'ദക്ഷിണേന്ത്യന്‍ സിനിമയിലെ നിർമാതാക്കള്‍ ഭാഗ്യം പരീക്ഷിക്കാന്‍ തയാറാണ്'; 'ഭ്രമയുഗം' അവിശ്വസനീയമെന്ന് കിരണ്‍ റാവു

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത സിനിമ 'ഭ്രമയുഗം' ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് സംവിധായിക കിരണ്‍ റാവു ഭ്രമയുഗത്തെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ധോബി ഘാട്ട്, ലാപട്ടാ ലേഡീസ് എന്നി ചിത്രങ്ങൾ മാത്രം മതി കിരൺ റാവു എന്ന സംവിധായികയെ തിരിച്ചറിയാൻ. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് കിരണ്‍ റാവു നൽകിയ അഭിമുഖത്തിലാണ് 'ഭ്രമയുഗം' ചിത്രത്തെക്കുറിച്ച് പരാമർശിച്ചത്.

ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിലെ വ്യത്യസ്തതയെക്കുറിച്ച് സംസാരിക്കുമ്പോൾ മമ്മൂട്ടി നായകനായ ഭ്രമയു​ഗമാണ് കിരൺ റാവു ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. കേരളത്തിലെ ഐതിഹ്യങ്ങളും നാടോടിക്കഥകളും ഉപയോ​ഗിച്ച് അവിശ്വസനീയമാംവിധം ആർട്ടിസ്റ്റിക്കലായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ ആശയമാണിതെന്നും കിരൺ റാവു അഭിപ്രായപ്പെട്ടു.

സിനിമകള്‍ക്കായി ദക്ഷിണേന്ത്യയിലെ സംവിധായകര്‍ തിരഞ്ഞെടുക്കുന്ന കഥകള്‍ വളരെ ബോള്‍ഡാണ്. ഇതുതന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. മലയാളത്തില്‍ ഇറങ്ങുന്ന ഹൊറര്‍ സിനിമകളില്‍ പോലും ഇക്കാര്യം പ്രകടമാണ്. ചെറിയ വ്യവസായ മേഖലയാണെങ്കിലും ദക്ഷിണേന്ത്യന്‍ സിനിമയിലെ നിർമാതാക്കള്‍ ഭാഗ്യം പരീക്ഷിക്കാന്‍ തയാറാണ്. അവര്‍ക്ക് സ്വന്തം പ്രേക്ഷകരെ അറിയാം. സ്വന്തം സംസ്‌കാരം, ഭാഷ, സമൂഹം എന്നിവയെ പരിപാലിക്കുന്ന ചെറിയ വ്യവസായ മേഖലയാണിത് എന്ന ബോധ്യത്തില്‍ നിന്നാണ് അവര്‍ക്ക് ഈ ധൈര്യം കിട്ടുന്നത്. നിമാതാക്കള്‍ അവരുടെ പ്രേക്ഷകരെ നന്നായി മനസിലാക്കുന്നു എന്നത് അവിശ്വസനീയമായ കാര്യമാണെന്നും കിരൺ റാവു പറഞ്ഞു.

ബോളിവുഡ് വളരെ വലിയ ഇന്‍ഡസ്ട്രിയാണ്. വിശാലമായ പ്രേക്ഷകരിലേക്കാണ് തങ്ങളുടെ സിനിമ എത്തിക്കേണ്ടതെന്ന് ഇവിടത്തെ ചലച്ചിത്രകാരന്മാര്‍ ഓര്‍ക്കണം. വിജയിക്കുമെന്ന് ഉറപ്പുള്ള എന്തെങ്കിലും ചെയ്യണമെന്ന് നിര്‍മാതാക്കള്‍ ആഗ്രഹിക്കുമ്പോഴാണ് അതിനോടകം വിജയിച്ച മറ്റു ഭാഷാ ചിത്രങ്ങളുടെ റീമേക്കുകളിലേക്ക് അവര്‍ പോകുന്നത് - കിരണ്‍ റാവു കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - kiran rao about bramayugam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.