ദൃശ്യം 3 പോസ്റ്റർ

'ദൃശ്യം 3' ആഗോള വിതരണ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി; ചിത്രത്തിന്റെ റിലീസ് വൈകുമോ?

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ജിത്തു ജോസഫ്-മോഹൻലാൽ ചിത്രം 'ദൃശ്യം 3'യുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സിനിമയുടെ വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശീർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിന്റെ തീയറ്റർ വിതരണവും ഡിജിറ്റൽ വിതരണവുമാണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരിക്കുന്നത്.

പ്രൊഡക്ഷൻ-വിതരണ കമ്പനിയായ പനോരമ സ്റ്റുഡിയോസ്, 'ദൃശ്യം 3'യുടെ തിയേറ്റർ, ഡിജിറ്റൽ, എയർബോൺ അവകാശങ്ങൾ സ്വന്തമാക്കിയതായുള്ള ഔദ്യോഗിക കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നിർമാതാക്കളായ ആശീർവാദ് സിനിമാസിൽ നിന്നാണ് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ് വൈഡ് തിയേറ്റർ അവകാശങ്ങൾ ഉൾപ്പെടെയുള്ളവ പനോരമ സ്റ്റുഡിയോസ് വാങ്ങിയത് എന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

വിതരണ അവകാശങ്ങൾ വിറ്റുപോയതോടെ സിനിമയുടെ മലയാളം പതിപ്പിൻ്റെ റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരേ സമയം റിലീസ് ചെയ്യുമോ എന്നതാണ് പ്രധാന സംശയം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ദൃശ്യത്തിൻ്റെ എല്ലാ ഭാഷാ പതിപ്പുകളും ഒരുമിച്ച് തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചനയുണ്ടായിരുന്നത്. മറ്റ് പതിപ്പുകളുടെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാൽ മലയാളം പതിപ്പ് ആദ്യം പുറത്തിറങ്ങുമെന്നും മറ്റ് റീമേക്കുകൾ പിന്നാലെ എത്തുമെന്നും ചില അഭ്യൂഹങ്ങളുണ്ട്. എന്നിരുന്നാലും നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ദൃശ്യം 3' മലയാളത്തിലെ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിൽ ഒന്നാണ്. ആദ്യഭാഗം 2013ലും രണ്ടാം ഭാഗം 2021ലുമാണ് സ്‌ക്രീനിൽ എത്തിയത്. കേബിൾ ടി.വി ശൃംഖല ഉടമയായ ജോർജുകുട്ടി (മോഹൻലാൽ) തൻ്റെ കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന പോരാട്ടമാണ് പ്രമേയം. ആദ്യഭാഗം തീയറ്റർ റിലീസ് ചെയ്ത ചിത്രം രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് റിലീസ് ചെയ്തത്.

Tags:    
News Summary - Panorama Studios acquires global distribution rights for 'Drishyam 3'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.