മലയാളത്തിലെ ആദ്യത്തെ ഒ.ടി.ടി മിനി ഫീച്ചർ സിനിമ ‘പി.ഡബ്ള്യു.ഡി’ റിലീസായി

വിവാഹത്തിന് ശേഷം യു.കെയിലേക്ക് പോകാനായി, ഇന്ത്യൻ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയുന്ന ഡേവിസും ഐലീനും. പക്ഷേ വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വധു ആയ ഐലീൻ അവരുടെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു എക്സ്പയറി ഡേറ്റ് വേണമെന്ന ആവശ്യം മുന്നോട്ടു വെക്കുന്നു. കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നുമെങ്കിലും ഇന്ത്യൻ  കുടുംബ സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്ന ഒരു വിപ്ലവകരമായ ആശയം ആണ് പി.ഡബ്ള്യു.ഡി എന്ന ചിത്രം. 

കോൺവെർസേഷണൽ ഡിബേറ്റ് എന്ന മലയാളത്തിൽ അധികം പരിചയിച്ചിട്ടില്ലാത്ത ഒരു ഴോണറിലാണ് സിനിമ ചെയ്തിരിക്കുന്നത്. ഊട്ടിയിലെ മനോഹരമായ ഒരു ബംഗ്ലാവും അതിൻ്റെ പരിസരത്തുമാണ് കഥ നടക്കുന്നത്. ബ്രിട്ടീഷ് ഓസ്‌ട്രേലിയൻ സിനിമാറ്റോഗ്രാഫർ സൂസൻ ലംസഡൻ ആദ്യമായി ചെയുന്ന ഇന്ത്യൻ സിനിമ കൂടിയാണ് ഇത്. ചിത്രത്തിൻ്റെ പ്രധാന ആകർഷണവും കളർഫുൾ വിഷ്വൽസാണ്. ഐ ആം കാതലൻ, ജയ് മഹേന്ദ്രൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സിദ്ധാർത്ഥ പ്രദീപ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 

പി.ഡബ്ള്യു.ഡി സംസാരിക്കുന്ന വിഷയം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുമെന്ന് കരുതാൻ സാധിക്കില്ല. ചില സീനുകളിലെ സംഭാഷണങ്ങൾ ഹാസ്യാത്മകം ആണെങ്കിലും വളരെ കുറച്ചുപേരെ എങ്കിലും അത് അലോസരപ്പെടുത്താൻ സാധ്യതയുണ്ട്. പുതുമുഖം ആയ സുഹാസ് വിഷ്ണു അവതരിപ്പിച്ച ടോണി മത്തങ്ങാപറമ്പിൽ എന്ന കഥാപാത്രം വളരെ മികച്ച പ്രകടനം ആയിരുന്നു എന്ന സോഷ്യൽ മീഡിയയിൽ കമൻ്റുകൾ വരുന്നുണ്ടെങ്കിലും ആ കഥാപാത്രം മറ്റു ചിലരെ പ്രകോപനപരമായി അലോസരപ്പെടുത്തി എന്നും കമൻ്റുകളിൽ നിന്ന് മനസിലാക്കാം. സിനിമ, വിവാഹം, മൈഗ്രേഷൻ, മതം, അങ്ങനെ പലതിനെയും പരാമർശിച്ചും വിമർശിച്ചും ആണ് സിനിമ മുന്നേറുന്നതും അവസാനിക്കുന്നതും. 

ഒരു മണിക്കൂർ ദൈർഘ്യമാണ് ചിത്രത്തിനുള്ളത്. മലയാളത്തിലെ ആദ്യത്തെ ഒ.ടി.ടി മിനി ഫീച്ചർ സിനിമ കൂടിയാണ് പി. ഡബ്ള്യു. ഡി. ശ്യാം ശശിധരൻ്റെ പുതുമയുള്ള എഡിറ്റിങ് പാറ്റേൺ സിനിമയുടെ ഒഴുക്കിനെ വളരെ സഹായിക്കുന്നുണ്ട്. ഇന്ത്യൻ നാഷണൽ അവാർഡ് വിന്നർ ആയ സൗണ്ട് ഡിസൈനർ സിനോയ് ജോസഫ് വിന്യസിച്ചിരിക്കുന്ന സൗണ്ട് ഡിസൈനും മികച്ചതാണ്. കളറിങ് നിർവ്വഹിച്ചിരിക്കുന്നത് സ്റ്റേറ്റ് അവാർഡ് വിന്നർ ലിജു പ്രഭാകറാണ്. ചിത്രം സൈനപ്ലേയിൽ ലഭ്യമാണ്. അജയ് തുണ്ടത്തിലാണ് ചിത്രത്തിൻ്റെ പി.ആർ.ഒ

Full View


Tags:    
News Summary - Malayalam's first OTT mini-feature film 'PWD' released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.