നടന്മാർ സിനിമ നിർമിക്കരുതെന്ന ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങളെ തള്ളി നടൻ ഉണ്ണി മുകുന്ദൻ. അഭിനേതാക്കളുടെ സിനിമ നിർമിക്കാനുള്ള അവകാശത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഒരു തരത്തിലും എതിർക്കാൻ പാടില്ലെന്നാണ് താരത്തിന്റെ നിലപാട്. തന്റെ പണം കൊണ്ട് തനിക്കിഷ്ടമുള്ള സിനിമകൾ നിർമിക്കുമെന്നും അതിനെ ആരും ചോദ്യം ചെയ്യാതിരിക്കുന്നതാണ് മാന്യതയെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ 'ഗെറ്റ് സെറ്റ് ബേബി'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു ഇത്തരത്തിലുള്ള പ്രതികരണം.
നല്ല സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിച്ച് നിർമാതാവായ ആളാണ് ഞാൻ. എന്റെ പണം കൊണ്ട് എനിക്ക് ഇഷ്ടമുള്ള സിനിമ ചെയ്യും. അത് എന്റെ അവകാശമാണ്. ആ പണം കൊണ്ട് എന്ത് ചെയ്യുന്നുവെന്നത് ആരും ചോദിക്കേണ്ട ആവശ്യമില്ല. അതൊരു മാന്യതയുള്ള കാര്യമല്ല. സിനിമയുടെ ലാഭവും നഷ്ടവും മറ്റുള്ളവരോട് പോലും ചർച്ച ചെയ്യേണ്ടതില്ല. ഒരു നടനോട് സിനിമ നിർമിക്കാൻ പാടില്ലെന്ന് പറയുന്നത് ശരിയാണോ എന്നറിയില്ല. സിനിമ നിർമിക്കുന്ന ഓരോ താരത്തിനും അതിന് അവകാശമുണ്ട്.
അഭിനേതാക്കൾ സിനിമ ചെയ്യരുതെന്ന് എവിടെയും എഴുതി വെച്ചിട്ടില്ല. സിനിമയോടുള്ള താൽപര്യം കൊണ്ട് പല മേഖലകളിൽ നിന്നും ജോലി രാജിവച്ച് സിനിമ നിർമിക്കുന്നവരുണ്ട്. ഞാൻ പോലും സിനിമ പഠിച്ചിട്ട് സിനിമ നടനായ ആളല്ല, സിനിമയുടെ പിന്നണിയിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് പോലും എനിക്കറിയില്ലായിരുന്നു. ജീവിതാനുഭവങ്ങൾ കൊണ്ടാണ് അതൊക്കെ പഠിക്കേണ്ടത്. ഞാൻ അധികം പ്രതിഫലം വാങ്ങാറില്ല. അഞ്ച് വർഷത്തോളമായി തന്റെ നിർമാണ കമ്പനിയിലാണ് ഞാൻ ജോലി ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു.
നടിമാർക്ക് വലിയ പ്രതിഫലമൊന്നും ലഭിക്കുന്നില്ലെന്നും ഇനിയും അത് കുറച്ചാൽ ഒന്നുമുണ്ടാകില്ലെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത നിഖില വിമൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.