വിവാഹ ബന്ധങ്ങളിൽ അപൂർവം; ആമിറുമായുള്ള ജീവിതം ഇങ്ങനെയായിരുന്നു; കിരൺ റാവു
വിവാഹ ജീവിതത്തിൽ ആമിർ ഖാനുമായി വലിയ വഴക്കുകൾ ഉണ്ടായിട്ടില്ലെന്ന് സംവിധായക കിരൺ റാവു. പരസ്പരം ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുന്നുണ്ടെന്നും അതാണ് തങ്ങളുടെ ബന്ധത്തിന്റെ കാതൽ എന്നും സംവിധായിക പറഞ്ഞു. കിരൺ റാവു സംവിധാനം ചെയ്യുന്ന 'ലാപ്താ ലേഡീസ്' എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'ദാമ്പത്യ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് വിവാഹിതരായ മിക്ക ആളുകളും പറയാറുണ്ട്. അത് ശരിയാണ്. ഞാനും അത്തരത്തിലുള്ള വെല്ലുവിളികളിലൂടെ കടന്നു പോയിട്ടുണ്ട്. എന്നാൽ ഞാനും ആമിറും തമ്മിൽ വലിയ വഴക്കുകൾ നടന്നിട്ടില്ല. ഇത് വളരെ അപൂർവമാണ്. പക്ഷെ ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും വലിയ വഴക്കിൽ എത്തിയിട്ടില്ല.
ഞങ്ങൾ പരസ്പരം മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ബന്ധം ഇങ്ങനെയാണ്, അത് ബഹുമാനത്തോടെ അംഗീകരിക്കുന്നു.എന്നാൽ അഹങ്കരിക്കുന്നില്ല. അതാണ് ഞങ്ങളുടെ വിവാഹത്തിന്റെ കാതൽ. ദാമ്പത്യ ജീവിതത്തിൽ ഒരുപാട് ആളുകൾ നേരിട്ട പ്രശ്നങ്ങളൊന്നും ഞങ്ങളുടെ ബന്ധത്തിൽ ഇല്ലായിരുന്നു. ഉയർച്ച താഴ്ചകളിൽ പിന്തുണച്ച് ഞങ്ങൾ ഒപ്പം നിന്നു'- കിരൺ പറഞ്ഞു.
2010-ൽ പുറത്തിറങ്ങിയ 'ധോഭി ഘട്ടിന്'ശേഷം കിരൺ റാവു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലാപത ലേഡീസ്'. മാർച്ച് ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത് . നിതാൻഷി ഗോയൽ, പ്രതിഭ രൻത്ര, സ്പർശ് ശ്രീവാസ്തവ, ഛായ കദം എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.
നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ ഖാന്‍ കിരണ്‍ റാവുവിനെ വിവാഹം കഴിക്കുന്നത്. 2021 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. സിനിമാ ലോകത്ത് ഏറെ ചർച്ചയായ വിവാഹമോചനമായിരുന്നു ഇത്. ആസാദ് റാവു ഖാനാണ് ഇവരുടെ മകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.