'കൊൽക്കത്ത ദുർഗ പൂജക്കിടെ ഷൂട്ട്; അഞ്ച് ഗാനങ്ങളും മൂന്ന് ഫൈറ്റ് സീക്വൻസുകളും' -മോഹൻലാൽ ചിത്രത്തെക്കുറിച്ച് അനൂപ് മേനോൻ

നടൻ അനൂപ് മേനോൻ സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ആ പദ്ധതി നിർത്തിവെച്ചിരിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ആ വാദത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് അനൂപ് മോനോൻ. തന്റെ സംവിധാന സംരംഭം ഉപേക്ഷിച്ചിട്ടില്ലെന്നും അടുത്ത വർഷം മാത്രമേ പദ്ധതി നടക്കൂ എന്നും അനൂപ് മേനോൻ വ്യക്തമാക്കി.

ചിത്രത്തിനായി കൂടുതൽ സമയം ആവശ്യമാണ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനൂപ് മേനോൻ. 'അത് അടുത്ത വർഷം മാത്രമേ സംഭവിക്കൂ. ഒന്നാമതായി, നിർമാണം മാറി. പിന്നെ, കൊൽക്കത്ത ദുർഗ്ഗാ പൂജക്കിടെ സിനിമയുടെ ഒരു പ്രധാന സീക്വൻസ് ചിത്രീകരിക്കേണ്ടതുണ്ട്. അടുത്ത വർഷം മാത്രമേ അത് സാധ്യമാകൂ' -അനൂപ് മേനോൻ പറഞ്ഞു.

20 ദിവസത്തെ ഫെസ്റ്റിവൽ ഷൂട്ട് പ്ലാൻ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇതൊരു ആക്ഷൻ ചിത്രമായിരിക്കുമെന്നും അത് ആധികാരികമായി ചിത്രീകരിക്കാൻ താൻ ആഗ്രഹിച്ചുവെന്നും അതാണ് കാലതാമസത്തിന് കാരണമെന്നും അദ്ദേഹം വെളിപ്പെടുത്തി. അഞ്ച് ഗാനങ്ങളും മൂന്ന് ഫൈറ്റ് സീക്വൻസുകളുമുള്ള ഒരു ബിഗ് ബജറ്റ് ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. തിരക്കഥ ജോലികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു.

മോഹൻലാന്‍റെ ഏറ്റവും പുതിയ മലയാള ചിത്രമായ 'തുടരും' ബോക്സ് ഓഫിസിൽ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. തരുൺ മൂർത്തി സംവിധാനം ചെയ്ത ഈ ജനപ്രിയ ചിത്രം ഇപ്പോൾ ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രമാണ് ഇനി വരാനുള്ളത്. 2025 ഓണത്തിനാണ് ഹൃദയപൂർവ്വം റിലീസ്. ദിലീപ് നായകനാകുന്ന ഭാ ഭാ ബാ എന്ന ചിത്രത്തിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്.

Tags:    
News Summary - Mohanlal, Anoop Menon movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.