17 വർഷത്തിന് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു; മഹേഷ് നാരായണൻ ചിത്രത്തിന്‍റെ പേര് നാളെ അറിയാം

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്‍റെ ടീസർ നാളെ എത്തും. കുഞ്ചാക്കോ ബോബൻ, നയൻതാര, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. പാട്രിയറ്റ് എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ യഥാർഥ പേര് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ ടീസർ നാളെ ഉച്ചക്ക് 12 മണിക്ക് പുറത്തു വരും.

17 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാട്രിയറ്റിനുണ്ട്. ട്വന്‍റി-ട്വന്‍റി എന്ന ചിത്രത്തിലാണ് പ്രധാന കഥാപാത്രങ്ങളായി അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഒരു ദശാബ്ദത്തിനു ശേഷം നയൻതാരയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2016ൽ പുറത്തിറങ്ങിയ പുതിയ നിയമം എന്ന ചിത്രമാണ് നയൻതാരയും മമ്മൂട്ടിയും ഒന്നിച്ച അവസാന ചിത്രം. ഭാസ്‌കർ ദി റാസ്‌കൽ (2015), രാപ്പകൽ (2005), തസ്‌കര വീരൻ (2005) തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു.

സിനിമയുടെ ആദ്യ ഷെഡ്യൂൾ ആരംഭിച്ചത് ശ്രീലങ്കയിലാണ്. പിന്നീട് ഷാർജ, അസർബൈജാൻ എന്നിവിടങ്ങളിൽ ചിത്രീകരിച്ച് നാലാമത്തെ ഷെഡ്യൂളിനായി ടീം വീണ്ടും ശ്രീലങ്കയിലെത്തി. ഇപ്പോൾ ഹൈദരാബാദ് ഷെഡ്യൂൾ ആരംഭിച്ചിട്ടുണ്ട്. ആന്റോ ജോസഫ്, സുബാഷ് സലിം എന്നിവരാണ് നിർമാതാക്കൾ. ബോളിവുഡിലെ പ്രശസ്ത ഛായാ​ഗ്രഹകൻ മനുഷ് നന്ദനാണ് കാമറ ചലിപ്പിക്കുന്നത്.

അതേസമയം, ആരോഗ്യ പ്രശ്നങ്ങളാൽ മമ്മൂട്ടി സിനിമയിൽ നിന്ന് ഏഴ് മാസത്തെ ഇടവേളയെടുത്തിരുന്നു. തിരികെ സെറ്റിലെത്തിയ താരത്തെ വലിയ ആവേശത്തോടെയാണ് അണിയറപ്രവർത്തകർ സ്വീകരിച്ചത്. 'സ്നേഹത്തിന്‍റെ പ്രാർഥനകൾക്ക് ഫലം കിട്ടും. ഓർത്തവർക്കും സ്നേഹിച്ചവർക്കും നന്ദി' -എന്നാണ് നടൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്.

വീണ്ടും സിനിമ ചിത്രീകരണത്തിലേക്ക് മടങ്ങുന്ന വിവരം മമ്മൂട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. 'ഒരു ചെറിയ ഇടവേളക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ ഞാൻ വീണ്ടും ആഗ്രഹിക്കുന്നു. എന്റെ അഭാവത്തിൽ എന്നെ അന്വേഷിച്ച എല്ലാവർക്കും നന്ദി പറയാൻ വാക്കുകൾ മതിയാവുന്നില്ല. കാമറ വിളിക്കുന്നു...' എന്ന പോസ്റ്റാണ് മമ്മൂട്ടി പങ്കുവെച്ചത്. 

Tags:    
News Summary - Mohanlal, Mammootty Mahesh Narayanan movie Teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.