ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം മേപ്പടിയാന്

കൊച്ചി: ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാള ചിത്രം 'മേപ്പടിയാൻ' മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം നേടി. ഇന്ത്യൻ സിനിമാ വിഭാഗത്തിൽ നൂറോളം ചിത്രങ്ങളെ പിന്നിലാക്കിയാണ് മേപ്പടിയാൻ പുരസ്‌കാരം കരസ്ഥമാക്കിയത്. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത സിനിമ നിർമിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസാണ്.

കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് ചലച്ചിത്ര പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. ഉണ്ണി മുകുന്ദനും വിഷ്ണു മോഹനും ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ, ഡി.വി. സദാനന്ദ ഗൗഡ എം.പി, പി. രവി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാരദാനം.

വർക്ക് ഷോപ്പ് ജീവനക്കാരനായ ജയകൃഷ്ണൻ എന്ന നാട്ടിൻപുറത്തുകാരന്‍റെ കഥയാണ് മേപ്പടിയാന്‍ പറയുന്നത്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, അഞ്ജു കുര്യന്‍, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ് തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിലൂടെ പുരസ്‌കാരം സ്വീകരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മേപ്പടിയാന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരോടും ഈ അവസരത്തിൽ നന്ദി പറയുന്നതായും ഈ പുസ്കാരം ഒരു അഭിനേതാവും നിർമാതാവുമെന്ന നിലയിൽ തന്‍റെ ഉദ്ദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടു. ഇനിയും മികച്ച വിനോദചിത്രങ്ങളുമായി തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

അതേസമയം, കർണാടകയിൽ ബി.ജെ.പി നടപ്പാക്കികൊണ്ടിരിക്കുന്ന ഹിന്ദുത്വ അജണ്ടകളാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പുരസ്ക്കാരങ്ങളിലും പ്രതിഫലിക്കുന്നതെന്ന് നിരവധിപേർ കുറ്റപ്പെടുത്തി. നേരത്തെ സിനിമയിലൂടെ ഒളിച്ചുകടത്തുന്ന സംഘപരിവാറന്‍ അജണ്ടകളുടെ പേരിൽ കേരളത്തിൽ മേപ്പടിയാന് വ്യാപകമായ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

Tags:    
News Summary - 'Meppadiyan' won Best Picture at the Bengaluru International Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.