രാഷ്ട്രീയ സ്വയംസേവക് സംഘ് അഥവാ ആർ.എസ്.എസിന്‍റെ ചരിത്രം പറയുന്ന വെബ് സീരീസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വണ്‍ നേഷന്‍ അഥവാ ഏക രാഷ്‌ട്ര എന്ന് പേരിട്ട സീരീസിന്‍റെ പോസ്റ്റര്‍ വിജയദശമി നാളിലാണ് പുറത്തിറക്കിയത്. ദേശീയ അവാർഡ് ജേതാക്കളായ ആറ് സംവിധായകരാണ് വെബ് സീരീസ് ഒരുക്കുന്നത്.
ആർ.എസ്.എസിന്‍റെ സ്ഥാപകദിനവുമായി ബന്ധപ്പെട്ടാണ് ചിത്രം ഒരുങ്ങുക എന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശിന്റെ ട്വീറ്റിൽ പറയുന്നു. 2025ലാണ് ആര്‍എസ്എസിന് 100 വയസ്സ് തികയുന്നത്. പ്രിയദർശൻ, വിവേക് രഞ്ജൻ അഗ്നിഹോത്രി, ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോൺ മാത്യു മാത്തൻ, മജു ബൊഹാര, സഞ്ജയ് പുരൺ സിങ് ചൗഹാൻ എന്നിവരാണ് ഈ പ്രൊജക്ടിലെ സംവിധായകർ.
ഭാരതത്തെ ഒരൊറ്റ രാഷ്‌ട്രമാക്കി നിലനിര്‍ത്താന്‍ രാഷ്‌ട്രീയ സ്വയം സേവക സംഘം നേതാക്കൾ നടത്തിയ ആരും ഇതുവരെ പറയാത്ത ‘മഹദ് ത്യാഗ’ങ്ങളുടെ കഥയാണ് സീരീസാവുക എന്നാണ് സംഘപരിവാർ അനുകൂല മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ആർ.എസ്.എസ് യൂനിഫോമായ നിക്കറും ഉടുപ്പും ഇട്ട് മുഖം തിരഞ്ഞു നിൽക്കുന്ന ഒരാളുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
ഇക്കൊല്ലം ജനുവരിയിൽ വിവേക് രഞ്ജൻ അഗ്നിഹോത്രിയാണ് ഇങ്ങനെയൊരു ചിത്രം വരുന്ന വിവരം ട്വിറ്ററിലൂടെ ആദ്യം വെളിപ്പെടുത്തിയത്. ദേശീയ മാധ്യമങ്ങളുടെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിൽ മോഹൻലാൽ, കങ്കണ രണാവത് എന്നിവർ സീരീസിന്‍റെ ഭാഗമാകും എന്നും പ്രചരിപ്പിച്ചിരുന്നു. വിഷ്ണുവര്‍ധന്‍ ഇന്ദുരി, ഹിതേഷ് തക്കാര്‍ എന്നിവരാണ് സീരീസിന്‍റെ നിര്‍മ്മാതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.