മലയാളിയായ രാജീവ് മേനോൻ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ'. 25 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിൽ ഒന്നാണിത്. മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത് കുമാർ, അബ്ബാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഗംഭീര സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇത്രയും വർഷങ്ങൾക്ക് ശേഷവും ചിത്രത്തിലെ മമ്മൂട്ടിയും ഐശ്വര്യ റായിയും ഒന്നിച്ചുള്ള പ്രണയ രംഗം പലപ്പോഴായി സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവാറുണ്ട്.
ചിത്രത്തിൽ എ.ആർ റഹ്മാന്‍റെ സംഗീതം കൂടിചേർന്നപ്പോൾ പ്രേക്ഷർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അടുത്തിടെ ചിത്രത്തിലെ 'ക്യാപ്റ്റൻ ബാലയായി' മമ്മൂട്ടിയെ കാസ്‌റ്റു ചെയ്യുന്നതിനെക്കുറിച്ചുള്ള ചില അനുഭവങ്ങളാണ് സംവിധായകൻ രാജീവ് മേനോൻ പങ്കിട്ടിരിക്കുന്നത്. സുധീർ ശ്രീനിവാസനുമായുള്ള സംഭാഷണത്തിനിടെയാണ് സംവിധായകൻ ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. 'ക്യാപ്റ്റൻ ബാല' എന്ന കഥപാത്രത്തിന് അനുയോജ്യമായ നായകനെ കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗം എന്ന് രാജീവ് പറഞ്ഞു.
ഒടുവിൽ മമ്മൂട്ടിയിലേക്ക് എത്തുകയായിരുന്നു. മലയാളത്തിന്‍റെ മെഗാ സ്റ്റാറിന് ഈ വേഷം വാഗ്ദാനം ചെയ്യുന്നതിന് മുമ്പ് നിരവധി 'പ്രമുഖ നടന്മാരെ' സമീപിച്ചിരുന്നുവെന്ന് സംവിധായകൻ വെളിപ്പെടുത്തി. 'ആ കഥാപാത്രത്തിന്റെ ഭംഗി എന്തെന്നാൽ അയാൾ ഒരു മദ്യപാനിയും ഒരു കാൽ നഷ്ടപ്പെട്ട ആർമി ഉദ്യോഗസ്ഥനും ആയിരുന്നു. എന്നാൽ അക്കാലത്ത് ചില മുൻനിര നടന്മാർ ആ വേഷം നിരസിച്ചു. ഒരു കാലുള്ള ഒരാളെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പരസ്യമായി പറഞ്ഞു. എന്നാൽ മമ്മൂട്ടി ഒരിക്കലും അതൊരു പോരായ്മയായി കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം അതിന് തയാറാവുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിൽ' ഐശ്വര്യ റായിയുടെ മീനാക്ഷി എന്ന കഥാപാത്രത്തോട് മേജർ ബാല എന്ന കഥാപാത്രത്തിന് നിശബ്ദവും പ്രകടിപ്പിക്കാത്തതുമായ ഒരു പ്രണയമുണ്ട്. ഈ സിനിമയുടെ സെറ്റുകളിൽ നിന്നുള്ള രസകരമായ ഒരു കഥയും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.
“മേജർ ബാലക്ക് യുദ്ധത്തിൽ വലതു കാൽ നഷ്ടപ്പെട്ടു. അതിനാൽ നടക്കുമ്പോൾ വലതുവശത്തേക്ക് ചാരി നിൽക്കണമെന്ന് മമ്മൂട്ടി തീരുമാനിച്ചു. എന്നാൽ ചിലപ്പോൾ ഷൂട്ടിങ്ങിനിടെ അദ്ദേഹം മറന്നുപോകും. ഒരു ദിവസം അദ്ദേഹം ഇടതുവശത്തേക്ക് ചാരി നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്റെ അസിസ്റ്റന്റ് ഡയറക്ടർക്ക് അത് ചൂണ്ടിക്കാണിക്കണോ വേണ്ടയോ എന്ന് ഉറപ്പില്ലായിരുന്നു. 'ഞാൻ വലത്തോട്ടാണോ ഇടത്തോട്ടാണോ ചാരി നിൽക്കേണ്ടത് എന്ന് അപ്പോൾ തന്നെ മമ്മൂട്ടി ചോദിച്ചു. അത് സെറ്റിലെ ഏറ്റവും രസകരമായ നിമിഷങ്ങളിൽ ഒന്നായി മാറിയെന്നും അദ്ദേഹം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.