പുതിയ വർഷം, പുതിയ കഥകൾ: തമിഴ് സിനിമകളുടെ വമ്പൻ നിരയുമായി പൊങ്കൽ ആഘോഷിച്ച് നെറ്റ്ഫ്ലിക്സ്

2026ൽ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെത്തുന്ന തമിഴ് ചിത്രങ്ങളുടെ വമ്പൻ നിര നെറ്റ്ഫ്ലിക്സ് ഇന്ത്യ പുറത്തുവിട്ടു. വൻതാരനിരയും മികച്ച സംവിധായകരും ഒന്നിക്കുന്ന ഈ ലിസ്റ്റിൽ തമിഴ്‌നാട്ടിൽ നിന്നും പുറത്തുനിന്നുമുള്ള മികച്ച കഥകളാണുള്ളത്. തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമകൾക്ക് വലിയ സ്വീകാര്യത ലഭിച്ച 2025ന് പിന്നാലെയാണ് കൂടുതൽ സിനിമകൾ ഉൾക്കൊള്ളുന്ന പ്രഖ്യാപനം. കഴിഞ്ഞ വർഷം 'ഇഡ്ലി കടൈ', 'ഡ്രാഗൺ', 'ഡ്യൂഡ്', 'ഗുഡ് ബാഡ് അഗ്ലി' തുടങ്ങിയ മാസ് പടങ്ങളും 'ബൈസൺ', 'കാന്താ' തുടങ്ങിയ മികച്ച സിനിമകളും നെറ്റ്ഫ്ലിക്സിൽ ഹിറ്റായിരുന്നു.

2026ലെ സിനിമകൾ ആദ്യം തിയറ്ററുകളിലും പിന്നീട് നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്യും. പ്രാദേശിക തനിമയുള്ളതും എന്നാൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതുമായ സിനിമകളാണ് ഈ വർഷം ആരാധകരെ കാത്തിരിക്കുന്നത്. ധനുഷും വിഘ്‌നേഷ് രാജയും ഒന്നിക്കുന്ന 'കാരാ', സൂര്യയുടെ 'സൂര്യ 46' (സംവിധാനം വെങ്കി അറ്റ്‌ലൂരി), 'സൂര്യ 47' (സംവിധാനം ജിത്തു മാധവൻ) എന്നീ രണ്ട് ചിത്രങ്ങൾ, കാർത്തിയും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ആക്ഷൻ ഡ്രാമ 'മാർഷൽ', യോഗി ബാബുവിനെ നായകനാക്കി രവി മോഹൻ സംവിധാനം ചെയ്യുന്ന 'ആൻ ഓർഡിനറി മാൻ', കൂടാതെ രവി മോഹനും എസ്.ജെ. സൂര്യയും ഒന്നിക്കുന്ന പ്രൊഡക്ഷൻ No. 1 എന്നിങ്ങനെ ആക്ഷനും ഡ്രാമയും ക്രൈമും ഹ്യൂമറും നിറഞ്ഞ ഒരു വലിയ ലിസ്റ്റ് തന്നെയാണ്.

ഈ സിനിമകളെല്ലാം തിയറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സ് വഴി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും. 'തമിഴ് സിനിമകൾക്ക് ലോകമെമ്പാടും വലിയ ആരാധകരുണ്ട്. കഴിഞ്ഞ നാല് വർഷമായി പൊങ്കൽ സമയത്ത് ഞങ്ങൾ തമിഴ് സിനിമകളുടെ ലിസ്റ്റ് അനൗൺസ് ചെയ്യാറുണ്ട്. 'ഇഡലി കടൈ', 'ഡ്യൂഡ്' തുടങ്ങിയ സിനിമകൾക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്. വരും വർഷങ്ങളിലും മികച്ച കഥകൾ പ്രേക്ഷകരിലെത്തിക്കാൻ ഞങ്ങൾ ആവേശഭരിതരാണ്' -നെറ്റ്ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് വൈസ് പ്രസിഡന്റ് മോണിയ ഷെർഗിൽ പറഞ്ഞു.

ഈ വമ്പൻ ലിസ്റ്റിൽ സൂര്യയും മമിത ബൈജുവും ഒന്നിക്കുന്ന വെങ്കി അറ്റ്‌ലൂരി ചിത്രം (സൂര്യ 46), അർജുൻ സർജയുടെ 'AGS 28', രവി മോഹനും എസ്.ജെ. സൂര്യയും അർജുൻ അശോകനും ഒന്നിക്കുന്ന 'പ്രൊഡക്ഷൻ No. 1', വി.ജെ. സിദ്ധുവിന്റെ 'ദയങ്കരം', വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്ന 'ഗട്ട കുസ്തി 2', അഥർവ മുരളിയുടെ 'ഹൃദയം മുരളി', ധനുഷും രാജ്കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം, അഭിഷൻ ജീവിന്തും അനശ്വര രാജനും അഭിനയിക്കുന്ന 'വിത്ത് ലവ്', സൂര്യയും നസ്രിയയും നസ്‌ലിനും ഒന്നിക്കുന്ന ജിത്തു മാധവൻ ചിത്രം (സൂര്യ 47), എന്നീ സിനിമകളാണുള്ളത്. ചിത്രങ്ങളെല്ലാം തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും ലഭ്യമാകും. 

Tags:    
News Summary - Netflix Marks Pongal Tamil Cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.