്നതെന്നും ഇന്ത്യൻ പൗരനെന്ന നിലയിൽ മോദിയുമായുള്ള കൂടികാഴ്ച മറക്കാനാകാത്തതാണന്നും ശിവകാർത്തികേയൻ പറഞ്ഞു. ചിത്രത്തിന് സെൻസർഷിപ്പ് വൈകിപ്പിച്ച വിവാദത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരു വിവാദവുമില്ലെന്നും ജനങ്ങൾ എല്ലാം ശരിയായി മനസിലാക്കുന്നുണ്ടെന്നുമായിരുന്നു ശിവകാർത്തികേയന്‍റെ മറുപടി.
ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോ ക്ലിപ്പിൽ, രാജ്യമെമ്പാടുമുള്ള ആളുകൾ മകരസംക്രാന്തി, ലോഹ്രി, മാഘ ബിഹു തുടങ്ങിയ ഉത്സവങ്ങൾ ആഘോഷിക്കുന്നുണ്ടെന്ന് മോദി പറയുന്നത് കേൾക്കാം. ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന ആശയത്തിനെതിരായ തമിഴ്നാടിന്‍റെ എതിർപ്പ് കാരണമാണ് മോദി തന്റെ പ്രസംഗത്തിൽ പൊങ്കലിനെക്കുറിച്ച് പരാമർശിക്കാത്തത് എന്ന് നെറ്റിസൺമാർ പറയുന്നു. ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ സംസ്ഥാനം ദീർഘകാലമായി എതിർപ്പ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നിലപാടെന്നും അഭിപ്രാമുണ്ട്. ചിത്രം ബി.ജെ.പിയെ നേരിട്ട് വിമർശിക്കുന്നില്ലെങ്കിലും, ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരായ വിപ്ലവത്തിന്റെ പ്രധാന ഇതിവൃത്തം ഇന്ത്യയെ ഹിന്ദി സംസാരിക്കുന്ന രാഷ്ട്രമാക്കുക എന്ന പാർട്ടിയുടെ ആശയത്തിന് എതിരാണ്.
അതേസമയം, റിലീസിന് മുമ്പ് സെൻസർ ബോർഡിന്റെ നടപടി നേരിട്ടതോടെ സിനിമ പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. 25 കട്ടുകൾ വരുത്തിയ ശേഷമാണ് പരാശക്തിക്ക് പ്രദർശനത്തിനുള്ള അനുമതി ലഭിച്ചത്. റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ഔദ്യോഗികമായി ലഭിച്ചത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. സുരറൈ പോട്രുവിന് ശേഷം സുധ കൊങ്കരെ സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി. ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരായ പ്രതിഷേധ രംഗങ്ങൾ വെട്ടണമെന്നാവശ്യപ്പെട്ടായിരുന്നു പരാശക്തിക്ക് പ്രദർശനാനുമതി നൽകാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.