ജിദ്ദയിൽ നിന്നുള്ള പ്രവാസി സംരഭ സഹകരണത്തോടെ ‘പാപ്പരാസികൾ’ ചലച്ചിത്രം റിലീസിനൊരുങ്ങുന്നു

ജിദ്ദ: പ്രവാസി സംരഭ സഹകരണത്തോടെ ശ്രീ വർമ്മ പ്രൊഡഷൻസിന്റെ ബാനറിൽ ‘പാപ്പരാസികൾ’ എന്ന മലയാള ചലച്ചിത്രം റിലീസിനൊരുങ്ങുന്നതായി അണിയറ പ്രവർത്തകർ ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിലെ സാമൂഹിക സാഹചര്യത്തിൽ ഓരോ കുടുംബത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരേണ്ട പ്രധാന സന്ദേശമാണ് ചിത്രം പറയാൻ ശ്രമിക്കുന്നത്. പെട്രോ പോളിറ്റൻ നഗരങ്ങളിൽ മാത്രമല്ല, ചെറിയ ഗ്രാമങ്ങളിൽ പോലും അധാർമിക പ്രവർത്തനങ്ങൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തെയും അതിനെതിരിലുള്ള പ്രതികരണത്തെയുമാണ് ചിത്രം വരച്ചുകാണിക്കുന്നതെന്നും നാല് പാട്ടുകളോട് കൂടി മലയാളത്തിൽ ഇന്നുവരെ അവതരിപ്പിച്ചിട്ടില്ലാത്ത സൈക്കോ ത്രില്ലർ മൂവിയാണ് ‘പാപ്പരാസികൾ’ എന്നും അണിയറ പ്രവർത്തകർ അവകാശപ്പെട്ടു.

‘പാപ്പരാസികൾ’ സിനിമയുടെ അണിയറ പ്രവർത്തകർ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.

കഥ എഴുതി ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മുന്നാസ് മൊയ്‌ദീനാണ്. ശ്രീജിത് വർമയാണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ. ജിദ്ദയിൽ നിന്നും എച്ച് ആൻഡ് ഇ ലൈവ് ഡയറക്ടർ നൗഷാദ് ചാത്തല്ലൂർ കോപ്രൊഡ്യൂസറുമായാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിദ്ദയിൽ സേവനമനുഷ്ഠിക്കുന്ന ഗായിക ഡോ. ആലിയ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. അന്തരിച്ച പ്രമുഖ നടൻ ഇന്നസെന്റിന്റെ അവസാന ചിത്രമാണ് ‘പാപ്പരാസികൾ’ എന്ന പ്രത്യേകതയുമുണ്ട്. ഇന്നസെന്റിന്റെ മരണത്തിന് ശേഷം നടൻ ദിലീപാണ് അദ്ദേഹത്തിന് വേണ്ടി ചിത്രത്തിൽ ഡബ്ബിങ് പൂർത്തിയാക്കിയത്.

ധ്യാൻ ശ്രീനിവാസൻ, ജാഫർ ഇടുക്കി, ടി.ജി രവി, ഭഗത് മാനുവൽ, ഐശ്വര്യ മേനോൻ, നിർമൽ പാലായി, ഇടവേള ബാബു, ഫഹദ് മൈമൂൺ, രഞ്ജി പണിക്കർ, നിശാ സാരംഗ് തുടങ്ങിയവരാണ് മറ്റു അഭിനയതാക്കൾ.

ഒരു മാസത്തിനുള്ളിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് ‘പാപ്പരാസികൾ’ റിലീസ് ചെയ്യപ്പെടുന്നത്. ജിദ്ദ കേരള പൗരാവലിയുടെ സഹകരണത്തോടെ സൗദി അറേബ്യയിൽ ചിത്രം മാർക്കറ്റ് ചെയ്ത് കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കും. ഇതിന്റെ ഭാഗമായി എച്ച് ആൻഡ് ഇ ലൈവ് ജിദ്ദയിലെ ക്ഷണിക്കപ്പെട്ട അഥിതികൾക്കായി ജിദ്ദ ആന്തലുസ് മാളിലെ എമ്പയർ തിയേറ്ററിൽ പ്രത്യേക ഷോ നടത്തുന്നുണ്ട്.

എച്ച് ആൻഡ് ഇ ലൈവും ക്യു മീഡിയയും സംയുക്തമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ചേമ്പർ എന്നിവയിൽ അംഗത്വം നേടാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

‘പാപ്പരാസികൾ’ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ താൻ ഏറെ സന്തുഷ്ടനാണെന്ന് ചിത്രത്തിൽ അഭിനയിച്ച നടൻ ഫഹദ് മൈമൂൺ പറഞ്ഞു. സമൂഹത്തിൽ നല്ലൊരു സന്ദേശം നൽകാൻ കഴിയുന്ന മികച്ചൊരു സിനിമയാണ് 'പാപ്പരാസികൾ' എന്നും ജിദ്ദയിൽ നിന്നുള്ള സംരഭ സഹകരണത്തോടെ ഇറങ്ങാനിരിക്കുന്ന ഈ സിനിമ പ്രവാസികൾ വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അത് പ്രവാസലോകത്ത് നിന്നും കൂടുതൽ നല്ല സിനിമകൾ ഇറക്കാനുള്ള ആളുകളുടെ താല്പര്യത്തെ പ്രചോദിപ്പിക്കുമെന്നും ഫഹദ് മൈമൂൺ അഭിപ്രായപ്പെട്ടു. ചിത്രത്തിൽ നല്ലൊരു ഗാനം ആദ്യമായി ആലപിക്കാൻ ലഭിച്ച അവസരത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ഡോ. ആലിയയും പടം ഷൂട്ടിങ് നടക്കുമ്പോൾ അവിടം സന്ദർശിച്ചു നടൻ ഇന്നസെന്റടക്കക്കമുള്ളവരോടൊത്ത് അടുത്തിടപഴകാൻ കിട്ടിയ അവസരത്തെക്കുറിച്ചു ഡോ. ഇന്ദു ചന്ദ്രശേഖരും വിവരിച്ചു.

നടൻ ഫഹദ് മൈമൂൺ, കോപ്രൊഡ്യൂസർ നൗഷാദ് ചാത്തല്ലൂർ, ഗായിക ഡോ. ആലിയ, എച്ച് ആൻഡ് ഇ ലൈവ് സാരഥികളായ ഡോ. ഇന്ദു ചന്ദ്രശേഖർ, റാഫി ബീമാപള്ളി, ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Paparasikal movie to be released in collaboration with Pravasi Samrabha from Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.