മസ്‌കത്തിലെ സിനിമാ പ്രവർത്തകരോടൊപ്പം സംവിധായകൻ എം.എ. നിഷാദ്

മാർക്കോ പോലുള്ള സിനിമകളാണ് സമൂഹത്തിലെ മൂല്യച്യുതികൾക്ക് കാരണം -എം.എ. നിഷാദ്

മസ്കത്ത്: കലാകാരന്മാർക്ക് വിലക്കേർപ്പെടുത്തുന്നത് കലയോടും കലാകാരനോടും ചെയ്യുന്ന ക്രൂരതയാണെന്നും വിലക്കുകൾ സിനിമക്ക് ദോഷം ചെയ്യുമെന്നും എഴുത്തുകാരനും നടനും സംവിധായകനും നിർമാതാവുമായ എം.എ. നിഷാദ്. തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് ലൊക്കേഷനും നടീനടന്മാരെയും തേടി മസ്‌കത്തിലെത്തിയ അദ്ദേഹം ആർ.ജെ ഇൻസ്റ്റിറ്റ്യൂട്ടിൽ മസ്‌കത്തിലെ സിനിമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു. കലാകാരന്റെ ആത്മാവിഷ്കാരത്തിനു വിലക്കിടുന്നത് പ്രതിഭയെ ഹനിക്കുമെന്നും കലാകാരനെ ആരും വിലക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസികളാണ് മറ്റേതൊരു മേഖലയെയും പോലെ സിനിമകളെയും താങ്ങിനിർത്തുന്നത്. പ്രവാസ ഭൂമി ഇപ്പോഴും സിനിമക്ക് വളക്കൂറുള്ള മണ്ണാണ്. ഇനിയും ഒരുപാട് കലാകാരന്മാർ പ്രവാസഭൂമിയിൽ നിന്നും വരും.ലോകത്താകെ ഏഴു കഥകളാണുള്ളത്. അവയെ മാറ്റിയും മറിച്ചും ചെയ്യുന്നതാണ് മറ്റു സിനിമകൾ. തിരക്കഥയും താരനിർണയവുമാണ് സിനിമയുടെ ഏറ്റവും കാതലായ വശങ്ങൾ. ഇവയിൽ സൂക്ഷ്മത പുലർത്താത്തതാണ് പല സിനിമകളും പരാജയപ്പെടുന്നതിനു കാരണം.

മാർക്കോ പോലുള്ള സിനിമകളാണ് സമൂഹത്തിലെ മൂല്യച്യുതികൾക്ക് കാരണമെന്നും വളർന്നു വരുന്ന സാമൂഹിക അരാജകത്വത്തിനും അക്രമങ്ങൾക്കും ഇത്തരം സിനിമകൾ ഒരു വലിയ പങ്കുവഹിക്കുന്നുണ്ടെന്നും നിഷാദ് പറഞ്ഞു. കുടുംബ പ്രേക്ഷകർ എന്ന് ടിവിക്കു മുന്നിൽ നിന്നും തിയേറ്ററുകളിലേക്ക് എത്തുന്നുവോ അന്ന് മാത്രമേ മലയാള സിനിമ രക്ഷപ്പെടുകയുള്ളൂ എന്നും നിഷാദ് പറഞ്ഞു.

ജയകുമാർ വള്ളിക്കാവ്, കബീർ യൂസുഫ്, തൗഫീഖ്, ഇന്ദു ബാബുരാജ്, ശ്രീവിദ്യ, റഹൂഫിയ, പിയ പവാനി, അജി ഹരിപ്പാട്, അരുൺ കുമാർ മേലേതിൽ, ജാഫർ പി.സി, നിമ്മി ഷിനോദ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Movies like Marco is the major reason behind social devaluations M.A. Nishad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.