1. മധുവിധു
ഷറഫുദ്ദീൻ നായകനായി നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രം ‘മധുവിധു’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. തിയറ്ററുകളിൽ ചിരി പടർത്തിയ ഈ ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മെയ് 22 മുതൽ സ്ട്രീമിങ് ആരംഭിക്കും.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച ഈ ചിത്രം കുടുംബബന്ധങ്ങളുടെയും പ്രണയത്തിന്റെയും പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം എന്ന പ്രത്യേകതയും മധുവിധുവിനുണ്ട്.
2. ഒരു ദുരൂഹ സാഹചര്യത്തിൽ
തിയറ്ററുകളിൽ ആകാംക്ഷ നിറച്ച കുഞ്ചാക്കോ ബോബൻ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഒ.ടി.ടിയിലേക്ക്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. മെയ് 13 മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നതെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും കുഞ്ചാക്കോ ബോബന്റെ ഉദയ പിക്ചേഴ്സും ചേർന്നാണ് നിർമിച്ചത്. ഏപ്രിൽ മാസത്തിൽ തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും കുഞ്ചാക്കോ ബോബന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു
3. സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ
രാജേഷ് മാധവനും ചിത്ര നായരും പ്രധാന വേഷങ്ങളിലെത്തിയ 'സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്ന ചിത്രം ഒടുവിൽ ഒ.ടി.ടിയിൽ എത്തുന്നു. തിയറ്റർ റിലീസിന് ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം ഡിജിറ്റൽ സ്ട്രീമിങിന് തയാറെടുക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രം മെയ് 19 മുതൽ സൈന പ്ലേ വഴി പ്രേക്ഷകർക്ക് മുന്നിലെത്തും.
കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിലെ ശ്രദ്ധേയരായ രണ്ട് കഥാപാത്രങ്ങളെ വെച്ച് ഒരുക്കിയ ഒരു സ്പിൻ-ഓഫ് ചിത്രമാണിത്. സുരേഷും സുമലതയും തമ്മിലുള്ള തീവ്രമായ പ്രണയവും അതിനിടയിൽ സുമലതയുടെ അച്ഛനായ സുധാകരൻ നായരിൽ നിന്നും നേരിടേണ്ടി വരുന്ന എതിർപ്പുകളുമാണ് സിനിമയുടെ ഇതിവൃത്തം. ജാതിയും സാമൂഹിക പദവിയും പ്രണയത്തിന് തടസ്സമാകുമ്പോൾ, നാടകപ്രേമിയായ അമ്മായിയപ്പനെ കയ്യിലെടുക്കാൻ സുരേഷൻ നടത്തുന്ന രസകരമായ ശ്രമങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.
4. ഡർബി
സോഷ്യൽ മീഡിയയിലെ യുവ താര നിരയെ അണിനിരത്തി സജിൽ മമ്പാട്ട് സംവിധാനം ചെയ്ത ചിത്രം ഡർബി ഒ.ടി.ടിയിൽ. മലബാറിലെ ഒരു കാമ്പസ് പശ്ചാത്തലത്തിൽ നടക്കുന്ന കഥയെ ആസ്‌പദമാക്കി ഒരുങ്ങിയ ചിത്രത്തിൽ ഇന്നത്തെ യുവത്വത്തിന്റെ പ്രണയവും സൗഹൃദവും പിണക്കവും ഇണക്കവും ഒക്കെ ഒരു കംപ്ലീറ്റ് എന്റർടൈനറായി സജിൽ മമ്പാട്ട് അവതരിപ്പിക്കുന്നു. ഗോപി സുന്ദർ ഒരുക്കിയ മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിൽ കൂടുതൽ ശ്രദ്ധ നേടിയിരുന്നു. ഡർബിയുടെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജനാണ്. ആമസോണ്‍ പ്രൈം വിഡിയോ, മനോരമ മാക്സ് എന്നിവയിലൂടെയാണ് ചിത്രത്തിന്റെ സ്‍ട്രീമിങ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.